പ്രതിരോധ നടപടികൾ പാളി; ഞീഴൂരിൽ ആഫ്രിക്കൻ ഒച്ചിന്റെ തേർവാഴ്ച
Mail This Article
ഞീഴൂർ ∙ ഞീഴൂരിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വ്യാപകമാകുന്നു. പഞ്ചായത്ത് പതിനാലാം വാർഡ് ഞീഴൂർ ടൗൺ പ്രദേശത്താണ് ഒച്ച് ശല്യം രൂക്ഷമായിരുന്നത്. പ്രതിരോധ നടപടികൾ ഇല്ലാതായതോടെ സമീപ വാർഡായ മൂന്നാം വാർഡിലേക്കും ഒച്ച് ശല്യം വ്യാപിച്ചു. ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ പഞ്ചായത്ത് മുപ്പതിനായിരം രൂപ അനുവദിച്ചിരുന്നു.
ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് കൃഷി വകുപ്പ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ അര കിലോമീറ്റർ ചുറ്റളവിൽ കോപ്പർ സൾഫേറ്റ് ( തുരിശ്) സ്പ്രേ ചെയ്യുന്ന പ്രവർത്തനം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. പിന്നീട് ഇതും നിലച്ചു എന്നാണ് നാട്ടുകാരുടെ പരാതി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ടൗണിലെ ഓടകളിലും റോഡരികുകളിലും ഒച്ച് ശല്യം വ്യാപകമാണ്.
മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിന് ( മെനിഞ്ചൈറ്റിസ് ) കാരണം ആവുകയും നാട്ടിൽ കൃഷി ചെയ്യുന്ന ഒട്ടുമിക്ക വിളകളുടെയും ഇല തിന്നു നശിപ്പിക്കുകയും ചെയ്യും. ഇവയുടെ നിയന്ത്രണത്തിന് ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ പഞ്ചായത്തിന്റെ മറ്റ് വാർഡുകളിലേക്കും ഇവ വ്യാപിക്കുമോയെന്നാണ് നാട്ടുകാരുടെ ഭീതി. കഴിഞ്ഞ വർഷവും പ്രദേശത്ത് രൂക്ഷമായ ഒച്ച് ശല്യം ഉണ്ടായിരുന്നു.
പ്രതിഷേധവുമായി നാട്ടുകാർ
ഞീഴൂർ ∙ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ പഞ്ചായത്ത് പണം അനുവദിച്ചെങ്കിലും നടപടികൾ സ്വീകരിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. ഒരു പഞ്ചായത്തംഗത്തിന്റെ വാഹനവും ഉപകരണങ്ങളുമാണ് കോപ്പർ സൾഫേറ്റ് സ്പ്രേ ചെയ്യുന്നതിന് ഉപയോഗിച്ചത്. പണം പഞ്ചായത്തിൽ നിന്നും ലഭിക്കാത്തതിനാൽ കൃഷി വകുപ്പ് പിന്നീട് നടപടികൾ ഒന്നും സ്വീകരിച്ചില്ല.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local