മഴ, കാറ്റ്, വ്യാപക നാശം
Mail This Article
ചങ്ങനാശേരി ∙ ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞു വീണതിനെത്തുടർന്ന് മണിക്കൂറുകളോളം റോഡുകളിൽ ഗതാഗതക്കുരുക്ക്. കടപുഴകി വീണ മരത്തിനിടയിൽ കുടുങ്ങിയ ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങി.
∙ എംസി റോഡിൽ തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിക്കു സമീപം വൈകിട്ട് നാലരയോടെ മരം കടപുഴകി റോഡിലേക്ക് വീണു. റോഡിലൂടെ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ മുകളിലേക്കാണ് മരം വീണത്. ഓട്ടോ ഡ്രൈവർ തുരുത്തി കാവിത്താഴെ അമ്മാന്തുരുത്തി ആഗസ്തി ജോസഫ് (ടോമിച്ചൻ –60) അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോയുടെ മുകൾഭാഗം പൂർണമായി തകർന്നു. തുരുത്തി യൂദാപുരം പള്ളിയിലെ ശുശ്രൂഷകനാണ് ടോമിച്ചൻ. ചങ്ങനാശേരിയിലെ സ്റ്റാൻഡിൽ നിന്ന് ഓട്ടം അവസാനിപ്പിച്ച് പള്ളിയിലേക്ക് പോകുന്നതിനായി തുരുത്തിയിലേക്ക് വരുമ്പോഴാണ് അപകടം. മരച്ചില്ലകൾ വീഴുന്നത് കണ്ടതോടെ ഓട്ടോ നിർത്തി പുറത്തിറങ്ങി മാറുകയായിരുന്നു. പിന്നാലെ എത്തിയ കെഎസ്ആർടിസി ബസും ബ്രേക്കിട്ട് നിർത്തിയതോടെ വൻ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂറോളം നീണ്ട അധ്വാനത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റി എംസി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
∙ ബൈപാസിൽ എകെഎം സ്കൂളിനു സമീപത്തും ഇന്നലെ വൈകിട്ട് മരച്ചില്ലകൾ ഒടിഞ്ഞു വീണു. സ്കൂളിൽ നിന്ന് കുട്ടികളുമായി വീട്ടിലേക്കു മടങ്ങിയ സതീഷ് വലിയവീടൻ സഞ്ചരിച്ച കാറിലേക്കു മരച്ചില്ലകൾ വീണു. കാറിന്റെ മുൻവശത്ത് കേടുപാട് സംഭവിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. മരച്ചില്ലകൾ വീണതോടെ റോഡിൽ ഗതാഗതക്കുരുക്കുണ്ടായി.
∙ ചെത്തിപ്പുഴക്കടവ് ഭാഗത്ത് 11 കെവി ലൈനിലേക്ക് മരം ഒടിഞ്ഞു വീണു. 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. 11 കെവി ലൈനിലേക്ക് വീണു കിടക്കുന്ന മരം രാത്രി വൈകിയും മുറിച്ചു മാറ്റാൻ കഴിഞ്ഞിട്ടില്ല. കെഎസ്ഇബി ജീവനക്കാരുടെ നേതൃത്വത്തിൽ രാത്രിയിലും അറ്റകുറ്റപ്പണികൾ തുടർന്നു. 2 ട്രാൻസ്ഫോമർ പരിധിയിൽ ഒഴികെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്.