കോട്ടയത്തെ അടുക്കളകളിലേക്ക് നേരിട്ട് പാചകവാതകമെത്തും; പ്രയോജനങ്ങൾ ഇവ..
Mail This Article
കോട്ടയം ∙ പൈപ്പിലൂടെ പ്രകൃതിവാതകം (പൈപ്ഡ് നാച്വറൽ ഗ്യാസ് - പിഎൻജി) അടുക്കളയിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തുടക്കമായി. 6 മാസത്തിനകം കോട്ടയം നഗരസഭയിൽ പദ്ധതി പൂർത്തിയാക്കും. അതു കഴിഞ്ഞാലുടൻ പാലാ, ഏറ്റുമാനൂർ, ചങ്ങനാശേരി, ഈരാറ്റുപേട്ട നഗരസഭകളിലേക്കു പദ്ധതിയെത്തും. പത്തനംതിട്ടയിലെ പദ്ധതി തിരുവല്ലയിൽ നിന്നാരംഭിക്കും. ഇതിനു സമാന്തരമായി ഇടുക്കിയിലും പദ്ധതി പ്രവർത്തനങ്ങൾക്കു തുടക്കമിടാനാണ് ആലോചന. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകൾ കയറിയുള്ള സർവേയും ബുക്കിങ്ങും ആരംഭിച്ചു.
ഷോല ഗ്യാസ്കോ കമ്പനിയാണു 3 ജില്ലകളിലും വിതരണം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ 24 മണിക്കൂറും അടുക്കളയിൽ പ്രകൃതിവാതകം ലഭ്യമാകും. കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റിൽനിന്നു പൈപ്‌ലൈൻ വഴിയാകും വാതകമെത്തിക്കുക. ആ ലൈൻ പൂർത്തിയാകുന്നതുവരെ കളമശേരിയിലെ പ്ലാന്റിൽനിന്നു വാഹനത്തിലെത്തിച്ചു ജില്ലയിലെ സ്‌റ്റേഷനിൽ ശേഖരിക്കുകയും പ്രാദേശിക പൈപ്‌ലൈനുകൾ വഴി വീടുകളിലെത്തിക്കുകയും ചെയ്യും. വാതകം സൂക്ഷിക്കാനുള്ള ടാങ്ക് സ്ഥാപിക്കാൻ നാട്ടകത്തും എംസി റോഡരികിലും ഒന്നര ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
സിറ്റി ഗ്യാസ്: പ്രയോജനമെന്ത്?
സിലിണ്ടർ മാറ്റുകയോ ബുക്ക് ചെയ്യുകയോ വേണ്ട എന്നതാണു പദ്ധതി നടപ്പായാൽ ഉപഭോക്താവിനു ലഭിക്കുന്ന മെച്ചം. ഉപയോഗത്തിനനുസരിച്ചു രണ്ടു മാസത്തിലൊരിക്കൽ പണമടച്ചാൽ മതി. എൽപിജിയെക്കാൾ വില കുറവാണ്. അടുക്കളയിൽ മീറ്റർ സ്ഥാപിച്ചാകും ഉപയോഗം അളക്കുക. വീടിനകത്തു ഗ്യാസ് സിലിണ്ടർ സൂക്ഷിക്കാത്തതിനാൽ അപകടസാധ്യതയും കുറവാണ്.