ചെന്നൈ വന്ദേഭാരതിന്റെ വരവോടെ പ്രതീക്ഷയേറുന്നു; ടെർമിനൽ സ്റ്റേഷൻ പദവിയുടെ തൊട്ടടുത്ത് കോട്ടയം
Mail This Article
കോട്ടയം ∙ ടെർമിനൽ സ്റ്റേഷൻ എന്ന കോട്ടയത്തിന്റെ സ്വപ്നത്തിലേക്ക് ഒരു വന്ദേഭാരത്. ചെന്നൈ–കോട്ടയം വന്ദേഭാരത് എക്സ്പ്രസ് സർവീസിനു ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തതോടെ ടെർമിനൽ സ്റ്റേഷനായി മാറാനുള്ള കോട്ടയത്തിന്റെ സാധ്യതകൾ സജീവമായി. ഇരട്ടപ്പാത നവീകരണ ഭാഗമായി കൂടുതൽ പ്ലാറ്റ്ഫോമുകൾ വന്ന കോട്ടയം റെയിൽവേ സ്റ്റേഷനെ ട്രെയിനുകൾ ആരംഭിക്കുന്ന ടെർമിനൽ സ്റ്റേഷനായി ഉയർത്തണമെന്ന ആവശ്യം നേരത്തെയുണ്ട്. നിലവിൽ പാസഞ്ചർ ട്രെയിൻ രൂപം മാറിയ കോട്ടയം– നിലമ്പൂർ എക്സ്പ്രസ് മാത്രമാണു കോട്ടയത്തു നിന്നാരംഭിക്കുന്ന എക്സ്പ്രസ് ട്രെയിൻ.
∙ സുസ്വാഗതം വന്ദേഭാരത്
എട്ട് കാറുകളുള്ള റേക്ക് ഉപയോഗിച്ചു വന്ദേഭാരത് സർവീസ് നടത്താനാണു റെയിൽവേ ശുപാർശ. ട്രെയിൻ വൃത്തിയാക്കൽ, വെള്ളം നിറയ്ക്കൽ എന്നിവയാണു കോട്ടയം സ്റ്റേഷനിൽ നടത്തേണ്ടത്. അറ്റകുറ്റപ്പണി ചെന്നൈയിൽ നടത്തും. കോട്ടയത്തെ 3,4 പ്ലാറ്റ്ഫോമുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. രണ്ടര മണിക്കൂർ കൊണ്ടു ട്രെയിൻ വൃത്തിയാക്കി വെള്ളം നിറയ്ക്കാൻ കോട്ടയത്തെ ഇപ്പോഴുള്ള സംവിധാനങ്ങൾ വഴി സാധിക്കും. 1 എ, 5 പ്ലാറ്റ്ഫോമുകളിൽകൂടി വെള്ളം നിറയ്ക്കാൻ പൈപ്പ് ലൈൻ സ്ഥാപിച്ചാൽ കൂടുതൽ ട്രെയിനുകൾ ആരംഭിക്കാൻ സഹായമാകും. കോട്ടയത്തെ 1 എ പ്ലാറ്റ്ഫോമിലും വന്ദേഭാരത് നിർത്തിയിടാം.
∙ 9 മണിക്കൂർ
ഇപ്പോഴുള്ള എക്സ്പ്രസ് ട്രെയിൻ സമയം: 13:45 മണിക്കൂർ വന്ദേഭാരത് എക്സ്പ്രസിന്റെ ശുപാർശ ചെയ്ത സമയം: 9 മണിക്കൂർ ശുപാർശ ചെയ്തിട്ടുള്ള ദിവസങ്ങൾ ഡിസംബർ 1 മുതൽ 2024 ജനുവരി 29 വരെ സ്പെഷൽ സർവീസ്.
∙ വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് ഉച്ചയ്ക്കു 2നു പുറപ്പെട്ടു രാത്രി 11നു കോട്ടയത്ത് എത്തും.
∙ ശനി, തിങ്കൾ ദിവസങ്ങളിൽ കോട്ടയത്തുനിന്നു വെളുപ്പിനെ 4നു പുറപ്പെട്ട് ഉച്ചയ്ക്കു 1നു ചെന്നൈയിൽ എത്തും.