ഭീതിയൊഴിയാതെ ശരണപാത: മുണ്ടക്കയം– എരുമേലി റൂട്ടിൽ അപകടങ്ങൾ നിത്യസംഭവം
Mail This Article
മുണ്ടക്കയം ∙ അയ്യപ്പ ദർശനം മനസ്സിൽ കണ്ടുള്ള യാത്രയിൽ മുണ്ടക്കയം – എരുമേലി ശബരിമല പാതയിൽ കണ്ണിമല ‘എസ്’ വളവിൽ ഒരു 10 വയസ്സുകാരിയുടെ ജീവശ്വാസത്തിനു വിധി സഡൻ ബ്രേക്ക് നൽകിയ ദിനമായിരുന്നു കഴിഞ്ഞ വർഷം ഡിസംബർ 16. ചെന്നൈ താംബരം സ്വദേശി സംഘമിത്ര എന്ന ബാലികയുടെ പേരിനൊപ്പം മരണ ലിസ്റ്റിൽ ഇനി ഒരു പേര് ചേർക്കരുത് എന്ന ലക്ഷ്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏറെ നടത്തി. പക്ഷേ, ഇൗ റൂട്ടിൽ ഇന്നലെയും അപകടം ഉണ്ടായി. വളവും ഇറക്കവും നിറഞ്ഞ ഇൗ വഴിയിൽ നടന്ന അപകടങ്ങളുടെ എല്ലാം ആകെ തുക അമിത വേഗം തന്നെ. അത് നിയന്ത്രിക്കാൻ ഇനിയും സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നാണ് ആവശ്യം.
ഒരു ഐഡിയ ഉണ്ട്
പുലിക്കുന്ന് കഴിഞ്ഞ് അപകട സാധ്യതാ മേഖല തുടങ്ങും മുൻപ് റോഡിന്റെ വശത്ത് മുള മരങ്ങൾ തണൽ വിടർത്തി നിൽക്കുന്ന ഒരു സ്ഥലം ഉണ്ട്. ഇവിടെ വാഹനങ്ങൾ നിർത്തി തീർഥാടകർക്ക് വിശ്രമിക്കാൻ സ്ഥലം ഒരുക്കിയാൽ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. ദീർഘദൂരം വാഹനം ഓടിച്ച് എത്തുന്ന ഡ്രൈവർമാർക്ക് ഉറക്കവും ക്ഷീണവും ഒഴിവാക്കാൻ ഇൗ വിശ്രമ കേന്ദ്രത്തിന് കഴിയും. പക്ഷേ, ഇപ്പോൾ ഇവിടെ എത്തിയാൽ വാഹനം നിർത്താൻ തോന്നില്ല. കാരണം മാലിന്യം തള്ളുന്ന കേന്ദ്രമായി ഇവിടെ മാറി. മുളയുടെ മുള്ളിൽ തൂങ്ങിയാടുന്ന നാപ്കിനുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ അങ്ങനെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ് ഇവിടം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ വൃത്തിയാക്കി. തീർഥാടകർക്ക് വിശ്രമ കേന്ദ്രം ഒരുക്കിയാൽ നാട്ടുകാർക്ക് ഇവിടം ഒരു കച്ചവട കേന്ദ്രമായും മാറ്റാൻ കഴിയും.
ആവർത്തിച്ച് അപകടങ്ങൾ
ഇന്നലെ രാവിലെ പുലിക്കുന്ന് പൂച്ചവാലക്കടയുടെ സമീപമാണ് ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വഴിയരികിലെ വീടിനു മുൻപിലെ മതിലിൽ ഇടിച്ചത്. കർണാടക സ്വദേശികളായ നാല് തീർഥാടകർ നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനം ഭാഗികമായും മതിൽ പൂർണമായും തകർന്നു. മുണ്ടക്കയം മുതൽ എരുമേലി വരെയുള്ള ഭാഗത്ത് കരിനിലം കവല മുതൽ തുടങ്ങുകയാണ് അപകട സ്ഥലങ്ങളുടെ നീണ്ട നിര. വലിയ വളവുകളും ഇറക്കങ്ങളും നിറഞ്ഞ റോഡിൽ ഇതര സംസ്ഥാന തീർഥാടകർ അമിത വേഗത്തിലാണ് പായുന്നത്. അമരാവതി ഇറക്കം, പുലിക്കുന്ന്, മഠം പടി, ബാങ്ക് പടി തുടങ്ങിയ സ്ഥലങ്ങളിൽ മുൻ വർഷവും നിരവധി അപകടങ്ങൾ ഉണ്ടായി. തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കുമളി വഴി എത്തുന്ന തീർഥാടകർ എരുമേലിയിൽ പേട്ട തുള്ളലിന് എത്തുന്നവരാണ് ഇതുവഴി വരുന്നത്. നേരെ പമ്പയിലേക്കുള്ള തീർഥാടകർ കോരുത്തോട് റൂട്ടിൽ പോകും.
എന്തിനും സജ്ജം
കണ്ണിമല വളവിനു സമീപം അപകട മുന്നറിയിപ്പ് നൽകുന്ന ചുവപ്പ് ലൈറ്റ് പ്രകാശിക്കുന്നില്ല എങ്കിലും. ഇക്കുറി ഇവിടെ പൊലീസ് ക്യാംപിന് ഒപ്പം ഒരു ആംബുലൻസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ രാത്രി കാലങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് വേഗം കുറച്ച് ഇറക്കി വിടുകയായിരുന്നു പതിവ്. വീണ്ടും അപകടം ആവർത്തിച്ചതോടെയാണ് ആംബുലൻസ് സേവനവും ഏർപ്പെടുത്തിയത്.