ഓരുങ്കൽക്കടവിൽ പടിക്കെട്ട് പണി തുടങ്ങി
Mail This Article
എരുമേലി ∙ ശബരിമല തീർഥാടകർ കുളിക്കുന്ന ഓരുങ്കൽക്കടവിലെ തകർന്ന കുളിക്കടവിലെ പടിക്കെട്ടുകളുടെ നിർമാണം ആരംഭിച്ചു. 16.94 ലക്ഷം രൂപ ചെലവഴിച്ചാണ് 3 ഭാഗങ്ങളിലെ നവീകരണം നടത്തുന്നത്. മേജർ ഇറിഗേഷൻ വകുപ്പിനാണ് നവീകരണച്ചുമതല. 2021 ലെ വെള്ളപ്പൊക്കത്തിലാണ് ഓരുങ്കൽക്കടവിലെ പടിക്കെട്ടുകളും കുളിക്കടവും ലൈറ്റുകളും അടക്കം ഒഴുകിപ്പോയത്. ഇവിടെ ഉണ്ടായിരുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടവും തകർന്നു പോയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ താൽക്കാലിക സൗകര്യങ്ങൾ സജ്ജമാക്കിയാണു തീർഥാടകർ ഇവിടത്തെ കടവുകൾ ഉപയോഗിച്ചത്. ഇത്തവണ മകര വിളക്ക് തീർഥാടനത്തിനു മുൻപു നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പടിക്കെട്ടുകളുടെ നിർമാണം അശാസ്ത്രീയം
അശാസ്ത്രീയ നിർമാണം മൂലം മണിമലയാറിന്റെ ഒഴുക്ക് തടസ്സപ്പെടുമെന്ന് ആശങ്ക. ആറിൽ ജലം ഒഴുകാനുള്ള തടസ്സം മൂലമാണ് വെള്ളപ്പൊക്ക സമയത്ത് പടിക്കെട്ടുകൾ ഒഴുകിപ്പോയത്. അന്നത്തെ നിർമാണരീതിയിൽ തന്നെയാണ് ഓരുങ്കൽക്കടവിലെ വീണ്ടും ആറ്റിലേക്ക് ഇറക്കി പടിക്കെട്ടുകൾ സ്ഥാപിക്കുന്നതെന്നാണ് ആരോപണം.
തീർഥാടകർക്ക് കുളിരേകി അയ്യനോലി
ശബരിമല പാതയിൽ തീർഥാടകർക്ക് കുളിരായി അയ്യനോലി വെള്ളച്ചാട്ടം. മുട്ടപ്പള്ളിക്കും പാണപിലാവിനും ഇടയിൽ ആണ് അയ്യനോലി വെള്ളച്ചാട്ടം. മഴക്കാലത്ത് പതഞ്ഞൊഴുകി കുത്തി ഒഴുകുന്ന വെള്ളച്ചാട്ടം മഴ കുറഞ്ഞാൽ മെലിഞ്ഞുണങ്ങും. ശബരിമല തീർഥാടകർ വെള്ളം ശേഖരിക്കാനും കുളിക്കാനും വിശ്രമിക്കാനും ഇവിടെ വാഹനങ്ങൾ നിർത്തി ഇറങ്ങുന്നുണ്ട്. വാർഡ് അംഗം എം.എസ്. സതീഷ് ഇടപെട്ട് 2 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൽക്കെട്ട് നിർമാണം നടത്തിയിരുന്നു.