ADVERTISEMENT

എരുമേലി∙ സർക്കാർ ആശുപത്രികളിൽ എക്സ്റേ സൗകര്യമില്ല, കാലിലൂടെ കാർ കയറി പരുക്കേറ്റ തീർഥാടകനുമായി നെട്ടോട്ടം. എരുമേലി കുടുംബാരോഗ്യകേന്ദ്രത്തിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എക്സ്റേ ഇല്ലാതെ വന്നതോടെ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചാണ് എക്സ്റേ എടുത്തത്. പേട്ടതുള്ളൽ പാതയിൽ പഞ്ചായത്തു ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. തൃശൂർ സ്വദേശിക്കാണു പരുക്കേറ്റത്. പേട്ടതുള്ളൽ സംഘത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാലുതെറ്റി വീണപ്പോൾ തീർഥാടകർ സഞ്ചരിച്ച കാർ കയറുകയായിരുന്നു.

നീരും വേദനയും കാരണമാണു ഡോക്ടർ എക്സ്റേ നിർദേശിച്ചത്. എരുമേലി സർക്കാർ ആശുപത്രിയിൽ എക്സ്റേ സൗകര്യം നിലവിലില്ല. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ നവംബർ 5 മുതൽ എക്സ്റേ മെഷീൻ തകരാറിലാണ്. 23 വർഷമായ മെഷീനാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഇതോടെ ഇവിടെ എക്സ്റേ എടുക്കാൻ എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കുകയാണ്.

കഴിഞ്ഞ മാസപൂജ സമയത്ത് എരുത്വാപ്പുഴ ഇറക്കത്തിൽ ഉണ്ടായ ബസ് അപകടത്തിൽ പരുക്കേറ്റ 15 തീർഥാടകരെ എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും സർക്കാർ ആശുപത്രികളിൽ എക്സ്റേ സൗകര്യം ഇല്ലാത്തതിനാൽ എക്സ്റേ എടുക്കുന്നതിനുവേണ്ടി മാത്രം കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചിരുന്നു. പതിനായിരക്കണക്കിനു തീർഥാടകർ എത്തുന്ന എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും ലഭ്യമല്ലെന്നും പരാതിയുണ്ട്. എല്ലാ തീർഥാടന കാലത്തും അപകടങ്ങൾ പതിവാണ്. എന്നിട്ടും സർക്കാർ ആശുപത്രിയിൽ എക്സ്റേ സൗകര്യം പോലും സജ്ജമാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

പരിസര മലിനീകരണം സൃഷ്ടിക്കുന്നു
എരുമേലി നഗരത്തിലും കണമലയിലും പരിമിതമായ സൗകര്യങ്ങളിൽ ഡോൽ (ചെണ്ട) വിൽപനക്കാരായ ഇതര സംസ്ഥാനക്കാർ തമ്പടിച്ചതു പരിസര മലിനീകരണത്തിനു കാരണമാകുന്നതായി പരാതി. എരുമേലി – കാഞ്ഞിരപ്പള്ളി റോഡിനു സമീപവും കണമല ജംക്‌ഷനിലുമാണു നൂറ് കണക്കിനു കുടുംബങ്ങൾ തമ്പടിച്ചിട്ടുള്ളത്.  വേണ്ടത്ര ശുചിമുറികളോ താമസ സൗകര്യമോ ഇല്ലാതെ കടമുറികളിലും കടത്തിണ്ണകളിലും പുറമ്പോക്കിമാണ് ഇവർ കുടുംബമായി കഴിയുന്നത്.

ഭക്ഷണം പാകം ചെയ്യുന്നതും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതുമെല്ലാം റോഡിലും പുറമ്പോക്കിലുമാണ്. ഇതുമൂലം പരിസര മലിനീകരണം രൂക്ഷമാണ്. വേണ്ടത്ര ശുചിമുറി സൗകര്യമില്ലാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി കുടുംബങ്ങൾക്കു മുറികൾ വാടകയ്ക്കു നൽകുന്നവർക്ക് എതിരെ നടപടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എരുമേലിയിൽ ഒരാൾക്ക് നോട്ടിസ് നൽകി. കണമലയിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര അറിയിച്ചു.

നീരുറവ മലിനമാക്കുന്നു
കാൽനടയായി യാത്ര ചെയ്യുന്ന ശബരിമല തീർഥാടകർ ദാഹം അകറ്റുന്ന മുക്കടയിലെ നീരുറവയുടെ പരിസരങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിൽ റോഡ് അരികിലുള്ള വനത്തിലാണ് വരൾച്ചയിലും വറ്റാത്ത നീരുറവ ഉളളത്. പാറയുടെ ഇടയിൽ നിന്നാണ് ഉറവ ഉള്ളത്. ഉറവയിലെ ജലം ചെറിയ ഓലി പോലെ കെട്ടി സംരക്ഷിച്ചാണു ഉപയോഗിക്കുന്നത്. വേനൽ കാലത്തു വാഹന യാത്രികർക്കും തീർഥാടകർക്കും നാട്ടുകാർക്കും ഈ നീരുറവ വലിയ അനുഗ്രഹമായിരുന്നു.

എന്നാൽ ഇപ്പോൾ വാഹനങ്ങൾ കഴുകാനും വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും ഈ ഉറവയിലെ വെളളം ഉപയോഗിക്കുകയാണു ചിലർ. ഇതുകൂടാതെ വാഹനങ്ങളിൽ എത്തുന്നവർ ഈ നീരുറവയ്ക്കു സമീപം മാലിന്യങ്ങളും തള്ളുന്നു.  പരിസര മലിനീകരണം മൂലം തീർഥാടകർക്കും നാട്ടുകാർക്കും ഈ ഉറവയിലെ ജലം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com