സ്കൂളിൽ പോകാൻ പോലും മടിച്ച് അച്ഛനെ രോഗക്കിടക്കയിൽ പരിചരിക്കുന്ന രണ്ടാം ക്ലാസ്സുകാരി അക്ഷര
Mail This Article
പാമ്പാടി ∙ അച്ഛന്റെ രോഗക്കിടക്കയാണ് രണ്ടു വർഷമായി അക്ഷരയുടെ വിദ്യാലയം. കാൻസർ ഗുരുതരമായ അച്ഛൻ വി.എ.സുരേഷിനെ (44) ഒരു നിമിഷം പോലും വിട്ടുപിരിയാൻ മനസ്സ് അനുവദിക്കാത്ത രണ്ടാം ക്ലാസുകാരി അക്ഷര (8) സ്കൂളിൽപ്പോലും പോകുന്നില്ല. നിർബന്ധിച്ചാലും അച്ഛനെ വിട്ട് മകൾ പോകില്ല. നെടുംകുന്നം വെള്ളാപ്പള്ളി സുരേഷ്-സുനിത ദമ്പതികൾക്ക് മകളെ സ്കൂളിൽ അയയ്ക്കാനുള്ള കഴിവുമില്ല. പാമ്പാടി താലൂക്ക് ആശുപത്രിയിൽ കോത്തല എൻഎസ്എസ് സ്കൂളിലെ ‘നല്ലപാഠം’ പ്രവർത്തകർ സജ്ജമാക്കിയ അക്ഷരക്കൂട് ലൈബ്രറിയിൽ നിന്ന് അക്ഷര കൂടെക്കൂടെ പുസ്തകമെടുത്ത് വായിക്കുകയും അമ്മയെക്കൊണ്ട് വായിപ്പിച്ചു കേൾക്കുകയും ചെയ്യും. ഒരു കൊച്ചുകുട്ടി ഇങ്ങനെ തുടരെ പുസ്തകങ്ങൾ എടുക്കുന്നതു കണ്ടവർ കോത്തല എൻഎസ്എസ് സ്കൂളിലെ നല്ലപാഠം കോഓർഡിനേറ്റർമാരായ ഭാഗ്യലക്ഷ്മി വിജയൻ, തുളസീകൃഷ്ണൻ എന്നിവരെയാണു വിവരം അറിയിച്ചത്.
ചുമട്ടു തൊഴിലാളിയായിരുന്ന സുരേഷിന് 2 വർഷം മുൻപാണു തൊണ്ടയ്ക്ക് കാൻസർ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നാലാം ഘട്ടം പിന്നിട്ടിരുന്നു. സുരേഷിന്റെ വരുമാനത്തിലാണു കുടുംബം മുന്നോട്ടു പോയിരുന്നത്. സുരേഷ് കിടപ്പിലായതോടെ കുടുംബവും വീണു. ചികിത്സയ്ക്കായി സുരേഷ് പോയപ്പോൾ സുനിതയും കൂടെപ്പോയി. അങ്ങനെ അക്ഷരയും പല ദിവസവും ആശുപത്രിയിലായി താമസം. ക്ലാസ് മുടങ്ങി. അക്ഷരയാണ് അച്ഛനു മരുന്നുകൾ എടുത്ത് നൽകുന്നത്. സംസാരിക്കാൻ ബുദ്ധിമുട്ടായതോടെ സുരേഷ് എഴുതിക്കാണിക്കും. അവൾ േവണ്ടത് എടുത്തു നൽകും. അക്ഷരയ്ക്ക് ഒരു ചേട്ടനുണ്ട്, ആകാശ്. പ്ലസ്ടു പഠനം കഴിഞ്ഞ ആകാശ് വെൽഡിങ് ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. സുനിതയുടെ കൂട്ടുകാരികൾ കൂലിപ്പണി ചെയ്യുന്നതിൽ നിന്നു മിച്ചം പിടിക്കുന്ന ഒരു വിഹിതവും ചികിത്സക്കായി ചെലവിടുന്നു. സുരേഷ് ഇപ്പോൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ആശുപത്രിയിൽ അച്ഛന്റെ രോഗക്കിടക്കയ്ക്കു സമീപം പുസ്തകം വായിക്കുന്ന അക്ഷരയെ കാണാം. ചികിത്സയ്ക്കായി പണം കണ്ടെത്തണോ, അക്ഷരയെ പഠിപ്പിച്ച് മിടുക്കിയാക്കണോ ? ഉത്തരം ഒരു സങ്കടച്ചിരിയിൽ അലിയിക്കുകയാണ് ഈ കുടുംബം.