ശബരിമല വിമാനത്താവള സ്വപ്നങ്ങൾക്ക് അനുവദിച്ചു 1.85 കോടി രൂപ
Mail This Article
എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് 1.85 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ അനുവദിച്ചത്. സാധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖ തയാറാക്കുന്നതടക്കമുള്ള നടപടികൾക്കാണു തുക അനുവദിച്ചതെന്നു ബജറ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 2.01 കോടി രൂപയായിരുന്നു. വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിർത്തി നിർണയം പൂർത്തിയായി. ഏറ്റെടുക്കുന്ന നിർമാണങ്ങളുടെ മൂല്യനിർണയമാണ് ഇപ്പോൾ നടക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാർ ഉത്തരവ് ഇറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ഇനി പ്രാഥമിക 11(1) നോട്ടിഫിക്കേഷൻ ഇറങ്ങും. ഇതോടെയാണ് ഏറ്റെടുക്കപ്പെടുന്ന വസ്തുവിനു നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുക.
‘വെള്ളം ഒഴുകാത്ത’ ചില പ്രഖ്യാപനങ്ങൾ: മുൻ ബജറ്റുകളിൽ പണം അനുവദിച്ചിട്ടും മുന്നോട്ടു പോകാത്ത പദ്ധതികൾക്ക് വീണ്ടും തുക
∙ എരുമേലി മാസ്റ്റർ പ്ലാൻ: ടോക്കൺ– 100 രൂപ
കഴിഞ്ഞ വർഷം 10 കോടി രൂപയാണ് എരുമേലി മാസ്റ്റർ പ്ലാനിന് അനുവദിച്ചത്. ശബരിമലയുടെ കവാടം, നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം എന്നിവ പരിഗണിച്ചു നഗരത്തിനു ചുറ്റും റിങ് റോഡുകൾ, നഗര പരിസരങ്ങളിലെ റോഡുകളുടെ വികസനം, കാര്യക്ഷമമായ മാലിന്യസംസ്കരണം തുടങ്ങിയവയായിരുന്നു മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം. തുക അനുവദിച്ചതല്ലാതെ നടപടികൾ ഉണ്ടായില്ല. ഇത്തവണ ബജറ്റിൽ മാസ്റ്റർ പ്ലാനിന് ടോക്കണായി 100 രൂപ ഉൾപ്പെടുത്തി.
∙ മാർമല ജലവൈദ്യുത പദ്ധതി– 2 കോടി
7 മെഗാവാട്ട് ജല വൈദ്യുത പദ്ധതിക്കാണ് ഈ ബജറ്റിൽ 2 കോടി രൂപ അനുവദിച്ചത്. വർഷങ്ങളായി ബജറ്റിൽ തുക വകയിരുത്തുന്ന പദ്ധതി ഇതുവരെ യാഥാർഥ്യമായിട്ടില്ല. മാർമല അരുവിക്കു സമീപം മിനി അണക്കെട്ട് നിർമിച്ചു ജലവൈദ്യുത പദ്ധതി നിർമിക്കുകയാണു ലക്ഷ്യം. മുൻകാലങ്ങളിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നും ഇതിനായി സ്ഥലം ഉടമകളുമായി ധാരണയിൽ എത്തിയെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
∙ അരുണാപുരം റെഗുലേറ്റർ കം ബ്രിജ് – 3 കോടി
കഴിഞ്ഞ ബജറ്റിലും പദ്ധതിക്ക് ഇതേ തുക തന്നെ അനുവദിച്ചു. ഒരു നടപടിയും ഉണ്ടായില്ല. ജലക്ഷാമം പരിഹരിക്കുന്നതിനൊപ്പം അരുണാപുരത്ത് ഇരു കരകളെയും ബന്ധിപ്പിക്കുന്ന പാലം കൂടി ഉൾപ്പെടുന്നതാണു പദ്ധതി.
∙ ആലപ്പുഴ– കോട്ടയം ജില്ലകളിലെ വിവിധ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനം– 57 കോടി. കഴിഞ്ഞ ബജറ്റിൽ വിവിധ പദ്ധതികളിൽ നിന്നായി 108 കോടി രൂപയാണു പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിനായി പടിഞ്ഞാറൻ മേഖലയ്ക്ക് അനുവദിച്ചത്. എന്നാൽ, നടപടികൾ ഉണ്ടായില്ല.