നാടിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ചങ്ങനാശേരിക്ക് 72 കോടി രൂപ
Mail This Article
ചങ്ങനാശേരി ∙ നാടിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ 72 കോടി രൂപ. വിനോദസഞ്ചാരം, പൈതൃകം, വിദ്യാഭ്യാസ മേഖല, റോഡുകൾ – പാലങ്ങൾ, വിവിധ സർക്കാർ ഓഫിസ് കെട്ടിടങ്ങൾ എന്നിവയുടെ വികസനത്തിനും നിർമാണ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന ബജറ്റിൽ 72 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പൈതൃകം
നൂറു വർഷം പഴക്കമുള്ള ചങ്ങനാശേരി മാർക്കറ്റിന്റെ പൈതൃകവും പാരമ്പര്യവും പ്രൗഢിയോടെ നിലനിർത്തുന്നതിനും സംരക്ഷിക്കാനും പഴയ പ്രൗഢി ചോരാതെ നവീകരിക്കാനും 3 കോടി രൂപ. കോഴിക്കോട് മിഠായി തെരുവ് മാതൃകയിലാകും പദ്ധതി പൂർത്തിയാക്കുക.
വിദ്യാഭ്യാസം
പായിപ്പാട് വാഴപ്പള്ളി പഞ്ചായത്തുകളിലെ മുസ്‌ലിം ഗവ. എൽപി, നാലുകോടി യുപി, പറാൽ വിവേകാനന്ദ എൽപി സ്കൂളുകൾക്കും മണ്ഡലത്തിലെ വിവിധ അങ്കണവാടികളുടെ നവീകരണത്തിനുമായി 10.5 കോടി രൂപ.
ഐടിഐ
പട്ടിക ജാതി വകുപ്പ് ഐടിഐ, വനിതാ ഐടിഐ നിർമാണത്തിന് 8 കോടി രൂപ.
റോഡുകൾ
വിവിധ റോഡുകളുടെ നവീകരണത്തിനായി 7.5 കോടി രൂപ. ഇതിൽ പറാൽ - കുമരങ്കേരി റോഡ് നവീകരണത്തിനു മാത്രം 10 കോടി അനുവദിച്ചു. നവകേരള സദസ്സിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആസ്മ പാലം
വാഴപ്പള്ളി പഞ്ചായത്തിലെ ആസ്മ പാലം നിർമാണത്തിന് 9 കോടി രൂപ.
ടൂറിസം
വിവിധ ടൂറിസം പദ്ധതികൾക്കായി 2 കോടി രൂപ.
കെട്ടിടങ്ങൾ, നവീകരണം
വിവിധ സർക്കാർ ഓഫിസ് കെട്ടിടങ്ങൾ നിർമിക്കുന്നതിന് 25 കോടി രൂപ വകയിരുത്തി. കോടതികളുടെ നവീകരണത്തിനായി 8 കോടി രൂപ, വാഴപ്പള്ളി പഞ്ചായത്തിന്റെ നവീകരണത്തിനും പുതിയ കെട്ടിടത്തിനുമായി 9 കോടി രൂപ. അഗ്നിരക്ഷാസേനാ വിഭാഗത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനും ട്രെയിനിങ് സെന്ററിനുമായി 5 കോടി രൂപ.