ADVERTISEMENT

കറുകച്ചാൽ ∙ വൈകുന്നേരമാകുന്നതോടെ പഞ്ചായത്ത് ബസ് സ്റ്റാൻഡ് മദ്യപരുടെ പിടിയിൽ. മദ്യപർ തല്ലുകൂടുന്നതും അസഭ്യം പറയുന്നതും പതിവായി. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ബസ് കാത്തിരിപ്പു കേന്ദ്രമാണ് ഇവരുടെ താവളം. മദ്യപർ ലക്കുകെട്ട് തലങ്ങും വിലങ്ങും കിടക്കുന്നതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് ബേയിലാണ് ബസ് കാത്തു നിൽക്കുന്നത്. ബസ് ബേ വഴി ‘ ആടി ’ വരുന്നവരെ പേടിച്ച് വനിതാ യാത്രക്കാർ മിക്കപ്പോഴും കടത്തിണ്ണകളിൽ അഭയം പ്രാപിക്കുകയാണ്.

പൊലീസ് എയ്ഡ്  പോസ്റ്റിൽ ആളില്ല
ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ പൊലീസ് സേവനം ലഭ്യമല്ലാതായതോടെ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണ്. പകൽ സമയത്തു പോലും തല്ലും വഴക്കും പതിവാണ്.

മദ്യശാല 4 എണ്ണം
കറുകച്ചാൽ പൊലീസ് സ്റ്റേഷന് നൂറു മീറ്റർ പരിധിയിൽ 4 മദ്യശാലകളാണുള്ളത്. ഇവിടെ ബഹളം പതിവാണെന്ന് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പറയുന്നു. ആശുപത്രി റോഡിന് സമീപത്തെ പറമ്പിലും ബംഗ്ലാംകുന്ന് റോഡിലും കെട്ടിടങ്ങൾക്കു പിന്നിലും കൂട്ട മദ്യപാനം പതിവാണ്. മദ്യശാലകൾക്ക് മുൻപിലെ തിരക്ക് റോഡിലേക്ക് നീളുന്നതോടെ ഇവിടങ്ങളിൽ വൈകുന്നേരങ്ങളിൽ ഗതാഗത തടസ്സം പതിവാണ്. ബവ്കോ ഷോപ്പിനു മുൻപിൽ വാക്കേറ്റവും തർക്കവും കയ്യാങ്കളിയും പതിവാണ്. കെട്ടിടങ്ങൾക്ക് പിന്നിലും റോഡരികിലുമെല്ലാം മദ്യപാനം നടക്കുന്നു.

ബസ് സ്റ്റാൻഡ് കവാടം കടക്കൽ ബാലികേറാമല
കാൽനട യാത്രക്കാർക്ക് തിരക്കേറിയ ബസ് സ്റ്റാൻഡ് കവാടം കുറുകെ കടക്കാൻ ഏറെ ബുദ്ധിമുട്ടാണ്. വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാർ ഏറെ നേരം കാത്തു നിൽക്കേണ്ടി വരുന്നു. വാഴൂർ – ചങ്ങനാശേരി റോഡിലൂടെ പോകുന്ന വാഹനങ്ങളും ബസ് സ്റ്റാൻഡിലേക്ക് കയറിയിറങ്ങുന്ന ബസുകളും കൂടി ചേരുമ്പോൾ കവാടം എപ്പോഴും തിരക്കിലും കുരുക്കിലുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com