തണ്ണീർമുക്കം ബണ്ട് ഷട്ടർ അടച്ചു: തോടുകളിലേക്കു പോളപ്രവാഹം
Mail This Article
കുമരകം ∙ കുമരകത്ത് വീണ്ടും പോളക്കാലം. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചതിനു ശേഷം തോടുകളിലേക്കു പോളപ്രവാഹം. കായലിന്റെ വിവിധ ഭാഗങ്ങളിൽ കിടക്കുന്ന പോള പടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ കിഴക്കൻ തീരത്ത് അടിയുകയും പിന്നീടങ്ങോട്ടു സമീപത്തെ തോടുകളിൽ കയറി നിറയുകയും ചെയ്യുന്നു. കായലിൽ നിന്നു പോള എത്തിയതോടെ ബോട്ട് ജെട്ടി തോട്ടിൽ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പോള നിറഞ്ഞു. വള്ളാറപ്പള്ളി പാലം മുതൽ ബോട്ട് ജെട്ടി പാലം വരെ ഉള്ള ഭാഗത്ത് പോള തിങ്ങി നിറഞ്ഞു കിടക്കുകയാണ്.
പോള നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവർക്കു വള്ളത്തിൽ തോട്ടിലൂടെ പോകാൻ ബുദ്ധിമുട്ടായി. തോട്ടിലേക്കു പോള കയറാതിരിക്കാൻ കായൽ ഭാഗത്ത് ഉണ്ടായിരുന്ന സംവിധാനങ്ങളെല്ലാം പോയതോടെയാണു പോളയുടെ തള്ളിക്കയറ്റം. ഒഴുക്കില്ലാത്തതിനാൽ പോള എങ്ങനെ മാറും എന്നതിൽ ആശങ്കയായി. കഴിഞ്ഞ വർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ കുറെ പോള വാരി മാറ്റിയിരുന്നു. പോള ശല്യം രൂക്ഷമാകുന്നതിനു മുൻപേ നിലവിലെ പോള നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.