നാട്ടകത്തെ എത്ര നല്ല നടക്കാത്ത സ്വപ്നം!; വില്ലേജ് ഓഫിസ് സംബന്ധിച്ച വാഗ്ദാനങ്ങൾ പാഴായി
Mail This Article
നാട്ടകം ∙ ‘പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള ഇടം, ശുചിമുറി, ശുദ്ധജലം, ജീവനക്കാർക്കു ഹാഫ് ഡോർ കാബിൻ, ഇ–ഫയലിങ് സംവിധാനം, പൊതുജനങ്ങൾക്ക് അപേക്ഷാഫോം പൂരിപ്പിക്കാൻ പ്രത്യേക ഇടം. കെട്ടിടത്തിന്റെ മുറ്റത്തു പൂന്തോട്ടം.’ നാട്ടകത്തെ വില്ലേജ് ഓഫിസ് ചൂണ്ടിക്കാട്ടി നാട്ടുകാർ പറയുന്നു: ഇത്രയും സ്മാർട്ടാകുമെന്നു ആരും കരുതിയില്ല.
പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൈതൃകമാക്കി മാറ്റി. ഇതോടൊപ്പം ഇതേ വളപ്പിൽ മറ്റൊരു കെട്ടിടവും ഓഫിസിനായി പണിതു. ജില്ലയിലെ സ്മാർട് വില്ലേജ് ഓഫിസുകൾ ഏകീകൃത രൂപത്തിലായിരിക്കുമെന്നു പ്രഖ്യാപിച്ച് അധികൃതർ വാഗ്ദാനം നൽകിയ സൗകര്യങ്ങളാണു മേൽ സൂചിപ്പിച്ചത്.
ഇപ്പോൾ കാടുകയറി ആൾക്കാർ കടന്നു ചെല്ലാൻ മടിക്കുന്ന രൂപത്തിലാണു പരിസരം. ഗാന്ധിജയന്തി ആഘോഷം ഉണ്ടായിരുന്നതിനാൽ വില്ലേജ് ഓഫിസിന്റെ മുൻഭാഗത്തെ കാട് വെട്ടിത്തെളിച്ചു. അന്നു രണ്ടു പാമ്പിനെ രക്ഷപ്പെടുത്തി വിട്ടു. അതിനുശേഷം മറ്റു പരിസര ശുചീകരണങ്ങൾ ഒന്നും നടന്നില്ല. സ്മാർട്ടിന്റെ പട്ടികയിൽ ഇല്ലെങ്കിലും പൈതൃക വില്ലേജ് ആയതിനാൽ സമാനമായ രീതിയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്.
പൈതൃകവും പാഴായി
ജില്ലയിലെ പഴക്കമുള്ള വില്ലേജ് ഓഫിസുകളിലൊന്നാണു നാട്ടകത്തേത്. പള്ളം കൊട്ടാരത്തിന്റെ വകയായിരുന്നു പഴയ കെട്ടിടം. അടിസ്ഥാന സൗകര്യങ്ങൾ കുറവ്. കെട്ടിടത്തിന്റെ പഴക്കം കണക്കിലെടുത്തു പൈതൃകത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി. പൈതൃകമെന്ന ബോർഡ് സ്ഥാപിച്ചതാണ് ഏക പരിഷ്കാരം. പക്ഷേ, പുരാവസ്തു വകുപ്പ് അറിഞ്ഞിട്ടേയില്ലെന്നാണ് ആക്ഷേപം. അതിനാൽ കെട്ടിടം നന്നാക്കുന്നതിനോ പരിപാലിക്കുന്നതിനോ പുരാവസ്തു വകുപ്പ് പണം അനുവദിച്ചിട്ടില്ല. റവന്യു വകുപ്പിൽനിന്നു കൂടുതൽ സാമ്പത്തിക സഹായവും ഇല്ല. റെക്കോർഡുകൾ സൂക്ഷിക്കുന്നതിനും ശുചിമുറി സൗകര്യത്തിനുമായിട്ടാണു പുതിയ കെട്ടിടം സമീപത്ത് പണിതത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പോലും നടത്താതെ ഉപയോഗത്തിനായി ഏറ്റെടുക്കുകയായിരുന്നു. ചുറ്റുമതിൽ കെട്ടി ഗേറ്റ് വച്ചതു മാത്രമാണ് അടിസ്ഥാന സൗകര്യം വികസനം.