ഏറ്റുമാനൂർ എക്സൈസ് ഓഫിസിനു മുന്നിൽ സ്വകാര്യ ബസുകളുടെ‘സ്വകാര്യ സ്റ്റോപ്’
Mail This Article
ഏറ്റുമാനൂർ∙ അതിരമ്പുഴ റോഡിൽ ഏറ്റുമാനൂർ എക്സൈസ് ഓഫിസിനു മുന്നിലെ കൃത്രിമ ബസ് സ്റ്റോപ് നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്നു. ബസുകൾ ഇവിടെ നിർത്താൻ പാടില്ലെന്നു കാട്ടി പൊലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡിനു മുന്നിൽ തന്നെ വാഹനം നിർത്തിയാണ് സ്വകാര്യ ബസുകളുടെ പരസ്യമായ നിയമ ലംഘനം. ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം 50 മീറ്റർ അകലെ കാടുകയറി നശിക്കുമ്പോഴാണ് നഗര ഹൃദയത്തിലെ സ്വകാര്യ ബസുകളുടെ കൃത്രിമ ബസ് സ്റ്റോപ്. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ നിന്നാരംഭിക്കുന്ന അതിരമ്പുഴ റോഡിന്റെ തുടക്കഭാഗത്തു വീതി കുറവാണ്. മറ്റൊരു വാഹനം എതിരെ വരുന്നത് പോലും കുരുക്കിനു കാരണമാകും. റോഡ് അരികിൽ അനധികൃത പാർക്കിങ്ങും, വഴിയോര കച്ചവടങ്ങളും ഉണ്ട്. ഇതിനിടയിലാണു സ്വകാര്യ ബസുകളുടെ അനധികൃത ബസ് സ്റ്റോപ്. ഒരേ സമയം രണ്ടും മൂന്നും ബസുകളാണ് കൃത്രിമ ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും. നേരത്തെ ഓടിയെത്തുന്ന ബസുകൾ സമയം ക്രമീകരണത്തിനായി 10 മിനിറ്റു വരെ ഇവിടെ പാർക്ക് ചെയ്യാറുണ്ടെന്ന് യാത്രക്കാർ പറയുന്നു.
ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. എംജി സർവകലാശാല, മെഡിക്കൽ കോളജ്, മാന്നാനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളാണ് കുരുക്കിൽപെടുന്നത്. അതിരമ്പുഴ റോഡിൽ ഉണ്ടാകുന്ന കുരുക്ക് മിനിറ്റുകൾ കൊണ്ട് സെൻട്രൽ ജംക്‌ഷനിലേക്കും ബാധിക്കും. ഇതോടെ നഗരം വലിയ ഗതാഗത കുരുക്കിലേക്ക് നീങ്ങും. കോട്ടയം മെഡിക്കൽ കോളജിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ആംബുലൻസ് കടന്നു പോകുന്നതും ഈ റൂട്ടിലൂടെയാണ്. ഏറ്റുമാനൂരിൽ അനുനിമിഷം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെങ്കിൽ അതിരമ്പുഴ റോഡിലെ അനധികൃത ബസ് സ്റ്റോപ് മാറ്റണമെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.
മുന്നറിയിപ്പ് ബോർഡിലുള്ളത്
തിരക്കേറിയ ഈ ഭാഗത്ത് ബസുകൾ ഇവിടെ നിർത്താൻ പാടില്ല. ബസുകൾ അലങ്കാർ തിയറ്ററിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിർത്തണം.
ഇവിടെ നിർത്തുന്ന ബസുകൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. യാത്രക്കാർ വെയ്റ്റിങ് ഷെഡിൽ കാത്തിരിക്കണം.
കാട് കയറിയ ബസ് കാത്തിരിപ്പുകേന്ദ്രം
വിശാലമായ ഇരിപ്പിടം, ഇരുമ്പിന്റെ സംരക്ഷണ വേലി, ഉന്നത നിലവാരമുള്ള മേൽക്കൂര എന്നിങ്ങനെ ആധുനിക നിലവാരത്തിലുള്ള കാത്തിരിപ്പു കേന്ദ്രമാണ് അതിരമ്പുഴ റോഡിൽ ഉള്ളത്. ഏറ്റുമാനൂർ നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനു ജില്ലാ പഞ്ചായത്ത് ഏറ്റുമാനൂർ ഡിവിഷൻ അംഗമായിരുന്ന ജോസ് മോൻ മുണ്ടയ്ക്കൽ ആണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. കൃത്രിമ ബസ് സ്റ്റോപ്പിൽ നിന്നു 50 മീറ്റർ മാറി പഴയ അലങ്കാർ തിയറ്ററിനു സമീപം വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഒരിക്കൽ പോലും ബസുകൾ എത്തിയിട്ടില്ല. ഇതോടെ യാത്രക്കാരും കാത്തിരിപ്പു കേന്ദ്രത്തെ മറന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതെ വന്നതോടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കാടു പിടിച്ച് നശിക്കുകയാണ്.