കോട്ടയം ജില്ലയിൽ ഇന്ന് (12-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്: ചീരംകുളം ∙ ഗവ: യുപി സ്കൂളിൽ ജൂനിയർ ഹിന്ദി ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 11.30 നു നടത്തും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി എത്തണം.
അഖില കേരള ഇന്റർ കോളജ് ഡിബേറ്റ് മത്സരം 26 ന്
ചങ്ങനാശേരി ∙ എസ്ബി കോളജ് മലയാളം ഡിബേറ്റ് ക്ലബ്ബും, കോളജ് യൂണിയനും ചേർന്നു സംഘടിപ്പിക്കുന്ന അഖില കേരള ഇന്റർ കോളജ് ഡിബേറ്റ് മത്സരം 26 ന് രാവിലെ 10 നു കാവുകാട്ട് ഹാളിൽ നടത്തും. പൂർവ വിദ്യാർഥിയും മുൻ ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് പി.ടി. ചാക്കോ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും നൽകും. ഒരു കോളജിൽ നിന്നു 2 വിദ്യാർഥികളടങ്ങിയ ഒരു ടീമിനു മത്സരിക്കാം. റജിസ്ട്രേഷൻ 24 വരെ. ഫോൺ: 7559890587, 7902609520
ആലോചനാ യോഗം ഇന്ന്
കുമരകം ∙ ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പ് സംബന്ധിച്ച ആലോചനാ യോഗം ഇന്ന് രാവിലെ 11ന് അഡീഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ ചേംബറിൽ ചേരും. പഞ്ചായത്ത്, ആരോഗ്യ വിഭാഗം, ഫയർ ഫോഴ്സ് ,ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, പൊലീസ്,കെഎസ്ഇബി, വില്ലേജ് ഓഫിസർ, ഭക്ഷ്യ സുരക്ഷാ വിഭാഗം, എക്സൈസ്, ഗതാഗത വകുപ്പ് എന്നിവയുടെ മേധാവികളും , ശ്രീകുമാരമംഗലം ദേവസ്വം ഭാരവാഹികളും പഞ്ചായത്ത് അംഗവും പങ്കെടുക്കും.15 മുതൽ 22 വരെയാണ് ഉത്സവാഘോഷം നടക്കുന്നത്.
കടകൾ തുറക്കും
എരുമേലി∙ നാളെ നടക്കുന്ന കടയടപ്പ് സമരത്തിൽ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ലെന്നും. കാഞ്ഞിരപ്പള്ളി ഏരിയയിൽ സമിതിയിൽ അംഗങ്ങളായവരുടെ കടകൾ തുറന്നു പ്രവർത്തിക്കുമെന്നും ഏരിയ സെക്രട്ടറി ഹരികുമാർ അറിയിച്ചു.
ലേലം ഇന്ന്
വൈക്കം ∙ ഉദയനാപുരം പഞ്ചായത്ത് വക നാനാടം മാർക്കറ്റിലെ ഷോപ്പിങ് കോംപ്ലക്സിലെ 3 കടമുറികൾ ഇന്നു 10ന് ഉദയനാപുരം പഞ്ചായത്ത് ഹാളിൽ ലേലം നടത്തും.
പാലാ നഗരസഭാ ബജറ്റ് ഇന്ന്
പാലാ ∙ നഗരസഭാ ബജറ്റ് ഇന്നു രാവിലെ 11.30ന് അവതരിപ്പിക്കും. ധനകാര്യ സ്ഥിരസമിതിയിൽ ബജറ്റ് പാസാകാതെ വന്നതിനെ തുടർന്ന് നഗരസഭാധ്യക്ഷൻ ഷാജു തുരുത്തൻ ബജറ്റ് അവതരിപ്പിക്കും.
സ്പോർട്സ് അക്കാദമി സിലക്‌ഷൻ 14ന്
കോട്ടയം ∙ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമി സ്കൂൾ, പ്ലസ് വൺ, കോളജ് സ്പോർട്സ് അക്കാദമികളിലേക്ക് 2024, 2025 അധ്യയന വർഷത്തേക്കുള്ള കായിക താരങ്ങളുടെ ജില്ലാ സിലക്ഷൻ (അത്‍ലറ്റിക്‌സ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ) 14ന് 8.30 ന് നെഹ്റു സ്റ്റേഡിയത്തിൽ നടത്തും. സ്കൂൾ തലത്തിൽ 7,8 ക്ലാസുകളിലേക്കും പ്ലസ്‍ വൺ, കോളജ് ക്ലാസുകളിലേക്കുമാണ് (നിലവിൽ 6, 7, 10, +2 ക്ലാസുകളിൽ പഠിക്കുന്നവർ). ദേശീയമത്സരത്തിൽ 1,2,3 സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. സിലക്ഷനിൽ പങ്കെടുക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റ് / ആധാർകാർഡ് എന്നിവയുടെ പകർപ്പ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് ഹെഡ്‌മാസ്റ്റർ / പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി യ സർട്ടിഫിക്കറ്റ്, സ്പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും എന്നിവ സഹിതം എത്തണം. ഫോൺ : 0481 2563825, 8547575248.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 15ന്
കോട്ടയം ∙ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 15നു നടക്കും. രാവിലെ 11നാണു തിരഞ്ഞെടുപ്പ്. മുന്നണി ധാരണയെ തുടർന്നു സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിയുള്ള 2 വർഷം കേരള കോൺഗ്രസ് എമ്മിനാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജോസ് പുത്തൻകാല, പി.എം.മാത്യു, രാജേഷ് വാളിപ്ലാക്കൽ, ജെസി ഷാജൻ എന്നിങ്ങനെ 5 അംഗങ്ങളാണ് കേരള കോൺഗ്രസ് എമ്മിനുള്ളത്. നിർമല ജിമ്മി ഒഴികെ ബാക്കി നാലു പേരിൽ ആരാകും എന്ന കാര്യത്തിൽ പാർട്ടിയിൽ ധാരണയെത്തിയിട്ടില്ല. 22 അംഗ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് 14ഉം യുഡിഎഫിന് 7ഉം ബിജെപിക്ക് ഒന്നും അംഗങ്ങളുണ്ട്.
ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൻ കോർട്ട് ഉദ്ഘാടനം നാളെ
മീനച്ചിൽ ∙ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെ.എം.മാണി മെമ്മോറിയൽ ഇൻഡോർ ഷട്ടിൽ ബാഡ്മിന്റൻ കോർട്ടിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 6നു വിളക്കുംമരുത് ഷട്ടിൽ കോർട്ടിൽ നടത്തും. 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ഷട്ടിൽ കോർട്ട് നിർമിച്ചിരിക്കുന്നത്. ജോസ് കെ.മാണി എംപി ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അധ്യക്ഷത വഹിക്കും. ഭരണങ്ങാനം ഡിവിഷനിലെ 4 പഞ്ചായത്തുകളിലും പ്രാദേശിക കളിസ്ഥലങ്ങൾ നിർമിക്കുമെന്നും 2 പഞ്ചായത്തുകളിൽ ഇതു പൂർത്തീകരിച്ചെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
ഒൻട്രപ്രനർഷിപ് ഫെസിലിറ്റേഷൻ ക്യാംപെയ്ൻ ഇന്ന്
കോട്ടയം ∙ വ്യവസായ വകുപ്പും മീനടം ഗ്രാമപ്പഞ്ചായത്തും ചേർന്ന് ഇന്നു 10 മുതൽ മീനടം പഞ്ചായത്ത് ഹാളിൽ ഒൻട്രപ്രനർഷിപ് ഫെസിലിറ്റേഷൻ ക്യാംപെയ്ൻ നടത്തും. വിവിധ സ്വയം തൊഴിൽ പദ്ധതികൾ, എങ്ങനെ ഒരു സംരംഭം വിജയകരമായി തുടങ്ങാം, ബാങ്ക് വായ്പ നടപടികൾ, ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ, കുറഞ്ഞ ചെലവിൽ തുടങ്ങാവുന്ന സംരംഭങ്ങൾ തുടങ്ങിയവ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കും.
കാർഷികമേള 14 മുതൽ
കടുത്തുരുത്തി ∙ ദേശീയ കർഷക ഫെഡറേഷൻ (ഡികെഎഫ്) ജില്ലാ ഘടകം മിനി സിവിൽ സ്റ്റേഷൻ കോംപ്ലക്സിൽ 14, 15 തീയതികളിൽ കാർഷികമേള സംഘടിപ്പിക്കും. കേരളത്തിലെ എല്ലാ കാർഷിക മേഖലകളിലും കൃഷിയുടെയും കർഷകരുടെയും അഭിവൃദ്ധിയും അവകാശ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷക പ്രസ്ഥാനമാണ് ഡികെഎഫ്. സവിശേഷമായ കാർഷികോൽപന്നങ്ങളുടെ പ്രദർശനവും വിപണനവും, കൃഷി പുസ്തകങ്ങൾക്കും കാർഷിക പ്രസിദ്ധീകരണങ്ങൾക്കും പ്രാമുഖ്യം നൽകുന്ന ബുക്ക് സ്റ്റാൾ, വ്യത്യസ്ത കാർഷിക വിഷയങ്ങളിൽ സെമിനാർ, മികച്ച സംരംഭകരെ പരിചയപ്പെടുത്തൽ തുടങ്ങിയവ മേളയുടെ പ്രത്യേകതയാണ്. 14നു രാവിലെ 10ന് മോൻസ് ജോസഫ് എംഎൽഎ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സജി പി.ഏബ്രഹാം അധ്യക്ഷത വഹിക്കും.
വൈദ്യുതി മുടക്കം
കുറിച്ചി ∙ കല്യാണിമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 1 വരെയും കൂനന്താനം ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ എൻഇഎസ് ബ്ലോക് ട്രാൻസ്ഫോമർ പരിധിയിലും കുരിശുംമൂട് പീസ് ലെയ്ൻ ഭാഗത്തും ഇന്ന് 9.30 മുതൽ 5.30വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ ശാസ്താമ്പലം ട്രാൻസ്ഫോമർ പരിധിയിലും സബ്‌സ്റ്റേഷൻ മുതൽ ഗാന്ധിനഗർ ജംക്‌ഷൻ വരെയും ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പൊൻകുന്നം ∙ ടൗൺ, കെഎസ്ആർടിസി, 20–ാം മൈൽ, തോണിപ്പാറ പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 2 വരെയും കത്തലാങ്കൽപ്പടി, താവൂർ, പൈനുങ്കൽപ്പടി പ്രദേശങ്ങളിൽ 9 മുതൽ വൈകിട്ട് 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ പറപ്പാട്ടുപടി, കൊറ്റമംഗലം, പൂത്തോട്ടപ്പടി, ശിവാജി നഗർ, വയലിൽ പടി, പുതുക്കുളം, മറ്റപ്പള്ളി ക്ലൂണി സ്കൂൾ, മറ്റപ്പള്ളി മാറ്റ് കമ്പനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ മണർകാട് പള്ളി, കാവുംപടി ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മന്ദിരം ജംക്‌ഷൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ∙ അറയ്ക്കൽചിറ, കോടിമത പാലം, എബിസൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.