50 അടി മുന്നിൽ വച്ച് കാർ പെട്ടെന്ന് വെട്ടിത്തിരിഞ്ഞു, ബസിന്റെ പിൻ ടയറുകൾ ഊരിത്തെറിച്ചു, മറിഞ്ഞു
Mail This Article
കുറവിലങ്ങാട് ∙ എംസി റോഡിൽ കുറവിലങ്ങാട് കാളികാവിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് മറിഞ്ഞത് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയതിനെത്തുടർന്ന്. അപകടത്തിൽ 30 പേർക്കു പരുക്ക്. ആരുടെയും നില ഗുരുതരമല്ല. വെള്ളിയാഴ്ച രാവിലെ 11.10 നായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു മൂന്നാറിലേക്കു പോകുകയായിരുന്ന ബസിലാണ് എതിർദിശയിൽ കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന, ദമ്പതികൾ സഞ്ചരിച്ച കാർ ഇടിച്ചുകയറിയത്. കാർ യാത്രക്കാരെ രക്ഷിക്കാൻ ബസ് ഇടതുഭാഗത്തേക്കു വെട്ടിച്ചപ്പോൾ പിൻഭാഗത്തു കാർ ഇടിക്കുകയായിരുന്നു. ബസിന്റെ പിൻഭാഗത്തെ 4 ടയറുകളും ആക്സിലും ഒടിഞ്ഞ് ഒന്നാകെ ഊരിത്തെറിച്ചു.
ഇതോടെ ബസ് ഒരുവശത്തേക്കു മറിയുകയായിരുന്നു. പരുക്കേറ്റ 23 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രികളിലും 7 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് റോഡരികിലെ വൈദ്യുതത്തൂണുകളിലും വഴിവിളക്കിന്റെ ഇരുമ്പുതൂണിലും ഇടിച്ചശേഷമാണ് മറിഞ്ഞത്. അധികം വീടുകൾ ഇല്ലാത്ത പ്രദേശത്താണ് അപകടം.
വലിയ ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാർ കണ്ടത് തലകീഴായി മറിഞ്ഞ ബസും തകർന്ന കാറും. ആദ്യമെത്തിയ വാഹനത്തിൽ ഏതാനും യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസുകളിൽ മറ്റുള്ളവരെയും. ആരുടെയും പരുക്കു ഗുരുതരമല്ല. കുറവിലങ്ങാട് പൊലീസും കടുത്തുരുത്തി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി എതിർദിശയിലുള്ള പോക്കറ്റ് റോഡിലേക്കു മാറ്റി.അഗ്നിരക്ഷാസേന റോഡ് കഴുകി വൃത്തിയാക്കി.
കാർ ഇടിച്ചുകയറിയാൽ ബസിന്റെ ടയർ ഇളകിമാറുമോ?
ഇടിയുടെ ആഘാതവും ടയറും ആക്സിലും ഉൾപ്പെട്ട ഭാഗത്തെ കാലപ്പഴക്കവും ടയറുകൾ ബസിന്റെ ബോഡിയിൽനിന്ന് അടർന്നുമാറാൻ കാരണമാകുമെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ. വിശദമായ പരിശോധനയ്ക്കു ശേഷമേ അപകടകാരണം വ്യക്തമായി പറയാനാവൂ.
കാലപ്പഴക്കവും ഇൻഷുറൻസ് കാലാവധിയും
ബസിന്റെ കാലപ്പഴക്കവും അപകടകാരണമായി. കാർ ഇടിച്ച് ടയറുകളും ആക്സിലും വേർപെട്ടതു കാലപ്പഴക്കം മൂലമാണെന്നാണ് സൂചന. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബസ് പരിശോധിച്ചു. ഇൻഷുറൻസ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് അപകടം. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ രേഖകൾ അനുസരിച്ചു മാർച്ച് 10 വരെയാണ് ഇൻഷുറൻസ്.