ADVERTISEMENT

കോട്ടയം ∙ പാറമ്പുഴയിലെ ആരണ്യ ഭവനിലെ വളപ്പിൽ ഇനി പ്രകൃതിദത്ത പക്ഷിക്കൂട് ഉയരും. ഇവിടെ സംരക്ഷിക്കുന്ന തത്തക്കുഞ്ഞുങ്ങളെ സ്വാഭാവിക കാടിന്റെ പശ്ചാത്തലത്തിൽ പറക്കാൻ പഠിപ്പിക്കുന്നതിനാണിത്. രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞുങ്ങളെ പറക്കാനും പ്രകൃതിയിൽ നിന്നു തീറ്റയെടുക്കാനും പഠിപ്പിച്ചാൽ മാത്രമേ സ്വതന്ത്രമായി പറത്തിവിടാൻ കഴിയൂ.

ചിറകു പൂർണമായും വളരും വരെ കൂട്ടിലിട്ടു വളർത്തും. ഭക്ഷണവും നൽകും. എന്നാൽ പറക്കാൻ അറിയാത്ത പക്ഷികളെ ഘട്ടംഘട്ടമായി പറക്കുന്നതിനും വിഹരിക്കുന്നതിനും പഠിപ്പിക്കുന്ന സംവിധാനം ഒരുക്കണമെന്നു വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി. വനാന്തരീക്ഷത്തിൽ വലിയ കൂട് ഒരുക്കുകയാണ് ഇതിനുള്ള ക്രമീകരണം. പറക്കുന്നതിനുള്ള പരിശീലനം തുടങ്ങിയാൽ ഭക്ഷണം പാത്രത്തിൽ നൽകില്ല. പ്രകൃതിയിലെന്ന പോലെ നൽകും. പറക്കൽ, തീറ്റയെടുക്കൽ എന്നിവ സ്വാഭാവിക രീതിയിലാകുന്നതു വരെ പരിശീലനം നൽകും. അതിനു ശേഷമേ ഇനി തത്തകളെ തുറന്നുവിടൂ.

11 തത്തക്കു‍ഞ്ഞുങ്ങളെ നാഗമ്പടത്തു കടയിൽ വിൽപനയ്ക്ക് എത്തിച്ചപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പിടികൂടിയതാണ്. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ സംരക്ഷണം ഏറ്റെടുത്തു. തൊണ്ടിമുതൽ എന്ന നിലയിൽ ഇനിയും തത്തകളെ കോടതിയിൽ ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നു വനംവകുപ്പ് കത്ത് നൽകും. വിശദമായ റിപ്പോർട്ടും തത്തകളുടെ ഫോട്ടോകളും ഹാജരാക്കും.

വനംവകുപ്പ് ജീവനക്കാരായ കെ.എ.അഭീഷിന്റെയും രഞ്ജിത്ത് രാജീവിന്റെയും സംരക്ഷണത്തിലാണ് ഇപ്പോൾ തത്തകൾ. നാടൻ തത്തയെയോ മറ്റു വന്യജീവികളെയോ വളർത്തുന്നതു വന്യജീവിസംരക്ഷണ നിയമപ്രകാരം 3 വർഷം മുതൽ തടവുശിക്ഷയും 25,000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com