ചങ്ങാട സർവീസ് ഇന്ന് ആരംഭിക്കും
Mail This Article
വൈക്കം ∙ നേരേകടവ് – മാക്കേക്കടവ് ഫെറിയിൽ ചങ്ങാട സർവീസ് ഇന്നു പുനരാരംഭിക്കും. മാക്കേക്കടവിനു തെക്ക് സ്വകാര്യ വ്യക്തിയുടെ കായൽക്കടവിൽ താൽക്കാലിക ജെട്ടി നിർമിച്ച് അവിടെ നിന്നും നേരേകടവിലേക്കാണ് സർവീസ്. ഇരുചക്ര വാഹനങ്ങളും യാത്രക്കാരെയും മാത്രമേ കയറ്റുകയുള്ളൂ സമയക്രമം പഴയതു തന്നെയാണ്. ദിവസവും രാവിലെ 6.30ന് മാക്കേക്കടവിൽ നിന്നും സർവീസ് തുടങ്ങും. ഇവിടേക്കുള്ള റോഡും നിരപ്പാക്കിയിട്ടുണ്ട്. തൈക്കാട്ടുശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് നടപടികൾ ചെയ്തത്. മാക്കേക്കടവ് – നേരേകടവ് പാലം നിർമാണം തുടങ്ങിയതോടെയാണ് ഇവിടെ ചങ്ങാട സർവീസ് നിർത്തിയത്.
ഒരു ദിവസം മണപ്പുറം – നേരേകടവ് സർവീസ് നടത്തിയെങ്കിലും ദൂരവും സമയവും കൂടുതലും മറ്റൊരു ചങ്ങാട സർവീസ് ഉള്ളതു മൂലവും അവിടെ തുടരാനായില്ല. ഇതോടെയാണ് മാക്കേക്കടവിൽ താൽക്കാലിക ജെട്ടി നിർമിച്ചത്. ജനങ്ങൾക്ക് യാത്രാസൗകര്യവും പഞ്ചായത്തുകൾക്ക് വരുമാനവുമാണു ചങ്ങാട സർവീസ്. ഉദയനാപുരം – തൈക്കാട്ടുശേരി ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ചങ്ങാട സർവീസ് കരാർ കൊടുത്ത് നടത്തുന്നത്.
പാലം നിർമാണത്തിന്റെ ഭാഗമായി മാക്കേക്കടവിൽ കരയിൽ സ്ഥാപിക്കാനുള്ള ആദ്യ പൈൽ കോൺക്രീറ്റ് കഴിഞ്ഞ ദിവസം പൂർത്തിയാക്കി. രണ്ടാമത്തെ പൈൽ സ്ഥാപിക്കുന്നതിനുള്ള ബോറിങ് തുടങ്ങി. ഒരു മീറ്റർ വ്യാസമുള്ള 4 പൈലുകളാണ് മാക്കേക്കടവിൽ സ്ഥാപിക്കേണ്ടത്. ഇതിനു ശേഷമാണ് ബീം കോൺക്രീറ്റിലേക്കു കടക്കുക. ബീമുകൾ കരയിൽ കോൺക്രീറ്റ് ചെയ്ത ശേഷം യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണ് സ്ഥാപിക്കും. ബീമുകൾ വാർക്കാൻ ഉൾപ്പെടെ മാക്കേക്കടവിൽ സ്ഥലം അടയാളപ്പെടുത്തി.