പത്തനംതിട്ടക്കാർക്ക് കോട്ടയം ജില്ലയിലുമുണ്ട് ‘പിടി’; വോട്ട് ചെയ്യുന്നത് കോട്ടയത്തെ 26 ശതമാനം വോട്ടർമാർ
Mail This Article
കോട്ടയം ∙ പേര് പത്തനംതിട്ട പാർലമെന്റ് മണ്ഡലം എന്നാണെങ്കിലും 26 ശതമാനത്തോളം വോട്ടർമാർ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലാണ്. 3 മുന്നണികളും അതീവ പ്രാധാന്യത്തോടെ കണക്കാക്കുന്ന നിർണായക വോട്ടുകൾ ഈ മണ്ഡലങ്ങളിലുണ്ട്.
ആന്റോ, ഐസക്, അനിൽ
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ മണ്ഡലങ്ങൾ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമാണ്. കോട്ട കാത്ത് വോട്ടു കൂട്ടാൻ ആന്റോയും യുഡിഎഫ് കോട്ട പിടിക്കാൻ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കും പുതിയ തുടക്കത്തിന് എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയും ഒരു പോലെ പോരാടുന്നു. ലോക്സഭയ്ക്കു ശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു മണ്ഡലങ്ങളും പിടിച്ചെടുക്കാനായതാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. പത്തനംതിട്ടയിൽ 2014ലെ 15.98 എന്ന വോട്ട് ശതമാനം 2019ൽ 28.94 ശതമാനത്തിലേക്ക് എത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ഇക്കുറി പൊരുതുന്നത്. പൂഞ്ഞാർ മണ്ഡലത്തിൽ ഒറ്റയ്ക്ക് ജയിച്ചിട്ടുള്ള പി.സി.ജോർജ് ഇക്കുറി തങ്ങൾക്കൊപ്പമുള്ളതും അനുകൂലമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
വികസനം വാഗ്ദാനം
മൂന്നു മുന്നണികളുടെയും പ്രധാന അജൻഡ വികസനം തന്നെ. ചെയ്ത വികസന കാര്യങ്ങൾ പറഞ്ഞ് ആന്റോ ആന്റണി വോട്ട് ചോദിക്കുമ്പോൾ മണ്ഡലത്തിലേക്ക് എത്തിക്കാവുന്ന വികസന പദ്ധതികളെക്കുറിച്ചു പറഞ്ഞാണ് തോമസ് ഐസക്കും അനിൽ ആന്റണിയും പ്രചാരണം നടത്തുന്നത്. വിവിധ നിറത്തിലുള്ള ജുബ്ബകൾ ധരിച്ചുള്ള തോമസ് ഐസക്കിന്റെ പോസ്റ്ററുകൾ മണ്ഡലത്തിൽ നിറഞ്ഞിട്ടുണ്ട്. പ്രചാരണ ഗാനത്തിനൊപ്പം ഡാൻസ് കളിക്കാനും അനിൽ ആന്റണിക്ക് മടിയില്ല. പൊൻകുന്നത്തെ പ്രചാരണത്തിനിടെ അനിലിന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
പിസി തിരക്കിലാണ്
പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ ചെറുതായി കെറുവിച്ച പി.സി.ജോർജിനോട് കുടിയേറ്റ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണു ബിജെപി നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. വയനാട് ജില്ലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനൊപ്പം പത്തനംതിട്ട മണ്ഡലത്തിലെ മുഴുവൻ മണ്ഡലം കൺവൻഷനുകളിലും പങ്കെടുക്കാനും നിർദേശമുണ്ട്. നിലവിൽ രാജീവ് ചന്ദ്രശേഖറിനു വേണ്ടി തിരുവനന്തപുരത്തു പ്രവർത്തിക്കുകയാണ് മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്. വരും ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, വയനാട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനും ഷോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട മണ്ഡലത്തിലും പ്രചാരണത്തിന് എത്തുന്നുണ്ട്.
പത്തനംതിട്ട പാർലമെന്റ് മണ്ഡലം
∙ ആകെ വോട്ടർമാർ: 14,08,771
∙ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ ആകെ വോട്ടർമാർ: 3,69,672 (26.24 ശതമാനം) (കണക്ക് അന്തിമമല്ല)
2019 പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് കാഞ്ഞിരപ്പള്ളി മണ്ഡലം
∙ ആന്റോ ആന്റണി (യുഡിഎഫ്) 55,330
∙ വീണാ ജോർജ് (എൽഡിഎഫ്) 45,587
∙ കെ.സുരേന്ദ്രൻ (എൻഡിഎ) 36,628
∙ ഭൂരിപക്ഷം: 9743 (യുഡിഎഫ്)
പൂഞ്ഞാർ മണ്ഡലം
∙ ആന്റോ ആന്റണി (യുഡിഎഫ്) 61530
∙ വീണാ ജോർജ് (എൽഡിഎഫ്) 43601
∙ കെ.സുരേന്ദ്രൻ (എൻഡിഎ) 30990
∙ ഭൂരിപക്ഷം: 17929 (യുഡിഎഫ്)
2021 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് കാഞ്ഞിരപ്പള്ളി മണ്ഡലം
∙ ഡോ.എൻ.ജയരാജ് (എൽഡിഎഫ്) 60299
∙ ജോസഫ് വാഴയ്ക്കൻ (യുഡിഎഫ്) 46596
∙ അൽഫോൻസ് കണ്ണന്താനം (എൻഡിഎ) 29157
∙ ഭൂരിപക്ഷം: (എൽഡിഎഫ്) 13703
പൂഞ്ഞാർ മണ്ഡലം
∙ സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽഡിഎഫ്) 58668
∙ പി.സി.ജോർജ് (ജനപക്ഷം) 41851
∙ ടോമി കല്ലാനി (യുഡിഎഫ്) 34633
∙ ഭൂരിപക്ഷം: (എൽഡിഎഫ്) 16817