ആലാംപള്ളിയിൽ ഒട്ടേറെ ഗതാഗത ആവലാതികൾ
Mail This Article
പാമ്പാടി ∙ ദേശീയ പാതയിലെ പ്രധാന ജംക്‌ഷനാണ് ആലാംപള്ളി. പക്ഷേ, വികസന കാര്യത്തിൽ ആലാംപള്ളി ഇപ്പോഴും പഴയ യുഗത്തിൽ തന്നെ. പ്രധാന റോഡുകൾ സംഗമിക്കുന്ന ഇവിടെ റോഡിനു നടുവിൽ വലിയ ഡിവൈഡർ നിർമിച്ചത് ഒഴിച്ചാൽ ബാക്കിയുള്ളത് എല്ലാം അസൗകര്യങ്ങളുടെയും പരിമിതികളുടെയും കാഴ്ചകളാണ്. തിരക്കേറെയുള്ള പ്രദേശമായതിനാൽ ഗതാഗതക്കുരുക്കാണ് ഇവിടത്തെ പ്രധാന പ്രശ്നം. ദേശീയപാതയിൽ നിന്നു മാന്തുരുത്തി ഭാഗത്തേക്ക് തിരിയുന്ന ഇടത്തു തന്നെ ബസ് സ്റ്റോപ് ഉള്ളതാണ് പ്രധാന കാരണം. ആലാംപള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കെജി കോളജ്, പൊത്തൻപുറം ബിഎംഎം സ്കൂൾ, ഭദ്രാ സ്കൂൾ, ഗവ.താലൂക്ക് ആശുപത്രി, ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം, പൊത്തൻപുറം ദയറ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട കുട്ടികളും യാത്രക്കാരും ഈ ബസ് സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്.
ജംക്‌ഷനിൽ തന്നെയുള്ള ബസ് സ്റ്റോപ് കാരണം രാവിലെയും വൈകിട്ടും ദേശീയപാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. ബസ് സ്റ്റോപ് ക്രമീകരിക്കുന്നതോടൊപ്പം ജംക്‌ഷനിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിന് അനുയോജ്യമായ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. മാന്തുരുത്തി ഭാഗത്തേക്കു പോകുന്നതിനും വരുന്നതിനും വൺവേ സംവിധാനത്തിനു നിലവിലുള്ള റോഡ് പ്രയോജനപ്പെടുത്തിയാൽ ഗതാഗതക്കുരുക്ക് അടക്കമുള്ള പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമാകും.മാന്തുരുത്തി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് പെട്ടെന്ന് കയറുന്നത് അപകടങ്ങൾക്കു കാരണമാകുന്നതായും ആക്ഷേപമുണ്ട്.
റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നത് ദേശീയപാതയിലെ വാഹനങ്ങൾക്കു കാണാൻ കഴിയാത്തതാണ് അപകടങ്ങൾക്കു കാരണം. അതിനാൽ തന്നെ കാലപ്പഴക്കം സംഭവിച്ച സ്പോട്ട് മിറർ നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കണം. വേഗം നിയന്ത്രിക്കാൻ ഹംപ് സംവിധാനം കൊണ്ടുവരേണ്ടതുമുണ്ട്. ഇത്തരത്തിൽ വിദഗ്ധ സമിതിയുടെ സഹായത്തോടു കൂടി ജംക്‌ഷന് സമഗ്ര വികസനം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.