ADVERTISEMENT

കോട്ടയം∙ വേനൽചൂടിൽ കുളിർമഴയായി വ്യാപാരിയുടെ ജീവകാരുണ്യം!. കോട്ടയം മൂലവട്ടം ദിവാൻ കവലയിലുള്ള ഗുരു ഏജൻസിസ് എന്ന ഇലക്ട്രിക് കടയുടെ മുന്നിൽ നാട്ടുകാർക്കായി കുടിവെള്ളവും പക്ഷിമൃഗാദികൾക്ക് തീറ്റയും വച്ചിരിക്കുകയാണ് കടയുടമ. ദാഹജലം മാത്രമല്ല, ഏതൊരു മലയാളിയെയും ബാല്യകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന, ഗ്യാസ് മിഠായിയും ഇവിടെയുണ്ട്. മുൻ പ്രവാസി കൂടിയായ പി.കെ.രാജുവാണ്, സഹജീവി സ്നേഹത്തിൻറെ വേറിട്ട മാതൃകയാവുന്നത്. 

കടയ്ക്ക് സമീപമുള്ള സ്വന്തം വീട്ടിലും ഇദ്ദേഹം പക്ഷിമൃഗാദികൾക്കായി തീറ്റയും വെള്ളവും വച്ചിട്ടുണ്ട്. ദാഹം കലശലായ ഈ ചൂട് കാലത്ത്, വഴിയാത്രികർ, വിദ്യാർഥികൾ, സമീപത്തെ ഓട്ടോ ഡ്രൈവർമാർ തുടങ്ങി അനേകർക്കാണ് ഈ കുടിവെള്ള വിതരണം ആശ്വാസമേകുന്നത്. പ്രവാസ ജീവിതത്തിൽ നിന്നും പകർന്നു കിട്ടിയ മാനുഷിക മൂല്യങ്ങളാണ് ഇത്തരത്തിൽ ഒരു നല്ല കാര്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പി.കെ രാജു പറയുന്നു.

"അവനവൻ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം' എന്ന് ശ്രീനാരായണ ഗുരുദേവ വചനവും ഏറെ സ്വാധീനിച്ചിട്ടുണ്ട്. 50 രൂപയാണ് ഒരു കാൻ വെള്ളത്തിൻറെ വില, ഇത് രണ്ടു ദിവസം കൊണ്ട് തീരും. മാസം ആയിരം രൂപയിലേറെ ഈ ഇനത്തിൽ ചെലവ് വരും. എന്നാൽ ഈ പണച്ചെലവ് താൻ കാര്യമാക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. വെള്ളത്തോടൊപ്പം ഗ്യാസ് മിഠായി വച്ചതിനു പിന്നിലും ഒരു കഥയുണ്ട്. 

ബാല്യകാലത്ത് ഗ്യാസ് മിഠായി ഏറെ ഇഷ്ടമായിരുന്നു. സ്കൂളിലേക്ക് പോകുന്ന വഴി ഇതു വാങ്ങാനായി എന്നും 5 പൈസ കയ്യിൽ കരുതുമായിരുന്നു. അന്ന് ഏറെ പാട് പെട്ടാണ് ആ പൈസ സംഘടിപ്പിച്ചിരുന്നത്" അദ്ദേഹം പറയുന്നു. 25 വർഷം സൗദിയിൽ സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയ ശേഷം, 2008 ലാണ് പി.കെ.രാജു നാട്ടിൽ മടങ്ങിയെത്തി ബിസിനസ് ആരംഭിച്ചത്. സൗദാമിനിയാണ് ഭാര്യ.  സവിത, കവിത, ജിത്തു രാജ്(ഷാർജ)  എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com