ശക്തമായ കാറ്റും മഴയും, കുമരകം ഇരുട്ടിലായത് 18 മണിക്കൂലേറെ; ജി 20 സമ്മേളനത്തിന്റെ സംവിധാനങ്ങൾ എവിടെ?
Mail This Article
കുമരകം ∙ മഴയിലും കാറ്റിലും വൈദ്യുതി വിതരണം തകരാറിലായതോടെ കുമരകത്തിന്റെ ചില ഭാഗങ്ങളിൽ 18 മണിക്കൂറിലേറെ വൈദ്യുതി നിലച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7.30നാണ് അപ്രതീക്ഷിതമായി കനത്ത മഴയും കാറ്റും ഉണ്ടായത്. ജി 20 സമ്മേളനത്തിനു വൈദ്യുതി മുടങ്ങാതിരിക്കാൻ കോടികൾ ചെലവഴിച്ചിരുന്നു. വൈദ്യുതി മുടങ്ങിയാൽ വേഗം തന്നെ പുന:സ്ഥാപിക്കാൻ സംവിധാനം ഉണ്ടെന്നു അന്ന് വൈദ്യുതി വകുപ്പ് പ്രഖ്യാപിച്ചിരുന്ന സ്ഥാനത്താണു 18 മണിക്കൂറിലേറെ കുമരകം നിവാസികൾ വൈദ്യുതി ഇല്ലാതെ വിഷമിച്ചത്. ഫാൻ കറങ്ങാതെ വന്നതോടെ കൊതുകുകളുടെ ആക്രമണം വർധിച്ചു. കടുത്ത ചൂടും വലച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കഴിയാതെ കുത്തിയിരുന്നു നേരം വെളുപ്പിക്കുകയായിരുന്നു പലരും.
ഗവ. ആശുപത്രിയിൽ വൈദ്യുതി ഇല്ലായിരുന്നു. വൈദ്യുതി മുടങ്ങിയാൽ പകരം സംവിധാനം ഏർപ്പെടുത്താതിരുന്നതു രോഗികളെ വലച്ചു. രാത്രി നഴ്സുമാർ മെഴുകുതിരി കത്തിച്ചാണു വാർഡിൽ രോഗികളെ നോക്കാൻ പോയത്. പോസ്റ്റുകൾ മറിഞ്ഞും ലൈൻ പൊട്ടി വീണും ലൈനിനു മുകളിൽ മരം വീണു എർത്ത് പ്രശ്നവും വൈദ്യുതി മുടക്കത്തിനു കാരണമായി. ഇല്ലിക്കൽ ഭാഗത്തു ട്രാൻസ്ഫോമർ ഇടിമിന്നലിൽ കത്തിനശിച്ചു. ഈ ഭാഗത്തുള്ള ഉപഭോക്താക്കൾ സമീപത്തെ ട്രാൻസ്ഫോമറിൽ നിന്നു വൈദ്യുതി എത്തിച്ചു. കുമരകം സെക്‌ഷന്റെ കീഴിൽ 10 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബി കണക്കാക്കുന്നത് ലൈനിലെ തകരാറുകൾ നീക്കി വെള്ളിയാഴ്ച പകൽ 2നാണ് വൈദ്യുതി വിതരണം എല്ലായിടത്തും പുനഃസ്ഥാപിച്ചത്. ഇല്ലിക്കൽ ഭാഗത്ത് ട്രാൻസ്ഫോമർ മാറുന്നതിനുള്ള ജോലി ഇന്നലെ തുടങ്ങി.