ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻമീൻ; 360 കിലോ തൂക്കം, കിലോയ്ക്ക് 350 രൂപ
Mail This Article
കുറവിലങ്ങാട് ∙ നീണ്ടകരയിൽ ചൂണ്ടയിൽ കുടുങ്ങിയ ഭീമൻമീൻ ഈസ്റ്റർ ആഘോഷത്തിനായി കുറവിലങ്ങാട് വിൽപനയ്ക്ക് എത്തിച്ച് മത്സ്യവ്യാപാരി. 360 കിലോ വരുന്ന ഭീമൻ തളമീനാണ് ഇന്നലെ രാവിലെ കുറവിലങ്ങാട് സമുദ്ര ഫിഷ് മാർട്ടിൽ ഉടമ മുട്ടുചിറ സ്വദേശി ബിജു പോൾ വിൽപനയ്ക്കായി എത്തിച്ചത്. 7 തൊഴിലാളികൾ ചേർന്നാണു ഭീമൻ തളമീൻ ലോറിയിൽ നിന്ന് ഇറക്കിയത്. ഭീമൻമീൻ കാണാനായി നാട്ടുകാരും തടിച്ചുകൂടി. മത്സ്യത്തൊഴിലാളികൾ ചൂണ്ടയിട്ടു പിടിക്കുന്ന ഭീമൻമീനുകളാണ് ഇത്തവണ ഈസ്റ്ററിനു കൂടുതലായും വിൽപനയ്ക്ക് എത്തിച്ചതെന്നു ബിജു പറഞ്ഞു. കിലോയ്ക്ക് 350 രൂപ വിലയ്ക്കാണ് ഇവ വിറ്റഴിച്ചത്.
നീണ്ടകര, വിഴിഞ്ഞം, വാടി, പൂവാർ തുടങ്ങിയ തുറമുഖങ്ങളിൽ നിന്നാണു മീൻശേഖരിക്കുന്നത്. 2 ദിവസം നീണ്ടകരയിൽ കാത്തുകിടന്നാണു ചൂണ്ടക്കാരുടെ പക്കൽ നിന്നു വലിയ മീനുകൾ ലേലം വിളിച്ചു കുറവിലങ്ങാട്ട് എത്തിച്ചത്. ഇവിടെയെത്തുന്നവർക്കു മീനിലെ വിഷാംശവും രാസവസ്തുക്കളും പരിശോധിച്ചു വാങ്ങാം. വിൽപനയ്ക്കെത്തിച്ച മീനുകളുടെ വയറിനുള്ളിൽ നിന്നു ചൂണ്ടകൾ ശ്രദ്ധാപൂർവം നീക്കിയാണു തൊഴിലാളികൾ ഇവ വിൽക്കുന്നത്.