കൊട്ടിക്കയറി പ്രചാരണം
Mail This Article
കാഞ്ഞിരപ്പള്ളി ∙ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം സജീവമാക്കി മുന്നണികൾ. സ്ഥാനാർഥികൾക്ക് നേരിട്ട് എത്താൻ കഴിയാത്ത വീടുകളിലും സ്ഥലങ്ങളിലും മുന്നണി പ്രവർത്തകർ സ്ഥാനാർഥികളുടെ അഭ്യർഥനയുമായി ഭവന സന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ സജീവമാക്കി. വേനൽ ചൂട് രൂക്ഷമായതിനാൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 11 വരെയും, ഉച്ചകഴിഞ്ഞ് 3നു ശേഷവുമാണ് പ്രവർത്തകർ പ്രചാരണത്തിനിറങ്ങുന്നത്. സ്ഥാനാർഥികളുടെ പര്യടന പരിപാടികൾ ഇന്നു മുതൽ നിയോജകമണ്ഡലത്തിൽ ആരംഭിക്കും.
യുഡിഎഫ്
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ 4ന് ആരംഭിക്കുമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സി. വി.തോമസ്കുട്ടി കൺവീനർ ജിജി അഞ്ചാനി, സെക്രട്ടറി മുണ്ടക്കയം സോമൻ, മീഡിയ കോഓർഡിനേറ്റർമാരായ പി.എ.ഷെമീർ, ടി.എ.ഷിഹാബുദ്ദീൻ, പ്രഫ. റോണി.കെ.ബേബി എന്നിവർ അറിയിച്ചു.ആദ്യ ഘട്ടത്തിൽ ബൂത്ത്, മണ്ഡലം നേതൃയോഗങ്ങളും നിയോജകമണ്ഡലം കൺവൻഷനും പൂർത്തിയാക്കി.സ്ഥാനാർഥിയുടെ അഭ്യർഥനയുമായി ഒന്നാം ഘട്ട ഭവന സന്ദർശനം ഇന്നു പൂർത്തിയാകും.
സ്ഥാനാർഥി കാഞ്ഞിരപ്പള്ളി, ചിറക്കടവ്, വാഴൂർ പഞ്ചായത്തിലെ പൗരപ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളിലും ഫാക്ടറികളിലും എത്തി വോട്ട് അഭ്യർഥിച്ചു. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 5, 6,7 തീയതികളിൽ വിപുലമായ മണ്ഡലം കൺവൻഷനുകൾ നടത്തും. കൺവൻഷനു ശേഷം രണ്ടാം ഘട്ട ഭവന സന്ദർശനം ആരംഭിക്കും. കഴിഞ്ഞ 15 വർഷമായി നിയോജക മണ്ഡലത്തിൽ എംപി നടത്തിയ വികസന പ്രവർത്തനങ്ങളുടെ രേഖകൾ ജനങ്ങൾക്ക് നൽകും. മൂന്നാം ഘട്ടത്തിൽ വിപുലമായ കുടുംബ സംഗമങ്ങൾ നടത്തും. നാലാം ഘട്ടത്തിൽ സ്ഥാനാർഥിയുടെ പര്യടനവും യുവജന സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഷോയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക് ഇന്ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പള്ളിക്കത്തോട്, വാഴൂർ, ചിറക്കടവ് പഞ്ചായത്തുകളിൽ പര്യടനം നടത്തും. ഇന്നു രാവിലെ 7.30 ന് പള്ളിക്കത്തോട് പഞ്ചായത്തിലെ ഇളമ്പള്ളി വെങ്ങലാത്തുവയലിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. വാഴൂർ പഞ്ചായത്തിലെ പര്യടനവും കഴിഞ്ഞ് ഉച്ചകഴിഞ്ഞ് 3.30ന് ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളിയിൽ പ്രവേശിക്കും. വൈകിട്ട് 7 ന് പൊൻകുന്നം പഴയചന്ത മുതൽ കെവിഎംഎസ് ജംക്‌ഷൻ വരെ റോഡ് ഷോ നടത്തും. തുടർന്നു 8.30 ന് അട്ടിക്കൽ കവലയിൽ പര്യടന പരിപാടി സമാപിക്കുമെന്ന് എൽഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.എ.ഷാജി സെക്രട്ടറി ഗിരീഷ്.എസ്.നായർ എന്നിവർ അറിയിച്ചു.
എൻഡിഎ
എൻഡിഎ വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ വാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു. എൻഡിഎ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.എസ്.ഹരികുമാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി അനിൽ ആന്റണിയുടെ വിജയത്തിനായി കെ.എസ്.ശിവപ്രസാദ് ചെയർമാനായി തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. നേതാക്കളായ വി.എൻ.മനോജ്, പി.ഡി.രവീന്ദ്രൻ, കെ.കെ.വിപിനചന്ദ്രൻ, രാജശേഖരൻ നായർ, എൻ.ഇ.ജയപ്രകാശ്, ലീലാമണി ബാലചന്ദ്രൻ, മനു പള്ളിക്കത്തോട് എന്നിവർ പ്രസംഗിച്ചു.