വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് വാറന്റ് പ്രതിയുടെ വിരട്ടൽ; നട്ടംതിരിഞ്ഞ് പൊലീസ്
Mail This Article
കോട്ടയം ∙ പൊലീസുകാരെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് വാറന്റ് പ്രതിയുടെ വിരട്ടൽ. പ്രതിയെ പിടികൂടാനാവാതെ പൊലീസ് നട്ടംതിരിഞ്ഞതു മണിക്കൂറുകളോളം. മാസങ്ങൾക്കു മുൻപു കുമാരനല്ലൂരിൽ കഞ്ചാവുകേസിലെ പ്രതിയെ പിടികൂടാൻ പൊലീസെത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ട ശേഷമാണു പ്രതി കടന്നുകളഞ്ഞത്. ഇതിനു സമാനമായാണ് ഇന്നലെ വളർത്തുനായ്ക്കളെ ഉപയോഗിച്ചു മറ്റൊരു പ്രതി പൊലീസിനെ ഭയപ്പെടുത്തിയത്.
അടിപിടിക്കേസിൽ പ്രതിയായി വാറന്റ് കേസിൽപെട്ട പ്രതിയെ പിടികൂടാനാണ് ഇന്നലെ രാവിലെ പത്തോടെ പൊലീസ് എത്തിയത്. ഏറ്റുമാനൂർ ടൗണിനു നടുവിലെ മൂന്നുനിലക്കെട്ടിടത്തിനു മുകളിലായിരുന്നു പ്രതിയുടെ താമസം. പൊലീസ് വന്നതറിഞ്ഞു പ്രതി മുകളിലേക്കുള്ള വാതിലുകളെല്ലാം അടച്ചു. പൊലീസ് മുറിക്കുള്ളിലേക്കു കയറാൻ ശ്രമിച്ചതോടെ രണ്ടു വളർത്തുനായ്ക്കളെ മുറിക്കുള്ളിൽ തുറന്നുവിട്ടു.
പൊലീസിന്റെ നോട്ടിസ് കൈപ്പറ്റാനോ മുറിയിൽനിന്നു പുറത്തു വരാനോ ഇയാൾ കൂട്ടാക്കിയില്ല. കൂടുതൽ പൊലീസുകാരെത്തി കെട്ടിടം വളഞ്ഞ് മണിക്കൂറുകളോളം നിലയുറപ്പിച്ചിട്ടും പ്രതിയെ പിടികൂടാനായില്ല. രാത്രി വൈകിയും താമസസ്ഥലം പൊലീസ് കാവലിലാണ്.
പ്രതി ആത്മഹത്യാഭീഷണി മുഴക്കിയതിനാലും ഭാര്യയും 2 കൊച്ചുകുട്ടികളും ഇയാളോടൊപ്പം ഉണ്ടായിരുന്നതിനാലും മുറി തകർത്ത് അകത്തുകയറാൻ പൊലീസ് ശ്രമിച്ചില്ല. അഭിഭാഷകൻ മുഖേന ഇന്നു കോടതിയിൽ നേരിട്ടു ഹാജരാകാമെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്.