ADVERTISEMENT

ചങ്ങനാശേരി∙ ശുദ്ധജലവിതരണത്തിന്റെ കാര്യത്തിൽ നഗരസഭ സമീപത്തെ പഞ്ചായത്തുകളെ കണ്ടു പഠിക്കണം. കനത്ത വേനലിൽ നഗരസഭാ പരിധിയിലുള്ളവർ ശുദ്ധജലം ലഭിക്കാതെ നെട്ടോട്ടമോടുമ്പോഴും നഗരസഭയുടെ ശുദ്ധജല വിതരണം ആരംഭിച്ചിട്ടില്ല. സമീപത്തെ പ‍ഞ്ചായത്തുകൾ ശുദ്ധജല വിതരണം ആരംഭിച്ചിട്ട് ഒന്നര മാസമായി. ജലഅതോറിറ്റിയുടെ കല്ലിശേരി പ്ലാന്റിലെ പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പല ഭാഗങ്ങളിലും കനത്ത ശുദ്ധജലക്ഷാമമാണ് നേരിടുന്നത്.

പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലവിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങളെടുക്കും.  മതുമൂല, വാഴപ്പള്ളി, അരമപ്പറമ്പ് കോളനി എന്നിവിടങ്ങളിൽ ജലഅതോറിറ്റിയുടെ ശുദ്ധജലം 9 ദിവസമായി ലഭിച്ചിട്ടില്ല. ആത്തക്കുന്ന്, മമ്പഴപ്പറമ്പ്, പാലാത്ര, കണ്ണംപേരൂർ വാർഡിലെ എസ്‌സി കോളനി, കാക്കാംതോട്, വണ്ടിപ്പേട്ട, കോയിപ്പുറം, കുറ്റിശേരിക്കടവ് തുടങ്ങി നഗരസഭാ പരിധിയിലെ പല ഭാഗങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. പല വാർഡുകളും ജലഅതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. 

ശുദ്ധജലം വിലയ്ക്കു വാങ്ങി കഴിയുകയാണ് ജനം. പല വാർഡുകളിലെയും കിണറുകൾ വറ്റി. കിണറുകളിൽ വെള്ളം ലഭിക്കുന്നവർക്ക് അടുത്തിടെയായി പുളിരസം കലർന്ന വെള്ളമാണ് ലഭിക്കുന്നതെന്നും പറയുന്നു. അവസാനം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ശുദ്ധജല വിതരണം ആരംഭിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചിരുന്നു. അന്നു നടപടിയെടുക്കാമെന്ന് നഗരസഭ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.

ഇന്ന് അടിയന്തര കൗൺസിൽ
നഗരസഭയിൽ ശുദ്ധജല വിതരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ഇന്ന് അടിയന്തര കൗൺസിൽ യോഗം ചേരുമെന്ന് നഗരസഭാധ്യക്ഷ ബീനാ ജോബി, ഉപാധ്യക്ഷൻ മാത്യൂസ് ജോർജ് എന്നിവർ പറഞ്ഞു.

കണ്ടുപഠിക്കൂ
∙ കുറിച്ചി പഞ്ചായത്ത്: ഒരു ദിവസം 2 വാർ‌ഡുകളിലായി 8,000 ലീറ്റർ വെള്ളം വിതരണം ചെയ്യുന്നു.
∙ വാഴപ്പള്ളി പഞ്ചായത്ത്: ഒരു ദിവസം 4 വാഹനങ്ങളിലായി വിതരണം.
∙ പായിപ്പാട് പഞ്ചായത്ത്: ഒരു ദിവസം 5 ട്രിപ്പുകളായി 5,000 ലീറ്റർ. 
∙ തൃക്കൊടിത്താനം പഞ്ചായത്ത്: ഒരു ദിവസം 35,000 ലീറ്റർ.
∙ മാടപ്പള്ളി പഞ്ചായത്ത്: ഒന്നിടവിട്ട ദിവസങ്ങളിൽ 5,000 ലീറ്റ‍ർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com