ADVERTISEMENT

കോട്ടയം ∙ റിട്ട.ഡിവൈഎസ്പി വി.കെ.സാറാമ്മയെ കണ്ടപാടെ ചലച്ചിത്രതാരം കലാഭവൻ ഷാജോൺ ഒന്ന് സ്തംഭിച്ചു. തുടർന്ന് ഒരു ചോദ്യം സാറാമ്മ ചേച്ചിയല്ലേ? സാറാമ്മയുടെ മറുപടി– അതേടാ കൊച്ചേ, ഞാൻ തന്നെ സാറാമ്മ. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ്  വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ കലാപരിപാടി ഉദ്ഘാടനം ചെയ്യാനാണ് ഷാജോൺ എത്തിയത്. സാറാമ്മയും ഷാജോണും കാണുന്നത് 35 വർഷത്തിനുശേഷം. സാറാമ്മ പൊന്നാടയണിച്ച് ഷാജോണിനെ സ്വീകരിച്ചു. 

കണ്ടിട്ട് എത്ര കാലമായി. ഇവൻ ഞങ്ങളുടെ സ്വന്തം ഷാജിയാണ്. പൊലീസ് ഗ്രൗണ്ടിൽ ഓടിക്കളിച്ച് നടന്ന ഷാജി. ഇപ്പം വലിയാളായി ഉയരങ്ങളിലെത്തി–സാറാമ്മ സഹപ്രവർത്തകരോട് പറഞ്ഞു. മുട്ടമ്പലത്ത് ഷാജോണിന്റെ പിതാവ് റിട്ട.എഎസ്ഐ ഇ.എസ്.ജോൺ പൊലീസിൽ ജോലി ചെയ്തിരുന്ന കാലത്ത് ക്വാർട്ടേഴ്സിലാണു താമസം. സമീപത്തെ ക്വാർട്ടേഴ്സിലാണ് സാറാമ്മയും കുടുംബവും താമസിച്ചിരുന്നത്. വോളിബോൾ ദേശീയ താരമായിരുന്ന സാറാമ്മ 1972ലാണ്  സേനയിൽ ചേർന്നത്. 2005ൽ ഡിവൈഎസ്പിയായി റിട്ടയർ ചെയ്തു. 

മക്കളായ അനുപ്, വിനുപ് എന്നിവരുടെ ഉറ്റചങ്ങാതിയായിരുന്നു ഷാജോൺ. എന്തുണ്ടാക്കി കഴിക്കാൻ നൽകിയാലും മൂവരും ചേർന്നാണ് കഴിക്കുന്നത്. വലിയ അടുപ്പമുള്ള കുടുംബമായിരുന്നു ഇരുവരുടെയും. സ്ഥലംമാറ്റം വന്നതോടെ മറ്റു സ്റ്റേഷനിലേക്ക് മാറി. പിന്നെക്കാണുന്നത് ഇന്നാണ്. ഷാജോണും പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കാലത്തെ ഓർമകൾ പങ്കുവച്ചു. ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഗൗരവക്കാരാനായ ഗോപി സാറിന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ പേടിച്ചോടിയതും റിട്ടയറായ ശേഷം ഗോപി സാർ കൂട്ടായതുമെക്കെ വികാരഭരിതമായാണ് ഷാജോൺ പങ്കുവച്ചത്. 

പത്താം ക്ലാസ് വിജയിപ്പിക്കാൻ ചൂരലിന് അടിച്ചുപഠിപ്പിച്ചിരുന്ന സുലൈമാൻ സാറിന്റെ ഓർമകളും ഷാജോൺ പങ്കുവച്ചു. അച്ഛൻ പൊലീസായതുകൊണ്ടാണോ ദൃശ്യത്തിൽ നെഗറ്റീവ് റോളിൽ തകർത്ത് അഭിനയിച്ചതെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ അങ്ങനെയല്ല. പൊലീസ് ഉദ്യോഗസ്ഥർ റിട്ടയറായി കുപ്പായം ഊരുന്നതോടെ ഗൗരവം വിടും. പൊലീസുകാർക്കുള്ളിൽ നല്ല മനസ്സുണ്ടെന്നും ഷാജോൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com