ADVERTISEMENT

കറുകച്ചാൽ ∙ ഈ ഓട്ടോ ഓടുന്നത് തിരക്കഥയുടെ വഴിയിൽ കൂടിയാണ്. അന്നത്തിനായി ഓട്ടോ ഓടിക്കുമ്പോഴും തന്റെ കഥകളിലെ കഥാപാത്രങ്ങളെ കൂടി തേടുകയാണ് കറുകച്ചാൽ ടൗണിലെ ഓട്ടോഡ്രൈവർ നെത്തല്ലൂർ ആലപ്പള്ളിൽ ജയേഷ് കുമാർ. ഓട്ടത്തിന്റെ ഇടവേളകളിലാണു ജയേഷിന്റെ തിരക്കഥകൾ പിറക്കുന്നത്. എഴുത്ത് പൂർണമായും ഓട്ടോയുടെ മുൻ സീറ്റിൽ ഇരുന്നാണ്. ഇതിനുള്ള സംവിധാനം എല്ലാം ഓട്ടോയിലുണ്ട്. ഓട്ടത്തിന് ഇടയിൽ കിട്ടുന്ന സൂചനകൾ അപ്പോൾ തന്നെ കുറിച്ചു വയ്ക്കും. ഓട്ടോസ്റ്റാൻഡിൽ എത്തി അവയെല്ലാം തിരക്കഥയിലേക്കു സന്നിവേശിപ്പിക്കും.

തിരക്കഥാകൃത്തായത്  കോവിഡ് കാലത്ത്
കോവിഡ് കാലത്താണ് തിരക്കഥ രചന തുടങ്ങിയതെന്ന് ജയേഷ് പറയുന്നു. സമൂഹമാധ്യമങ്ങളിലെ എഴുത്ത് തിരക്കഥയിലേക്ക് മാറ്റുകയായിരുന്നു. മക്കളെല്ലാം വിദേശത്തു പോയതോടെ ഒറ്റപ്പെട്ടു പോയ അമ്മയുടെ കഥ ‘ നൊമ്പരമാണ് ’ ആദ്യത്തെ തിരക്കഥ. 7 മിനിറ്റ് ടെലിഫിലിമിനു നല്ല പ്രതികരണം ലഭിച്ചു. ഇതോടെ പേര് ജയേഷ് നെത്തല്ലൂർ എന്നാക്കി മാറ്റി. പിന്നീട് 3 ടെലിഫിലിമിനു കൂടി തിരക്കഥ എഴുതി.

അടുത്ത തിരക്കഥ സിനിമയ്ക്ക്
ടെലിഫിലിം തിരക്കഥ സിനിമാ തിരക്കഥയിലേക്ക് മാറുകയാണ് ജയേഷ്. ‘ അവൾ പറയുന്നതിലും കാര്യമുണ്ട് ’ എന്നതാണ് സിനിമയുടെ പേര്. തിരക്കഥ അവസാനഘട്ടത്തിലാണ്. ഒരു കുടുംബത്തിലെ വിശേഷങ്ങൾ നർമത്തിൽ പറയുന്നതാണ് സിനിമ. ജൂൺ അവസാനത്തോടെ ഷൂട്ടിങ് തുടങ്ങുമെന്ന് ജയേഷ് പറയുന്നു. 

നിത്യജീവിതത്തിലെ യാഥാർഥ്യങ്ങളെ കഥകളിലേക്ക് പകർത്തി അവയ്ക്ക് ജീവൻ നൽകുന്നതാണ് ജയേഷിന്റെ രചനകൾ. യാത്രയിൽ നിന്നാണ് കഥക്കൂട്ടുകൾക്കുള്ള വിഭവങ്ങൾ ലഭിക്കുന്നത്. കഥയെഴുത്തിന്റെ ഒപ്പം അഭിനയത്തിലും സജീവമായ ജയേഷിന്റെ ഭാര്യ ആതിര കറുകച്ചാലിലെ വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരിയാണ്. മക്കൾ: അക്ഷയ, ശ്രീയേഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com