ADVERTISEMENT

കോട്ടയം ∙ ഗവ. മെഡിക്കൽ കോളജിലെ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി എം.രാജയുടെ ഹൃദയം കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലൂടെ ആലപ്പുഴ സ്വദേശി ഹരി വിഷ്ണുവിന്റെ (26) ശരീരത്തിൽ തുടിച്ചു തുടങ്ങി. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ തുടർച്ചയായി 10 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയെന്ന നേട്ടം ഇനി കോട്ടയത്തിനു സ്വന്തം.

കന്യാകുമാരി സ്വദേശിയായ ഡ്രൈവർ എം.രാജയെ (38) തലയ്ക്കുള്ളിലെ രക്തസ്രാവം മൂലമാണു വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചയോടെ മസ്തിഷ്കമരണം സംഭവിച്ചു. തുടർന്ന് അവയവദാനത്തിനു രാജയുടെ ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു. ഹൃദയം, കരൾ, 2 വൃക്കകൾ എന്നിവയാണു ദാനം നൽകിയത്. ഉച്ചയ്ക്ക് ഒന്നരയോടെ വിവരം കോട്ടയം മെഡിക്കൽ കോളജിൽ ലഭിച്ചു.

തുടർന്നു മെഡിക്കൽ കോളജ് സൂപ്രണ്ടും കാർഡിയോ തൊറാസിക് സർജനുമായ ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി 7.45നു തിരുവനന്തപുരത്തേക്കു തിരിച്ചു. 11ന് ആരംഭിച്ച അവയവ വേർതിരിക്കൽ ശസ്ത്രക്രിയ 5 മണിക്കൂർ നീണ്ടു. പുലർച്ചെ 4.45ന് ഹൃദയവുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക്. രാവിലെ 6.45നു കോട്ടയം മെഡിക്കൽ കോളജിലെത്തി.

തുടർന്നു ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. 10.15നു പൂർത്തിയായി. രോഗി ഇപ്പോൾ വെന്റിലേറ്ററിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോ. ജയകുമാർ പറഞ്ഞു.ഹൃദയഭിത്തികൾ വികസിക്കുന്ന രോഗമാണു ഹരിവിഷ്ണുവിന്. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു ഡോക്ടർമാർ പറഞ്ഞതോടെ സർക്കാറിന്റെ അവയവദാന പദ്ധതിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു.രാജയുടെ ഭാര്യ എല്ലി സുമിത നാഗർകോവിൽ കോടതിയിലെ താൽക്കാലിക ജീവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളാണ് ഇവർക്കുള്ളത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com