ADVERTISEMENT

കോട്ടയം ∙ സത്യം പറയുന്ന സത്യപാലന്റെ അപേക്ഷ കള്ളവും സാങ്കേതികത്വവും നിറഞ്ഞ ഫയൽകൊണ്ടു സർക്കാർ തീർപ്പാക്കി. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിൽ അധികമായി അടച്ച മൂല്യവർധിത നികുതി (വാറ്റ്) തിരികെ ലഭിക്കുന്നതിന് 84–ാം വയസ്സിലും സർക്കാരിന്റെയും കോടതിയുടെയും പടികൾ കയറിയിറങ്ങുകയാണ് ഇദ്ദേഹം. പക്ഷാഘാതം വന്ന് അവശതയിലായിട്ടും ഒറ്റയാൾ പോരാട്ടത്തിലാണു തടി വ്യാപാരിയായ എരുമേലി കനകപ്പലം തടത്തിൽ പി.കെ.സത്യപാലൻ. പലിശയടക്കം 60 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഇദ്ദേഹം പറയുന്നു. വാറ്റ് ഇനത്തിൽ 2010–17ൽ ഓൺലൈനായി അധികമടച്ച 17 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്നാണു സത്യപാലന്റെ പരാതി.

പലിശയടക്കം 60 ലക്ഷം വേണമെന്നാണ് ആവശ്യം. ഇതിൽ 2012–13 വർഷത്തെ റീഫണ്ടിനു മാത്രമേ അർഹതയുള്ളൂവെന്നും ആ തുകയായ 72,844 രൂപ നൽകി ഫയൽ തീർപ്പാക്കിയെന്നുമാണു ചരക്കുസേവന നികുതി വകുപ്പിന്റെ വാദം. ഇതിനെതിരെ സത്യപാലൻ ഹൈക്കോടതിയെ സമീപിച്ചു.  ടാക്സ് അപ്‍ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാൻ ഹൈക്കോടതി ഉത്തരവായി. എന്നാൽ, ടാക്സ് ജില്ലാ കമ്മിഷണറോ ജോയിന്റ് കമ്മിഷണറോ (അപ്പീൽ) തീർപ്പാക്കാത്ത പരാതികൾ മാത്രമേ പരിഗണിക്കാൻ കഴിയൂവെന്ന കാരണത്താൽ ട്രൈബ്യൂണൽ കേസ് തള്ളി. തുടർന്നാണു മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അപേക്ഷ നൽകിയത്. ഒരു രൂപ പോലും തിരികെ നൽകാതെ, അപേക്ഷ തീർപ്പാക്കിയെന്ന മറുപടി മാത്രമാണു സർക്കാരിൽനിന്നു ലഭിച്ചതെന്നും വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും സത്യപാലൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com