ഒറ്റ മഴയിൽ ഒഴുകിപ്പോയത് 20 ലക്ഷം രൂപ ! തിരുവാമ്പാടിയിൽ വലിയ തോട്ടിൽ നിർമിച്ച തടയണയുടെ അടിവശം തകർന്നു

Mail This Article
പാഴുത്തുരുത്ത് ∙ വലിയ തോട്ടിൽ തിരുവാമ്പാടിയിൽ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച തടയണ (ചീപ്പ്) നിർമാണത്തിലെ അപാകത മൂലം ഉപയോഗശൂന്യമായി. ഒറ്റ മഴയിൽ തന്നെ തടയണയുടെ അടിവശം തകർന്ന് വെള്ളം കുത്തിയൊഴുകുകയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപയാണ് വെള്ളത്തിലായത്. വേനൽക്കാലത്തെ കടുത്ത ജലക്ഷാമം നേരിടാനാണ് നിലവിലുണ്ടായിരുന്ന തകർന്ന തടയണ പൊളിച്ചു നീക്കി പുതിയത് നിർമിച്ചത്.
ആധുനിക രീതിയിലുള്ള തടയണയും ഇരു വശങ്ങളിലെ സംരക്ഷണ ഭിത്തിയും നിർമിക്കാൻ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ നിന്നു 2 ഘട്ടങ്ങളിലായി 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. പല തവണ മുടങ്ങിയ തടയണ നിർമാണം അടുത്തയിടെ പൂർത്തിയായി. തോട്ടിൽ നീരൊഴുക്ക് തുടങ്ങിയതോടെ വെള്ളം തടയണയ്ക്കടിയിലൂടെ കുത്തിയൊഴുകുകയാണ്. വെള്ളം ഷട്ടറിട്ട് തടഞ്ഞു നിർത്താനും കഴിയുന്നില്ല.
ശക്തമായ നീരൊഴുക്ക് ഉണ്ടായാൽ ചീപ്പ് തകരുമെന്ന് പ്രദേശവാസികളും കർഷകരും പറയുന്നു. തടയണ നിർമാണം തുടങ്ങിയ ഘട്ടത്തിൽ തന്നെ കനാലിൽ നിന്നു വെള്ളമെത്തി നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതാണ്. ഇതോടെ പണികൾ ഉപേക്ഷിച്ചിരുന്നു. വേനൽ കടുത്തതോടെ ഉപേക്ഷിക്കപ്പെട്ട തടയണ നിർമാണം 7 ലക്ഷം രൂപ കൂടി അനുവദിച്ച് പൂർത്തിയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തോട്ടിൽ വെള്ളം എത്തിയതോടെയാണു നിർമാണത്തിലെ അപാകത അധികൃതർക്കു ബോധ്യമായത്. തോട്ടിൽ നീരൊഴുക്ക് ആരംഭിച്ചതോടെ ഇനി അടുത്ത കാലത്തൊന്നും തടയണയുടെ അപാകത പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഫലത്തിൽ തടയണ നിർമാണം കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. കൂടാതെ തടയണയിൽ വർഷകാലത്ത് മരങ്ങളും മാലിന്യങ്ങളും വന്നടിയുന്നതോടെ പാഴുത്തുരുത്ത്, തിരുവാമ്പാടി പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിലാകുന്ന സ്ഥിതിയാണ്.
ചീപ്പ് നിർമാണം പൂർത്തിയാകുന്നതോടെ പാഴുത്തുരുത്ത്, തിരുവാമ്പാടി, അരുണാശേരി, കൂവേലി പാടശേഖരങ്ങളിൽ നെൽകൃഷിക്കും പാഴുത്തുരുത്ത് പാടശേഖരത്തിലും തിരുവാമ്പാടിയിലും പച്ചക്കറിക്കൃഷിക്കും വെള്ളം എത്തിക്കാൻ കഴിയുമെന്നും പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമാകുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ ഇതൊന്നും യാഥാർഥ്യമായില്ല.