ADVERTISEMENT

കടലുണ്ടി ∙ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിൽ 8 പേർക്കു സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. 199 പേരെ പരിശോധിച്ചപ്പോഴാണു പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. ഇതോടെ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഉറവിടം വ്യക്തമല്ലാതെ കോവിഡ് സ്ഥിരീകരിച്ചയാളുടെ 4 ബന്ധുക്കൾ, ചാലിയപ്പാടം സ്വദേശി, ആനപ്പടി സ്വദേശി, മണ്ണൂർ പഴയ ബാങ്ക് സ്വദേശികൾ എന്നിവർക്കാണു സമ്പർക്കത്തിലൂടെ കോവിഡ്      സ്ഥിരീകരിച്ചത്.

പഞ്ചായത്ത് 20ാം വാർഡിൽ ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു വ്യാപന സാധ്യത മുന്നിൽ കണ്ടാണ് ആന്റിജൻ പരിശോധന. ഇതിൽ 8 പേർക്കു ഫലം പോസിറ്റീവ് ആയതു കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ കോവിഡ് പോസിറ്റീവ് ആയവരുമായി പ്രാഥമിക സമ്പർക്കത്തിലായി ക്വാറന്റീനിൽ കഴിഞ്ഞ പഞ്ചായത്തിലെ മുഴുവൻ പേരുടെയും സ്രവ സാംപിളുകൾ പരിശോധിച്ചു. 

ഫറോക്ക്   താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ലാലു ജോൺസ്, ചാലിയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.അരവിന്ദ് ജോഷി, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ വൊളന്റിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കടലുണ്ടിയിൽ ഇന്ന് സർവകക്ഷി യോഗം 

കടലുണ്ടി ∙ സമ്പർക്കത്തിലൂടെ 8 പേർക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചു. ഇന്നു രാവിലെ 10.30നു പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണു യോഗം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും വാർഡുതല ദ്രുത കർമ സംഘത്തിന്റെ പ്രവർത്തനം ശക്തമാക്കുന്നതിനുമാണ് യോഗം

കടലുണ്ടി 20ാം വാർഡിലെ 4 റോഡുകൾ അടച്ചു

കടലുണ്ടി ∙ യുവാവിനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു കണ്ടെയ്ൻമെന്റ് സോണാക്കിയ കടലുണ്ടി 20ാം വാർഡിലെ 4 റോഡുകൾ പൊലീസ് അടച്ചു. ലെവൽ ക്രോസ്–വാക്കടവ് റോഡിലെ ബികെ റോഡ്, കുണ്ടനാരി റോഡ്, തടത്തിൽ പ്രൈവറ്റ് റോഡ്, കക്കാട്ടുതറ നടപ്പാത എന്നിവയാണ് അടച്ചത്. കർശന നിയന്ത്രണം ഏർപ്പെടുത്തിയ മേഖലയിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കി.

കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഭക്ഷ്യ–അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മാത്രമേ പ്രവർത്തിക്കാവൂ. മത്സ്യ–മാംസ വിൽപന പാടില്ല.

പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്നു കോവിഡ് വ്യാപനം തടയാനുള്ള നടപടി ഊർജിതമാക്കി. പരിസരം അണുവിമുക്തമാക്കാൻ തീരുമാനിച്ചു. കോവിഡ് സ്ഥിരീകരിച്ച ആളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള 32 പേരെ ആരോഗ്യ വകുപ്പ് ക്വാറന്റീനിലാക്കി. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഇയാൾക്ക് എവിടെ നിന്നാണു രോഗം പടർന്നതെന്നു വ്യക്തമായിട്ടില്ല. 

ഇതോടെ ആരോഗ്യ വകുപ്പ് അധികൃതർ ആശങ്കയിലാണ്. പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അജയകുമാർ, വൈസ് പ്രസിഡന്റ് എം.നിഷ, സ്ഥിരം സമിതി അധ്യക്ഷരായ പിലാക്കാട്ട് ഷൺമുഖൻ, സി.രമേശൻ, ബേപ്പൂർ എസ്ഐ കെ.ശ്യാം, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ നോബിൾ, ജെഎച്ച്ഐ ആർ.കെ.രമിൽ, സന്നദ്ധ വൊളന്റിയർമാർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com