ADVERTISEMENT

തിരുവമ്പാടി ∙ മണ്ഡലത്തിലെ സമഗ്ര മേഖലകളിലുള്ള വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ. മലയാള മനോരമയുടെ ഹലോ എംഎൽഎ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുത്ത് ജനങ്ങളുടെ നിർദേശങ്ങൾക്കും പരാതികൾക്കും മറുപടി പറയുക ആയിരുന്നു എംഎൽഎ. മണ്ഡലത്തിലെ മേജർ പദ്ധതികളായ തുരങ്ക പാത, മലയോര ഹൈവേ, ജലവൈദ്യുത പദ്ധതികൾ, റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 232 കോടി രൂപ വകയിരുത്തിയ കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിലെ ഓമശ്ശേരി – എരഞ്ഞിമാവ് റീച്ച് എന്നിവ പൂർത്തിയാക്കും.

റെസ്പോൺസിബിൾ ടൂറിസം, ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകൾ, അഗ്രോ പാർക്ക്, മലയോര വ്യാവസായിക ഇടനാഴി, മേജർ കുടിവെള്ള പദ്ധതി, 77 കോടി രൂപയുടെ തിരുവമ്പാടി– മറിപ്പുഴ റോഡ് നവീകരണം, സൈബർ പാർക്ക്, സ്റ്റാർട്ടപ്പുകൾ, മെഗാ കോൾഡ് സ്റ്റോറേജ്, കായിക മേഖല സമഗ്ര വികസന പദ്ധതി, കാർഷിക ഉൽപന്ന മൂല്യവർധിത ചെറുകിട വ്യവസായ സംരംഭം എന്നിവ ഏറ്റെടുത്തു പൂർത്തീകരിക്കുമെന്നും സൂചിപ്പിച്ചു.വായനക്കാർ ഉന്നയിച്ച പ്രസക്തമായ പരാതികളും നിർദേശങ്ങളും അവയ്ക്ക്എംഎൽഎ നൽകിയ മറുപടിയും.

? കോടഞ്ചേരി മൈക്കാവ്– ചുണ്ടക്കുന്ന് ഹെൽത്ത് സെന്ററിൽ ഡോക്ടറെ നിയമിക്കാൻ നടപടി എടുക്കുമോ.- ടി.എസ്.ചെറിയാൻ.
ഇത് ആരോഗ്യ ഉപകേന്ദ്രമായി ആണ് നേരത്തേയും ഇപ്പോഴും പ്രവർത്തിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു കുടുംബാരോഗ്യ കേന്ദ്രം എന്നതാണ് സർക്കാർ‍ നയം. അതിപ്പോൾ കോടഞ്ചേരിയിൽ ഉണ്ട്. ഡോക്ടർ അടക്കമുള്ള സൗകര്യം വേണമെങ്കിൽ സർക്കാർ തീരുമാനം ആവശ്യമാണ്. സ്ഥലസൗകര്യം ഉള്ളതുകൊണ്ടു വികസന സാധ്യത ഉണ്ട്. ഈ വിഷയം പരിശോധിക്കാം.

? കോടഞ്ചേരി – ഈരൂട്– ഇറച്ചിപ്പാറ – അമ്പായത്തോട് റോഡ് പണി ഉടനെ പൂർത്തിയാക്കുമോ- ഇ.കെ.അഷ്റഫ് ഇറച്ചിപ്പാറ
ബജറ്റ് നിർദേശമുള്ള പദ്ധതിയാണ് ഇത്. ആവശ്യമായ തുക വകയിരുത്തിയിട്ടില്ല. പ്രവ‍ൃത്തിക്കു മുൻഗണന നൽകി ഈ സർക്കാരിന്റെ കാലത്തു തന്നെ ഈരൂട് പാലം ഉൾപ്പെടെ റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കും.

? മുക്കം നഗരസഭയിലെ 32–ാം ഡിവിഷൻ കുടിവെള്ള ക്ഷാമം പരിഹരിക്കുമോ -എൻ.ടി. റെജു.
ജലജീവൻ മിഷനിൽ ആദ്യഘട്ടത്തിൽ നഗരസഭകൾ ഉൾപ്പെട്ടിട്ടില്ല. അടുത്ത ഘട്ടത്തിൽ ഇത് ഉണ്ടാകും. വലിയ പദ്ധതിയിൽ ഉൾപ്പെടുത്തിയാലേ വിഷയം ശാശ്വതമായി പരിഹരിക്കാനാകൂ. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും.

? കക്കാടംപൊയിൽ – പെരുമ്പൂള– പന്തപ്പിള്ളി കവല– നായാടംപൊയിൽ റോഡ് നവീകരണ നടപടിക്കു പരിഹാരം ഉണ്ടാകുമോ. -ബാബു ചെല്ലന്തറയിൽ
നബാർഡ് ആർഎഡിഎഫ് ഫണ്ട് ഉപയോഗിച്ച് പ്രവ‍ൃത്തി നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

? ചെമ്പുകടവ് – പാറപ്പറ്റ പാലം നിർമാണത്തിനു നടപടി സ്വീകരിക്കുമോ. -സാജൻ തോമസ്
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 1കോടി രൂപ അനുവദിച്ചതാണ്. എന്നാൽ വലിയ പാലം വേണമെന്ന ആവശ്യം ഉയർന്നതോടെ 2 കോടിയുടെ ഭരണാനുമതിക്കായി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ചാൽ പ്രവ‍ൃത്തി ആരംഭിക്കും.

? കുടുംബശ്രീ സംവിധാനം ഉപയോഗിച്ചുള്ള കുപ്പിവെള്ള നിർമാണം, നാളികേരത്തിൽനിന്നുള്ള മൂല്യവർധിത ഉൽപന്നം, റബർ അധിഷ്ഠിത വ്യവസായം എന്നിവയുടെ സാധ്യത നടപ്പാക്കുമോ. -ഷാജു തോമസ് കടുകക്കുന്നേൽ പുന്നയ്ക്കൽ
ശ്രദ്ധയിൽ ഉള്ള പദ്ധതികളാണ് ഇവ. കാർഷിക മേഖലയിൽ കോൾഡ് സ്റ്റോറേജ്, അഗ്രോ പാർക്ക് തുടങ്ങിയ പദ്ധതികൾ പരിഗണനയിൽ ഉണ്ട്.

? മലയോര ഹൈവേ നെല്ലിപ്പൊയിൽ–മഞ്ഞുവയൽ –പുല്ലൂരാംപാറ റീച്ച് മുടങ്ങി കിടക്കുന്നതിനു പരിഹാരം ഉണ്ടാകുമോ, വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ മാറ്റുമോ, കെഎസ്ഇബി ലൈൻ മാറ്റുന്നതിനുള്ള നടപടി എന്തായി. -വിൻസെന്റ് വടക്കേമുറി
കെഎസ്ഇബി ഹൈടെൻഷൻ ലൈൻ മാറ്റാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ മാറ്റുന്ന പ്രവ‍ൃത്തി എസ്റ്റിമേറ്റ് അനുമതിക്കു കിഫ്ബി സിഇഒയെ സമീപിച്ചിട്ടുണ്ട്. ഈ ജോലികൾ ആരംഭിച്ചാലേ നെല്ലിപ്പൊയിൽ – ഇലന്തുകടവ് റോഡിന്റെ പ്രവ‍ൃത്തി തുടരാൻ പറ്റൂ.

? നൂറാംതോട് 2–ാംവാർഡ് ഹൈമാസ്റ്റ് ലൈറ്റ്, പള്ളിയുടെ അടുത്തുള്ള പാലം, പോത്തുണ്ടി പാലം എന്നിവ ശരിയാക്കാൻ നടപടി ഉണ്ടാകുമോ. -എം.ഹംസ
ഹൈമാസ്റ്റ് ലൈറ്റ് പരിപാലനം ഗ്രാമ പഞ്ചായത്ത് ആണ് ചെയ്യേണ്ടത്. പോത്തുണ്ടി പാലം പ്രവ‍ൃത്തി പുരോഗമിക്കുന്നു. നൂറാംതോട് കലുങ്ക് ബലപ്പെടുത്താനുള്ള പ്രവ‍ൃത്തിയാണ് നിലവിൽ ആവിഷ്കരിച്ചത്. വൈകാതെ കലുങ്ക് പൊളിച്ച് പാലം പണിയുന്നതിനു നടപടി സ്വീകരിക്കും.

? മുക്കം –തേക്കുംകുറ്റി–കൂമ്പാറ റോഡ് നവീകരണം അനന്തമായി നീളുന്നതിനു പരിഹാരം ആകുമോ -ഷൈജു തോമസ് തേക്കുംകുറ്റി.
ഈറോഡിൽ സി.ആർ.എഫ് ഫണ്ട് ഉപയോഗിച്ചു പ്രവൃത്തി നടന്നു വരിക ആണ്. നിലവിൽ ആനക്കല്ലുംപാറ– താഴെകക്കാട് വരെ ടാറിങ് പൂർത്തിയായി.മഴ മാറിയാൽ ബാക്കി സ്ഥലങ്ങളിലും ടാറിങ് നടക്കും.

? തുഷാരഗിരിയിൽ ടൂറിസം വകുപ്പിനു കോട്ടേജ് നിർമാണത്തിനും വാച്ച് ടവറിനുമായി എന്റെ ഉടമസ്ഥതയിൽ ഉള്ള 35 സെന്റ് സ്ഥലം 12 വർഷം മുൻപ് ആധാരം ചെയ്തു കൊടുത്തു. എന്നാൽ ഇതുവരെയും ഒരു വികസന പദ്ധതിയും നടപ്പാക്കിയില്ല. വികസനം ഇല്ലെങ്കിൽ ഈ സ്ഥലം തിരികെ തരാൻ നടപടി സ്വീകരിക്കണം. -ബേബി കൊട്ടപ്പള്ളിൽ
ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടു പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കും.

? തിരുവമ്പാടി കെഎസ്ആർടിസി സബ് ഡിപ്പോ മന്ത്രി തറക്കല്ലിട്ടു പ്രവ‍ൃത്തി ഉദ്ഘാടനം നടത്തിയിട്ടു 3 വർഷം ആയി. എന്നാൽ ഇതുവരെയും ഒരു പ്രവൃത്തിയും നടത്തിയില്ല. ഇതിനു നടപടി എടുക്കുമോ. -ജയിംസ് മറ്റത്തിൽ
പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം കെഎസ്ആർടിസിക്കു കൈമാറുന്നതിനു സാങ്കേതിക തടസ്സങ്ങൾ ഉണ്ട്. ഊരാളുങ്കൽ സൊസൈറ്റി ആയിരുന്നു പ്രവ‍ൃത്തി ഏറ്റെടുത്തിരുന്നത്. എന്നാൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ഇല്ലാതെ പങ്കെടുക്കുന്നതിൽ സൊസൈറ്റി പ്രയാസം അറിയിച്ചു പിൻമാറി. പുതുക്കിയ ഭരണാനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതു ലഭിക്കുന്ന മുറയ്ക്കു പ്രവ‍ൃത്തി ആരംഭിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ആയതിനാൽ അനുവദിച്ച ഫണ്ട് ലാപ്സ് ആകില്ല.

? തിരുവമ്പാടി ഗവ. ഐടിഐ കെട്ടിട നിർമാണം പ്രവ‍ൃത്തി ഉദ്ഘാടനം നടത്തിയിട്ട് ഒരുവർഷം ആയി ഇതുവരെയും നിർമാണം തുടങ്ങിയില്ല. ഇതിനു നിർമാണത്തിനു നടപടി സ്വീകരിക്കുമോ. -സാലസ് മാത്യു
കരാറുകാരൻ പ്രവ‍ൃത്തി ഏറ്റെടുത്തതാണ്. കോമ്പൗണ്ടിലൂടെ ഉള്ള വഴിയുമായി ബന്ധപ്പെട്ടു പ്രദേശവാസികളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വൈകാതെ പ്രവ‍ൃത്തി ആരംഭിക്കും.

? തിരുവമ്പാടി ടൗൺ വികസനത്തിനും ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനും മാസ്റ്റർ പ്ലാൻ തയാറാക്കി 3.5 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി മുൻ എംഎൽഎ ജോർജ് എം.തോമസ് അറിയിച്ചിരുന്നു. ഇതിന്റെ നടപടി എന്തായി. അഗസ്ത്യൻമൂഴി– കൈതപ്പൊയിൽ റോഡ് നവീകരണം അനന്തമായി നീളുന്നതിനാൽ സ്ലാബ് ഇല്ലാത്ത ഓടയിൽ നിരവധി ആളുകൾ വീണു പരുക്കു പറ്റുന്നു. റോഡ് നവീകരണം ഡിപിആർ അനുസരിച്ച് തീർക്കാൻ നടപടി സ്വീകരിക്കുമോ. -ജിജി കെ.തോമസ്
ടൗൺ വികസനത്തിനു 3 കോടി രൂപ നീക്കി വച്ചിരുന്നു. അഗസ്ത്യൻമൂഴി– കൈതപ്പൊയിൽ റോഡ് നവീകരണം നടക്കുന്നതിനാൽ ഒരു ഭാഗം മുഴുവൻ ഈ റോഡ് നവീകരണത്തിൽ വരുന്നതാണ്. സമഗ്രമായ മാസ്റ്റർ പ്ലാനിൽ ഡ്രെയ്നേജ്, തോട് നവീകരണം ഉൾപ്പെടെയുള്ളതു വരണം. ടൗണിലെ റോഡ് ഉയർത്തുകയും വേണം. ഇതിനു കൂടുതൽ തുക വകയിരുത്തിയുള്ള സമഗ്ര മാസ്റ്റർ പ്ലാൻ ഉണ്ടാക്കണം. കൈതപ്പൊയിൽ – അഗസ്ത്യൻമൂഴി റോഡ് നവീകരണം പല കാരണങ്ങൾ കൊണ്ടും നീണ്ടുപോയി. കോവിഡ്, ഭൂമി വിട്ടു കിട്ടാത്ത പ്രശ്നം, യൂത്ത് കോൺഗ്രസുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള സ്റ്റേ, കരാർ എടുത്ത കമ്പനിയുടെ അനാസ്ഥ, സാമ്പത്തിക പ്രതിസന്ധി എന്നിവയെല്ലാം കാലാവധിക്കുള്ളിൽ പ്രവ‍ൃത്തി പൂർത്തീകരിക്കുന്നതിനു തടസ്സമായി. ആദ്യം യൂട്ടിലിറ്റി ഡക്ടുകൾ വേണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും 10 മീറ്റർ റോഡിൽ ഇതു വേണ്ടെന്ന് അനുമതി നൽകിയവർ തന്നെ പിന്നീടു നിർദേശിച്ചു. 12 മീറ്ററിൽ നവീകരണം നടക്കുന്ന മലയോര ഹൈവേയിലും യൂട്ടിലിറ്റി ഡക്ടുകൾ ഇല്ല. ബാക്കി പ്രവ‍ൃത്തി കൂടി ഉടനെ പൂർത്തീകരിച്ച് ഈ സീസണിൽ തന്നെ കൈതപ്പൊയിൽ –അഗസ്ത്യൻമൂഴി റോഡ് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

? കോടഞ്ചേരി ടൗണിൽ റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്യാൻ നടപടി ഉണ്ടാകുമോ, തിരുവമ്പാടി– മുക്കം ടൗണുകളിൽ റോഡ് നവീകരണത്തെ തുടർന്നു വ്യാപാരികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കുമോ. -സി.ജെ.ടെന്നിസൺ
കോടഞ്ചേരി ടൗണിൽ മലയോര ഹൈവേ പ്രവ‍ൃത്തി ആരംഭിച്ചിട്ടില്ല. പ്രവ‍ൃത്തി പൂർത്തിയാകുമ്പോൾ ടൗണിലെ റോഡരികിൽ ഇന്റർലോക്ക് ഇടുന്നതടക്കം നടക്കും. മുക്കം ടൗൺ വികസനത്തിൽ ആർക്കും ആശങ്ക വേണ്ട. സമയബന്ധിതമായി പ്രവ‍ൃത്തി തീരുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കും.

? കണ്ണപ്പൻക്കുണ്ട് റെജിമുക്ക് ദ്വീപിൽ പുഴയ്ക്ക് പാലം ഇല്ലാത്തതിനാൽ കുട്ടികളും രോഗികളും അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം ഉണ്ടാക്കുമോ. -എ.കെ.വേണു
എൻആർഇജി പദ്ധതി ഫണ്ട് ഉപയോഗിച്ചു പ്രവ‍ൃത്തി നടത്താൻ കഴിയും. ഇതിനു പറ്റുന്നില്ലെങ്കിൽ മറ്റു സാധ്യതകൾ പരിഗണിക്കും.

? മണ്ഡലത്തിൽ പൊതു സ്വിമ്മിങ് പൂൾ, അങ്ങാടികളിൽ പൊലീസ് എയ്ഡ് പോസ്റ്റ്, സോളർ വൈദ്യുതി വിളക്ക് എന്നിവ സ്ഥാപിക്കുമോ. -ജയേഷ് സ്രാമ്പിക്കൽ
വൈദ്യുത ലൈറ്റുകൾ മിക്ക സ്ഥലങ്ങളിലും ഉണ്ട്. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഇനിയും ആവശ്യമുള്ളത് സ്ഥാപിക്കും. എയ്ഡ് പോസ്റ്റുകളിൽ ലഭ്യത അനുസരിച്ചു പൊലീസ് സേവനം ഉറപ്പാക്കും.

? മലയോര ഹൈവേ നിർമാണത്തിനു സഹായിക്കുവാൻ നിലവിലുണ്ടായിരുന്ന പ്രാദേശിക ജനകീയ കമ്മിറ്റികൾ പഞ്ചായത്തു തിരഞ്ഞെടുപ്പോടെ നിർജീവമായി. അതിനാൽ റോഡ് നവീകരണത്തിൽ പല സ്ഥലങ്ങളിലും തർക്കങ്ങളും പ്രശ്നങ്ങളും ഉണ്ട്. ഇതു പരിഹരിക്കാൻ നടപടി ഉണ്ടാകുമോ. -കെ.സി.മാത്യു കൊച്ചുകൈപ്പേൽ
ഇത് നല്ലൊരു നിർദേശമാണ്. പ്രശ്ന പരിഹാരത്തിനു ജനകീയ കമ്മിറ്റികൾ ഓരോ ഭാഗത്തും ഉണ്ടാകണം. വിഭാഗീയത ഇല്ലാതെ എല്ലാ പ്രശ്നത്തിനും ഇത്തരം കമ്മിറ്റികൾക്ക് ഇടപെടാൻ സാധിക്കും. മലയോര ഹൈവേ നവീകരണവും ആയി ബന്ധപ്പെട്ടു നിലവിലുണ്ടായിരുന്ന കമ്മിറ്റികൾ ഒന്നും പിരിച്ചു വിട്ടിട്ടില്ല. ആവശ്യമായ മാറ്റങ്ങളോടെ ഇത്തരം കമ്മിറ്റികൾ സജീവമാക്കാൻ എല്ലാവരും സഹകരിക്കണം.

? പുന്നയ്ക്കൽ ഹൈസ്കൂളിന്റെ മുന്നിലുള്ള തോടിന് ഇപ്പോൾ കുമുകു തടികൊണ്ടുള്ള പാലമാണുള്ളത്. ഇതു രോഗികൾക്കും കുട്ടികൾക്കും ദുരിതമുണ്ടാക്കുന്നു. ഒരു നടപ്പാലം എങ്കിലും ഇവിടെ നിർമിക്കാമോ. -അമലാ റാണി മൈക്കിൾ
പഞ്ചായത്തുമായി ബന്ധപ്പെട്ടോ തൊഴിലുറപ്പു പദ്ധതിയിലോ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാൻ പറ്റുമോ എന്നു നോക്കാം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ ഫണ്ട് വിനിയോഗിക്കാൻ പറ്റും.

? മരഞ്ചാട്ടി ചുണ്ടത്തുംപൊയിൽ പ്രദേശങ്ങളിൽ വീടു നിർമിക്കാൻ അനുമതി ലഭിക്കാത്തതിനു പരിഹാരം ഉണ്ടാക്കുമോ. -പി.വി.ബിജു പുത്തൻപുരയ്ക്കൽ
ഭൂപരിഷ്കരണ വിഷയത്തിൽ കാലാനുസൃതമായ മാറ്റം വരുത്തിയാലേ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാകു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com