പുതുപ്പണം പ്രദേശക്കാർ പറയുന്നു: പരിഹാരം അടിപ്പാത
Mail This Article
വടകര ∙ ദേശീയപാത 66ൽ മൂരാടിനും കരിമ്പനപ്പാലത്തിനും ഇടയിൽ നാലര കിലോ മീറ്റർ വരുന്ന പുതുപ്പണത്തെ ജനങ്ങളുടെ ദൈനംദിന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തം. പുതുപ്പണം എസ്പി ഓഫിസിന് സമീപം ഉപയോഗശൂന്യമായ കലുങ്ക് ഉള്ള ഭാഗത്ത് അടിപ്പാത നിർമിച്ചാൽ ഉപകാരപ്പെടും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പ്രവൃത്തികൾ ഒന്നും നടക്കാത്ത ഭാഗം കൂടിയാണിത്.
വിദഗ്ധർ അടങ്ങിയ പൗര സമൂഹ കൂട്ടായ്മ അധികൃതരെ സമീപിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. സർവേ 202/1 വരുന്ന ഭാഗത്ത് ഇപ്പോൾ കലുങ്ക് മാത്രമാണ് ഉള്ളത്. നാട്ടുകാരും എൻഎച്ച് സമര സമിതിയും അടിപ്പാത വേണമെന്ന് ആവശ്യം ഉന്നയിക്കുന്നു.ആറുവരി പാതയിൽ നടപ്പാലം പ്രായോഗികമല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പാലോളിപ്പാലം മുതൽ മൂരാട് വരെ റോഡ് കോൺക്രീറ്റ് പൂർത്തിയായി. ഈ ഭാഗത്ത് കൂടി കഴിഞ്ഞ ദിവസം മുതൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പാലോളിപ്പാലത്തിന്റെ നിർമാണം നേരത്തെ പൂർത്തിയായിട്ടുണ്ട്.
മൂരാട് പാലം അവസാനഘട്ടത്തിലാണ്. ചീനംവീട് സ്കൂൾ നിന്നിരുന്ന ഭാഗം മുതൽ കരിമ്പനപ്പാലം വരെയാണ് നിർമാണമൊന്നും നടക്കാത്തത്. അതിന് മുൻപ് അടിപ്പാതയ്ക്ക് അനുമതി ലഭ്യമാക്കണം. ദേശീയപാത വിഭാഗം അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നു. ദേശീയപാതയിൽ കരിമ്പനപ്പാലം കഴിഞ്ഞാൽ 5 കിലോ മീറ്റർ കഴിഞ്ഞ് മൂരാട് ഓയിൽ മിൽ ഭാഗത്ത് മാത്രമാണ് നിലവിൽ അടിപ്പാത ഉള്ളത്. പുതുപ്പണത്ത് ഉള്ളവർ ഇത്രയും ദൂരം താണ്ടി വേണം സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ. ഓരോ 2 കിലോ മീറ്ററിലും അടിപ്പാത പണിയും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
ഒട്ടേറെ പ്രധാന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണ് പുതുപ്പണം. എല്ലാം കിഴക്കു ഭാഗത്താണ് ഉള്ളത്. റോഡിന് പടിഞ്ഞാറുള്ളവർ ഒന്നുകിൽ മൂരാടോ അല്ലെങ്കിൽ കരിമ്പനപ്പാലത്തോ പോയി സർവീസ് റോഡിൽ പ്രവേശിച്ചു വേണം ഇവിടങ്ങളിൽ എത്താൻ. 3 സ്കൂളുകൾ, ആശുപത്രി, ബിഎഡ് കോളജ്, എസ്പി ഓഫിസ്, ഇറിഗേഷൻ ഓഫിസ് തുടങ്ങിയവ പുതുപ്പണത്തുണ്ട്.
മണിയൂർ എൻജിനീയറിങ് കോളജിലേക്കും ജവാഹർ നവോദയ വിദ്യാലയത്തിലേക്കും എളുപ്പ വഴിയും പുതുപ്പണമാണ്. പ്രീ മെട്രിക് ഹോസ്റ്റൽ, ആർഡി ഓഫിസ്, സബ് ജയിൽ എന്നിവയ്ക്ക് സ്ഥലം കണ്ടെത്തിയതും പുതുപ്പണത്താണ്.