കടിയിൽനിന്നു രക്ഷപ്പെടാൻ ഓടി, ഇരുട്ടിന്റെ മറവിൽ ദിവസങ്ങളോളം നടന്നു; മൈ ഡിയർ, കാടാണു നല്ലത്
Mail This Article
കോഴിക്കോട് ∙ വഴിതെറ്റി കാട്ടിൽനിന്നു പുറത്തിറങ്ങിയതാണു കക്ഷി... നായ്ക്കൾ പിന്നാലെ കൂടി. കടിയിൽനിന്നു രക്ഷപ്പെടാൻ ഓടി... ഇരുട്ടിന്റെ മറവിൽ ദിവസങ്ങളോളം നടന്നു. ഒടുവിൽ ഇരുട്ടു നിറഞ്ഞ വലിയൊരു കുഴിയിലേക്കു വീണു. പകൽ വെളിച്ചം വന്നപ്പോഴാണു ചുറ്റം വെള്ളം. ചാടിക്കയറാൻ കുറെ ശ്രമിച്ചു നോക്കി. കരിങ്കല്ലിൽ തട്ടി ശരീരമാകെ മുറിഞ്ഞതു മിച്ചം. മുകളിൽ നിന്ന് അപ്പോഴും നായ്ക്കൾ കുരയ്ക്കുന്നുണ്ടായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കണ്ടത് – നല്ല ഒത്ത മ്ലാവ്. താമരശ്ശേരി വനം വകുപ്പിന്റെ ദ്രുതകർമ സേനയിൽ നിന്ന് വൈകാതെ സംഘമെത്തി. മ്ലാവിനെ കരയ്ക്കു കയറ്റി. ഡോ.അരുൺ സത്യന്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നു കണ്ടെത്തി താമരശ്ശേരി വനമേഖലയിൽ തുറന്നു വിട്ടു. വനത്തിൽ നിന്ന് ഇത്രയും അകലെ മലമാനിനെ കിട്ടുന്നത് അപൂർവമാണെന്ന് വനപാലകർ പറഞ്ഞു.
ഒളവണ്ണ ഇരിങ്ങല്ലൂർ അമ്മത്തൂർ സ്കൂളിന് സമീപം റനീഷ് അമ്മത്തൂരിന്റെ വീട്ടുകുളത്തിലാണ് രാവിലെ മ്ലാവ് വീണത്. 4 ദിവസം മുൻപ് കോന്തനാരി പള്ളിയുടെ താഴ്‌വരയിൽ മാമ്പുഴ തീരത്ത് മ്ലാവിനെ കണ്ടവരുണ്ട്. നായ്ക്കൾ പിന്തുടർന്നപ്പോഴാവാം ഓടി 3 കിലോമീറ്ററോളം അകലെയുള്ള അമ്മത്തൂരിൽ എത്തിയതെന്നു വനപാലകർ പറഞ്ഞു.