ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ കൊലപ്പെട്ട ആറു പേരിൽ നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നു ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധന ഫലം. 2020 ൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലും ഇതേ കണ്ടെത്തൽ ഉണ്ടായിരുന്നു. 

കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭർത്താവ് റോയിയുടെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളിലാണു വിഷസാന്നിധ്യമില്ലെന്നു കണ്ടെത്തിയത്.

Also read: വില്ലേജ് ടൂറിസം: തഴപ്പായ നിർമാണവും കള്ളു ചെത്തും മീൻ പിടുത്തവുമൊക്കെയായി ഇസ്രയേലിൽ നിന്നുള്ള 18 അംഗ സംഘം

റോയ് തോമസ്, സിലി ഷാജു എന്നിവരുടെ മരണകാരണം സയനൈഡ് ആണെന്നതിനു ശാസ്ത്രീയ തെളിവ് നേരത്തേ ലഭിച്ചിരുന്നു. കൂടത്തായിയിൽ കൊല്ലപ്പെട്ടവരിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.

മറ്റ് 5 പേരുടെ  മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചെങ്കിലും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ   മൃതദേഹ സാംപിളിൽ മാത്രമാണു  സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.തുടർന്ന് മറ്റു 4 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ വിശദ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

സാഹചര്യത്തെളിവുകൾ  ഉണ്ടെന്ന് പ്രോസിക്യൂഷൻ

കോഴിക്കോട്∙ മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണ് ഫൊറൻസിക് പരിശോധനയിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതെന്നു പ്രോസിക്യൂഷൻ. എല്ലാ കൊലപാതകങ്ങളും നടത്തിയത് ജോളി ജോസഫാണ് എന്നതിനു സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

4 പേരുടെയും  മരണലക്ഷണങ്ങൾ വിശകലനം ചെയ്ത മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പ്രോസിക്യൂഷന്റെ വാദങ്ങൾ ശരി വയ്ക്കുന്നതാണ്. 2002 മുതൽ 2016 മുതലുള്ള കാലയളവിലാണ്  6 കൊലപാതകങ്ങൾ നടക്കുന്നത്. കല്ലറകൾ തുറന്ന് മൃതദേഹാവിഷ്ടങ്ങൾ ശേഖരിച്ചത് 2019 ഒക്ടോബറിൽ. ഈ കാലതാമസമാണു സയനൈഡ് സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.

കൊലപാതക പരമ്പരയിൽ ഏറ്റവും അവസാനം നടന്ന മരണം സിലിയുടേത് ആയിരുന്നു. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. കൂടിയ അളവിൽ സയനൈഡ് ഉപയോഗിച്ചതും ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു. മൃതദേഹാവശിഷ്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താൻ ഇതു രണ്ടും സഹായകരമായെന്നാണു നിഗമനം. അന്നമ്മ തോമസ് 2002ലും ടോം തോമസ് 2008ലും ആൽഫൈൻ ഷാജു, മാത്യു മ‍ഞ്ചാടിയിൽ എന്നിവർ 2014ലുമാണ് മരിച്ചത്.

ഫൊറൻസിക് പരിശോധനാ ഫലത്തിൽ

പുതുതായി ഒന്നുമില്ല. 4 പേരുടെ മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ലെന്ന 2020 ജനുവരിയിൽ തന്നെ  കണ്ടെത്തിയതാണ്. ഇതു മറികടക്കാനായി മെഡിക്കൽ ബോർഡ് രൂപീകരണം ഉൾപ്പെടെയുള്ള നടപടികൾ  അന്നു തന്നെ ചെയ്തിരുന്നു. 2020ൽ ഫൊറൻസിക് പരിശോധനാഫലം ലഭിച്ചതിനു ശേഷമാണ് 4 കേസുകളിലും കുറ്റപത്രം സമർപ്പിച്ചത്. അന്നമ്മയുടെ മരണം ഡോഗ്കിൽ എന്ന വിഷവും മറ്റു 3 മരണങ്ങൾ സയനൈഡും മൂലമാണ് എന്നാണു 

റിട്ട.എസ്പി കെ.ജി.സൈമൺ അന്വേഷണ.സംഘത്തലവൻ

കുറ്റപത്രം.സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും മരണലക്ഷണങ്ങൾ വിശകലനം ചെയ്ത മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും ഇതു സാധൂകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com