പേരാമ്പ്ര ∙ മാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കാത്തതിനാൽ മലയോര മേഖലയിൽ പൊതുഇടങ്ങളിലടക്കം മാലിന്യങ്ങൾ കുന്നുകൂടുന്നു.
വീടുകളിൽ നിന്നു ഹരിത കർമസേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക്– അജൈവ മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കാൻ കഴിയാതെ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും സൂക്ഷിക്കുന്നത് കടുത്ത വേനൽ ചൂടിൽ പലസ്ഥലങ്ങളിലും തീപിടിത്തത്തിന് കാരണമായിട്ടുണ്ട്. ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലും മാലിന്യം കൂട്ടിയിട്ട നിലയിലാണ്.
കടിയങ്ങാട് അങ്ങാടിയിലും പാലേരി ഒറ്റക്കണ്ടം റോഡിലും മാലിന്യം കൂട്ടിയിടാൻ തുടങ്ങിയിട്ട് കാലങ്ങളായി. പേരാമ്പ്ര ടൗണിലെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. പഴയ മാർക്കറ്റിനുള്ളിലും ചെമ്പ്ര റോഡ് സൈഡിലെ റഗുലേറ്റഡ് മാർക്കറ്റിങ് കമ്മിറ്റിയുടെ സ്ഥലത്തും നിറയെ മാലിന്യമാണ്.
വീടുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വൃത്തിയാക്കിയ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങളും കുപ്പികളും സൂക്ഷിക്കുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുൻപ് ഗ്രാമ പ്രദേശങ്ങളിൽ സർക്കാർ നടപ്പിലാക്കിയ മിനി എംസിഎഫ് പൂർണമായും കാടുകയറി ഉപയോഗ ശൂന്യമായി മാറുകയും സ്ഥാപിച്ച സ്ഥലങ്ങൾ പൂർണമായും മാലിന്യ കൂമ്പാരമായി മാറുകയും ചെയ്തു.
കടിയങ്ങാട് കുറ്റ്യാടി റോഡിൽ പാലേരിയിൽ സ്ഥാപിച്ച മിനി എംസിഎഫ് പൂർണമായി കാടു പിടിച്ച നിലയിലാണ്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ പൂർണമായും ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഇല്ലാത്തതാണു പൊതു ഇടങ്ങളിലും പാതയോരത്തും മാലിന്യങ്ങൾ വലിച്ചെറിയാനും ഇവ കുന്നു കൂട്ടാനും കാരണം.