അടിയറയരുവികൾ ഒഴുകി വരുമ്പോൾ ...
Mail This Article
വടക്കെ വയനാട്ടിലെ പതിനേഴോളം ഗ്രാമക്ഷേത്രങ്ങളിൽ നിന്നും അടിയറവരവുകൾ വള്ളിയൂർക്കാവ് പതിനാലാം ദിനം ഒഴുകിയെത്തുന്നത് ഒരു കാഴ്ചയാണ്. അന്നുച്ചയോടെ എല്ലാ കാവുകളിൽ നിന്നും വള്ളിയൂർക്കാവിലേയ്ക്ക് എത്തുന്ന അടിയറ എഴുന്നള്ളത്തുകൾ ഈ ഉത്സവത്തിന്റെ ഏറ്റവും മനോഹരവും ഭക്തിനിർഭരരുമായ കാഴ്ചയാണ്. ഗജവീരന്മാരുടെ അകമ്പടിയോടെ, ചെണ്ട, തകിൽ മേളങ്ങളുടെ താളങ്ങളോടെ, താലമേന്തിയ സ്ത്രീജനങ്ങളുടെ നിരകളോടെ, ഇളനീർക്കാവിന്റെയും കാവടിയുടെയും താളത്തോടെ, അലങ്കരിച്ച വാഹനത്തിലെ വർണവെളിച്ച വിസ്മയങ്ങളോടെ, ആത്മീയനിറവോടെ സാംസ്കാരികതനിമയോടെ അടിയറ എഴുന്നള്ളത്തുകൾ .! നീർച്ചാലുകൾ ചേർന്ന് സമുദ്രമാകും പോലെ വള്ളിയൂർക്കാവ് ജനസാഗരമായി മാറുമപ്പോൾ ..!!
രാത്രികളിൽ അടിയറകൾ ദൂരക്കാഴ്ചയിൽ വലിയൊരു മാല പോലെയാണ് തോന്നുക. ദേവിക്ക് ചാർത്താൻ ഭക്തർത്തന്നെ മുത്തുകളായിമാറിയ ജീവിതഹാരം. ഓരോ അടിയറവരവിലും ആത്മീയതയും സംഘബോധവും സർഗാത്മകതയും ഇഴ ചേർന്നിരിക്കുന്നു. ഈ ജനസഞ്ചയത്തിൽ ജാതിമതവേർതിരിവുകൾ അപ്രത്യക്ഷമാകുന്നു.
നാൽക്കവലകളിലെല്ലാം ജാതി,മത വ്യത്യാസമില്ലാതെ അടിയറക്കാർക്ക് ദാഹജലം നൽകാൻ നാട്ടുകാർ തണ്ണീർപന്തലുകൾ തീർത്തിരിക്കും. റസിഡൻഷ്യൽ അസോസിയേഷനുകൾ, മഹല്ല് കമ്മറ്റികൾ, കുടുംബശ്രീകൾ, യുവജന രാഷ്ട്രീയസംഘടനകൾ എന്നിവരായിരിക്കും നേതൃത്വം . കാൽനട ഭക്തർക്ക് സംഭാരവും ചുക്കുകാപ്പിയും സ്നേഹവുമായി ഈ കാത്തുനിൽപ്പുകൾ എന്നുമുണ്ടാവട്ടെ…വർണഭംഗിയോടെയെത്തുന്ന അടിയറകൾ കാണാൻ 14 നു വൈകിട്ടോടെ മാനന്തവാടി ടൗൺ സജ്ജമാകും.. തിരക്കേറും.
ഓരോ അടിയറയിലേയും വാദ്യക്കാരും കാവടിക്കാരും നഗര ഹൃദയത്തിൽ അവരുടെ കഴിവിന്റെ പൂർണത സമർപ്പിക്കും.. മാനന്തവാടി മഹാ ആനന്ദവാടിയാകും..!കൊറോണ വരുത്തിയ സാമ്പത്തിക പ്രതിസന്ധി ആഘോഷച്ചെലവ് താങ്ങാനാവാത്ത വിധമാക്കിയിരിക്കുകയാണ്. ഗ്രാമീണക്ഷേത്രക്കമ്മറ്റികൾ ഇന്ന് ആശങ്കയിലാണ്. വർധിച്ച ഗതാഗതക്കുരുക്കിലുടെ യഥാസമയം അടിയറകൾ ക്ഷേത്രസന്നിധിയിൽ എത്തുക എന്നതും ഇന്നു വിഷമകരമാണ്.
നാടുണർത്തിയെത്തുന്ന അടിയറ വരവുകൾ ദേവീസന്നിധിയിൽ സംഗമിച്ച് ആറാട്ട് നടത്തും. ഇനി ആറാട്ടുതറയിലേക്ക് എഴുന്നള്ളതാണ്. ചിറ്റേച്ചിക്കടവിൽ ആറാട്ടും നടത്തി തിരികെ മേലേക്കാവിലൂടെ താഴെക്കാവിലെത്തുമ്പോൾ അവിടെ ഗ്രാമജനങ്ങളുടെ അരിചാർത്തൽ ,ഈടും കൂറും, സോപാന നൃത്തം, ഒപ്പന ദർശനം, വെടിക്കെട്ട്. അപ്പോഴേയ്ക്കും. മീനം 15 ആയിരിക്കും. ആ പുലർച്ചെയാണ് കോലം കൊറ (രുധിരകോലം ) എന്ന ചടങ്ങ്.
ദാരികനുമായി ഭഗവതി നടത്തിയ യുദ്ധത്തിന്റെ പ്രതീകാത്മക അവതരണത്തിൽ നന്മയുടെ മൂർത്തിയായ ഭഗവതി ജയിക്കും. ഭക്തർക്ക് അനുഗ്രഹങ്ങൾ നൽകും . രാവിലെ വാൾ തിരികെ പള്ളിയറയിലേയ്ക്ക് എഴുന്നള്ളിച്ച് പൂർവസ്ഥാനത്ത് എത്തിക്കും. വൈകിട്ട് ഒപ്പന തിരിച്ച് ചേരാംകോട്ടേയ്ക്കു കൊണ്ടുപോകുന്നതോടെ ആറാട്ട് മഹോത്സവം സമാപിക്കുന്നു. ഉത്സവം സമാപിച്ച് ഏഴാം ദിനമാണ് കൊടിയിറക്കം എന്നതും ശ്രദ്ധേയമാണ് അതെ ..,ആചാരങ്ങളും പരമ്പരാഗതചടങ്ങുകളും വിശ്വാസങ്ങളും മുത്തുകളും ചേർന്നുള്ള ആത്മീയ സംഗമമാണ് വളളിയൂർക്കാവ് ...!