മരം മുറിയിൽ പക്ഷപാതം: ഒപ്പം പൊലീസ് കേസും
Mail This Article
നാദാപുരം∙ വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും വീട്ടുകാർക്കുമെല്ലാം ഭീഷണിയായ തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ പിഡബ്ല്യുഡി അധികൃതരുടെ പിറകെ നടന്നാലും അവ മുറിച്ചു മാറ്റാനുള്ള അനുമതിയോ നടപടിയോ സ്വീകരിക്കാത്ത അധികൃതർ, ചില മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകുന്നത് ഞൊടിയിടയിൽ. വിഷ്ണുമംഗലം ഓത്തിയിൽ മുക്കിൽ റോഡിലേക്കു വീഴാൻ പരുവത്തിൽ നിൽക്കുന്ന കൂറ്റൻ മരം മുറിച്ചു കിട്ടാൻ പരിസര വാസികൾ ഏറെയായി അധികൃതരെ സമീപിക്കാൻ തുടങ്ങിയിട്ട്. ഈ മരം സൃഷ്ടിക്കുന്ന അപകടാവസ്ഥ മലയാള മനോരമ വാർത്ത നൽകിയതുമാണ്.
ചേലക്കാട് വില്യാപ്പള്ളി റോഡിൽ വാണിയൂർ പാലത്തിനോടു ചേർന്ന് 2 വൻ മരങ്ങൾ വീഴാൻ പരുവത്തിലാണ്. ഈ മരം മുറിക്കാനും അധികൃതരോട് ജനപ്രതിനിധികൾ അടക്കം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇതിനിടയിലാണ് നാദാപുരത്ത് പിഡബ്ല്യുഡി സ്ഥലത്ത് രണ്ടിടങ്ങളിൽ മരം മുറിച്ചതും രണ്ടും പൊലീസ് കേസിലെത്തിയതും.