അടി കിട്ടിയത് പഴം വിപണിക്ക്; പാളയം മാർക്കറ്റിൽ ഒരു ലോഡ് പോലും വരുന്നില്ല

kozhikode-Fruit-trade
കോഴിക്കോട് നഗരത്തിലെ പഴക്കച്ചവടം. ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ നിപ്പ ഭീതിയിൽ ജില്ലയിലെ പഴംവിപണി പ്രതിസന്ധിയിൽ. ഒരാഴ്ചയായി രോഗഭീതിയിൽ തുടരുന്ന ജില്ലയിൽ ആളുകൾ പഴം വാങ്ങുന്നത് നിർത്തിയതോടെ ദുരിതത്തിലായത് നൂറുകണക്കിനു കച്ചവടക്കാരും തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്. പഴംതീനി വവ്വാലുകളെന്നു വിളിപ്പേരുള്ള ഇനമാണ് നിപ്പ വൈറസ് പടർത്തുന്നതെന്നാണ് വിദഗ്ധർ പറഞ്ഞത്. എന്നാൽ, പുറത്തെ അന്തരീക്ഷതാപനിലയെ അതിജീവിക്കാൻ കഴിയാത്ത വൈറസ്  നിശ്ചിത സമയം മാത്രമേ നിലനിൽക്കൂ എന്നും ആരോഗ്യവിദഗ്ധർ പറഞ്ഞിട്ടുണ്ട്. വവ്വാൽ പേടിയിൽ പഴങ്ങൾ കഴിക്കുന്നത്‌ ഉപേക്ഷിക്കേണ്ടതില്ലെന്ന്‌ ആരോഗ്യ വിദഗ്‌‌ധർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും പഴം വിപണിയെ രോഗവ്യാപനം തളർത്തി. 

ജില്ലയുടെ വിവിധ മേഖലകളിലേക്ക് വിതരണത്തിനായി പാളയം മാർക്കറ്റിലാണ് വിവിധയിനം പഴങ്ങളുടെ ലോഡ് എത്താറുള്ളത്. ദിവസേന 70 മുതൽ 80 വരെ ലോഡ്‌ പഴവർഗങ്ങൾ എത്തുന്ന പാളയത്ത് രണ്ടുദിവസമായി ഒരു ലോഡുപോലും വരുന്നില്ലെന്നു തൊഴിലാളികൾ പറഞ്ഞു. ലോഡില്ലാത്തതിനാൽ തൊഴിലാളികൾ പണിയില്ലാതെ മടങ്ങേണ്ട സ്ഥിതിയാണ്. ഇതോടെ പാളയത്തെ നാനൂറോളം കയറ്റിറക്ക് തൊഴിലാളികളും കടകളിലെ തൊഴിലാളികളും പട്ടിണിയാവുന്ന സ്ഥിതിയുമാണ്. ഇപ്പോൾ കൈവശമുള്ള സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റുതീർക്കാനാണ് ഒട്ടുമിക്ക കച്ചവടക്കാരും ശ്രമിക്കുന്നത്. ഇതോടെ പഴങ്ങളുടെ വിലയും ഇടിഞ്ഞു. ഉന്തുവണ്ടി കച്ചവടങ്ങളും നിലച്ച മട്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS