6 മുതൽ 8 വരെ സെ.മീ. വലുപ്പമില്ലാത്ത മത്തി, ചെറു മീനുകളെ പിടിച്ചു ഏഴു വള്ളങ്ങൾ പിടികൂടി
Mail This Article
പയ്യോളി∙ തിക്കോടി ലാൻഡിങ് സെന്ററിൽ ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവയുടെ സംയുക്ത പരിശോധനയിൽ ചെറു മീനുകളെ പിടിച്ച ഏഴു വള്ളങ്ങൾ പിടികൂടി. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നതാണ് ഈ വള്ളങ്ങൾ. സർക്കാർ ഉത്തരവിലെ നിയമ പ്രകാരം 6 മുതൽ 8 വരെ സെ.മീ. വലുപ്പമില്ലാത്ത മത്തിയുമായാണ് വള്ളങ്ങൾ പിടിയിലായത്.
പിഴ അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കാൻ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും മത്സ്യബന്ധനത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബേപ്പൂർ ഫിഷറീസ് അസി.ഡയറക്ടർ വി.സുനീർ അറിയിച്ചു.
സംയുക്ത പരിശോധനയ്ക്ക് കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഒ.ആതിര, തീരദേശ പൊലീസ് എസ്‌സിപിഒ വിജേഷ്, മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് ഗാർഡ് ജിതിൻ ദാസ്, പൊലീസ് വാർഡൻ അഖിൽ, റെസ്ക്യു ഗാർഡുമാരായ സുമേഷ്, ഹമിലേഷ് എന്നിവർ നേതൃത്വം നൽകി.