ADVERTISEMENT

കോഴിക്കോട് ∙ നടപടികൾ പുരോഗമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ ടെൻഡർ ഏറ്റെടുക്കാൻ ഒടുവിൽ 5 കമ്പനികൾ രംഗത്ത്. 2 ഘട്ടങ്ങളായി ടെൻഡർ ഉറപ്പിക്കുന്ന പദ്ധതിയുടെ ടെക്നിക്കൽ ബിഡ് തുറന്നു പരിശോധന പൂർത്തിയായപ്പോഴാണ് രാജ്യത്തെ 5 കമ്പനികൾ അവശേഷിക്കുന്നത്. 7 പേരാണ് ടെൻഡർ സമർപ്പിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷമാണ് 2 പേരെ ഒഴിവാക്കിയത്. 

5 കമ്പനികൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമേ ഇവരുടെ കൊമേഴ്സ്യൽ ബിഡ് തുറക്കൂ. ഈ പരിശോധന തുടരുകയാണ്. ഇതു പൂർത്തിയാക്കി 10 ദിവസത്തിനകം കൊമേഴ്സ്യൽ ബിഡും തുറന്ന് ഒരു മാസത്തിനകം കരാർ ഉറപ്പിക്കാനാകുമെന്നാണു റെയിൽവേ അധികൃതരുടെ പ്രതീക്ഷ. റെയിൽവേ ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഈ നടപടികൾ. 

കരാർ നൽകിയാലും 4 മാസം കഴിഞ്ഞേ പ്രവൃത്തി തുടങ്ങൂ. നിർമാണ പ്രവൃത്തിക്ക് ആവശ്യമായ സാധനസാമഗ്രികൾ എത്തിക്കാനും മറ്റ് ഒരുക്കങ്ങൾക്കുമായി 120 ദിവസം അനുവദിക്കും. 444.75 കോടി രൂപ ചെലവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന പ്രവൃത്തികൾക്ക് റെയിൽവേയുടെ എറണാകുളം ചീഫ് എൻജിനീയർ (കൺസ്ട്രക്‌ഷൻ) ഓഫിസ് ആണ് മേൽനോട്ടം വഹിക്കുന്നത്. 

പ്ലാറ്റ്ഫോമുകളുടെ എണ്ണം വർധിക്കാത്തവികസനം

റെയിൽവേ സ്റ്റേഷനോടു ചേർന്ന 46 ഏക്കറും പ്രയോജനപ്പെടുത്തുന്ന പദ്ധതി രൂപരേഖയാണ് വികസന പദ്ധതിയുടെ ഭാഗമായി റെയിൽവേ തയാറാക്കിയിരിക്കുന്നത്. 5 നിലകളിലായി ഉയരുന്ന പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ യാത്രക്കാർക്കു ലഭിക്കുന്ന സൗകര്യങ്ങളും വർധിക്കും. കിഴക്കു ഭാഗത്ത് 5 നിലകളിലും പടിഞ്ഞാറുഭാഗത്ത് 6 നിലകളിലും മൾട്ടി ലവൽ പാർക്കിങ് സൗകര്യവും ഒരുക്കും. ഈ പാർക്കിങ് ഏരിയയിൽനിന്ന് യാത്രക്കാർക്ക് നേരിട്ട് പ്ലാറ്റ്ഫോമുകളിൽ എത്താം. 

അതോടൊപ്പം കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വലുപ്പം നിലവിലുള്ള 34,366 ചതുരശ്ര മീറ്ററിൽനിന്ന് 86,039 ചതുരശ്ര മീറ്ററായി വർധിക്കും. അതേസമയം പ്ലാറ്റ്ഫോമുകളുടെ എണ്ണം നാലിൽ നിന്നു വർധിക്കുന്നില്ലെന്ന ന്യൂനതയുമുണ്ട്. സ്റ്റേഷൻ കെട്ടിടത്തിൽ കട മുറികൾക്കും മറ്റുമായി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇപ്പോഴത്തെ 322 ചതുരശ്ര മീറ്റർ സ്ഥലസൗകര്യം 12,424 ചതുരശ്ര മീറ്ററായി വർധിക്കും. 2026 ഡിസംബറിനകം വികസനം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കേരളത്തിൽനിന്ന്  ഒറ്റ കമ്പനി

കേരളത്തിൽനിന്ന് ഒരേയൊരു കമ്പനിയാണ് കോഴിക്കോട് റെയിൽവേ വികസന പദ്ധതിയുടെ കരാറിനായി രംഗത്തുള്ളത്. ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിയാണിത്. ഒട്ടേറെ റെയിൽവേ വികസന പദ്ധതികൾ നടപ്പാക്കി പരിചയമുള്ളതാണ് ഈ കമ്പനി. കേരളത്തിൽനിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയും കെ റെയിലും (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) അവസാനനിമിഷം വരെ ടെൻഡർ സമർപ്പിക്കാൻ രംഗത്തുണ്ടായിരുന്നു.

ഇരുകൂട്ടരും സ്ഥലം പരിശോധിച്ച് വിശദമായി പദ്ധതി സംബന്ധിച്ച് പഠനം നടത്തിയിരുന്നു. എന്നാൽ ഒടുവിൽ പിന്മാറി. ടെൻഡർ സമർപ്പിച്ചവരിൽ ആദ്യഘട്ടത്തിൽ യോഗ്യത നേടിയ മറ്റു കമ്പനികൾ ഗുജറാത്ത്, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്.

പ്രവൃത്തി തുടങ്ങാൻ മാർഗരേഖ തയാർ

കരാർ ഉറപ്പിച്ചാൽ പ്രവൃത്തി ആരംഭിക്കാനാവശ്യമായ മാർഗരേഖ റെയിൽവേ നേരത്തെ തയാറാക്കിയിട്ടുണ്ട്. നിലവിലുള്ള കെട്ടിടങ്ങളിൽ 10% നിലനിർത്തി ബാക്കിയെല്ലാം പൊളിച്ചുനീക്കുന്ന പദ്ധതിയിൽ ആദ്യം ഏതു കെട്ടിടം പൊളിക്കണം, കാർ പാർക്കിങ് മാറ്റൽ തുടങ്ങിയവയെല്ലാമാണ് മാർഗരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കരാറുകാർ ഏറ്റെടുത്ത ശേഷമായിരിക്കും കെട്ടിടങ്ങളുടെയും മറ്റും അന്തിമ രൂപരേഖ തയാറാക്കുക.

ഇതിനു ചെന്നൈ ഐഐടി ഉൾപ്പെടെയുള്ള വിദഗ്ധ കേന്ദ്രങ്ങളിൽനിന്ന് അന്തിമാനുമതി ലഭിച്ച ശേഷമായിരിക്കും നിർമാണത്തിലേക്കു കടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com