പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം നിലച്ചു
Mail This Article
ചക്കിട്ടപാറ ∙ കെഎസ്ഇബി ആറ് മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപാദനം ഇന്നലെ മുതൽ പൂർണമായും നിലച്ചു. പദ്ധതിയുടെ ജലസ്രോതസ്സായ പെരുവണ്ണാമൂഴി ഡാമിൽ നിന്നു വെള്ളം ലഭിക്കാതായതോടെ മൂന്ന് മെഗാവാട്ടിന്റെ രണ്ട് മെഷീനുകളും പ്രവർത്തനം നിർത്തിവച്ചു.
കെഎസ്ഇബിയും ജലസേചന വകുപ്പ് ചീഫ് എൻജിനീയറും തമ്മിലുള്ള എഗ്രിമെന്റ് പ്രകാരം ജൂൺ മുതൽ സെപ്റ്റംബർ 30 വരെയാണ് ഡാമിൽ നിന്നു വൈദ്യുതി പദ്ധതിക്കു ജലം നൽകേണ്ടത്. തുടർന്നു നാലു ഷട്ടറുകളും അടച്ച് ഡാമിന്റെ പരമാവധി സംഭരണശേഷിയായ 43.510 മീറ്റർ കഴിഞ്ഞാൽ മാത്രമേ വൈദ്യുതി ഉൽപാദനത്തിനു ജലം നൽകൂ.
ഇന്നലെ ഡാമിലെ ജലനിരപ്പ് 38.40 മീറ്റർ ആയിരുന്നു. ഡാമിന്റെ സ്പിൽവേയിലൂടെ കുറ്റ്യാടിപ്പുഴയിലേക്ക് ജലം ഒഴുക്കുന്നുണ്ട്. ഡാമിൽ നിന്ന് അധിക ജലം പാഴാകുന്നതായി ആക്ഷേപം ഉയർന്നു.
സപ്പോർട്ട് ഡാം പ്രവൃത്തി നടക്കുന്നതിനാൽ ഇപ്പോൾ ഡാമിൽ 38.44 മീറ്ററാണ് ജലം സംഭരിക്കുന്നത്. ഇതിനു ശേഷമുള്ള വെള്ളം ഇപ്പോൾ പുഴയിലേക്ക് ഒഴുക്കുകയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷിയായ 43.510 മീറ്ററിനു ശേഷമേ വൈദ്യുതി ഉൽപാദനത്തിനു വെള്ളം നൽകുകയുള്ളൂവെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.