സിറ്റി ഗ്യാസ് പൈപ്‌ലൈൻ പദ്ധതി; ദേശീയപാതയിലെ തടസ്സങ്ങൾ ഗതാഗതത്തിനു ഭീഷണി
Mail This Article
നല്ലളം ∙ കെഎസ്ഇബി ചാർജിങ് സ്റ്റേഷനു സമീപം സിറ്റി ഗ്യാസ് പൈപ്‌ലൈൻ സ്ഥാപിക്കാൻ ദേശീയപാതയിൽ സ്ഥാപിച്ച തടസ്സങ്ങൾ നീക്കം ചെയ്യാത്തതു ഗതാഗതത്തിനു ഭീഷണി. വാൽവ് സ്ഥാപിക്കാൻ റോഡിൽ കുഴിയെടുത്തു മൂടിയിട്ടു ഒരുമാസം പിന്നിട്ടെങ്കിലും റോഡ് പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഇതിനാൽ വാഹന യാത്രക്കാർ പ്രയാസപ്പെടുകയാണ്. റോഡിന്റെ പകുതിയോളം ഭാഗത്ത് ബോർഡുകൾ വച്ചാണു വാൽവിന് കുഴിയെടുത്തത്. എന്നാൽ പണികൾ പൂർത്തിയായിട്ടും റോഡ് ടാറിങ് നടത്തി ഗതാഗതത്തിനു തുറന്നു നൽകിയിട്ടില്ല.
റോഡിന്റെ പകുതി ഭാഗത്തു കൂടിയാണ് ഇരുവശത്തേക്കും വാഹനങ്ങൾ പോകുന്നത്. ഇവിടത്തെ മുന്നറിയിപ്പ് ബോർഡുകൾ അലക്ഷ്യമായി കിടക്കുന്നത് അപകട സാധ്യത ഉയർത്തുന്നു. കഴിഞ്ഞമാസം ഇവിടെ ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു പേർക്കു പരുക്കേറ്റിരുന്നു. ആവശ്യമായ മുൻകരുതലുകൾ ഇല്ലാത്തതിനാൽ രാത്രി അപകടം പതിവാണ്. ഇതു ദേശീയപാതയിൽ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. റോഡിലെ അപകട ഭീഷണി മാറ്റണമെന്നാവശ്യപ്പെട്ടു നാട്ടുകാർ നല്ലളം പൊലീസിനെ സമീപിച്ചു.