കമ്പിളിപ്പാറ മലയിലെ ക്വാറിസമരം; പിന്തുണയുമായി കിസാൻ സഭയും
Mail This Article
വാണിമേൽ∙ കമ്പിളിപ്പാറ മലയിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകിയവർ സമീപ പ്രദേശമായ വിലങ്ങാട് ആലിമൂലയിൽ 4 വർഷം മുൻപു 4 പേരുടെ മരണത്തിനും കോടികളുടെ നഷ്ടത്തിനും ഇടയാക്കിയ ഉരുൾപൊട്ടൽ കാണാതിരിക്കരുതെന്നു സിപിഐ നേതാക്കൾ. ആദിവാസികൾ അടക്കം താമസിക്കുന്ന പ്രദേശത്തെ ഖനനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വലുതാണെന്നു നേതാക്കൾ പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, ലോക്കൽ സെക്രട്ടറി ജലീൽ ചാലിക്കണ്ടി, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് സി.കെ.ബാലൻ, മുൻ പഞ്ചായത്ത് അംഗം രാജു അലക്സ്, ടി.കെ.കുമാരൻ, ഫിലിപ് മാത്യു തുടങ്ങിയവരാണു ക്വാറിയിൽ എത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കിസാൻ സഭയുടെ പേരിലാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
രാവിലെ ക്വാറിയിൽ എത്തിയ കോൺഗ്രസ് നേതാക്കൾ ഖനന സ്ഥലത്ത് കൊടിയുയർത്തി. സംസ്ഥാന സർക്കാരാണ് ഖനനത്തിന് അനുമതി നൽകിയതെന്നും പഞ്ചായത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ മാത്രമേ സാധിക്കൂ എന്നും ബ്ലോക്ക് പ്രസിഡന്റ് ജമാൽ കോരങ്കോട്ട്, മണ്ഡലം പ്രസിഡന്റ് എൻ.കെ.മുത്തലിബ് എന്നിവർ പറഞ്ഞു. ഖനന വിരുദ്ധ സമരത്തിനു കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺ. പ്രസിഡന്റ് അനസ് നങ്ങാണ്ടി, മണ്ഡലം പ്രസിഡന്റ് ഡോൺ കെ.തോമസ്, യു.പി.ജയേഷ്കുമാർ, ലത്തീഫ് കുണ്ടിൽ, കെ.രാജൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
സമരക്കാരെ മർദിച്ച പൊലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി നേതാക്കളായ എം.എ.വാണിമേൽ, കളത്തിൽ അബ്ദുൽ ഹമീദ്, ടി.കെ.മമ്മു, ആർ.കെ.ഹമീദ്, ഒ.മുജീബ് റഹ്മാൻ എന്നിവരും സമര സമിതിക്ക് പിന്തുണ പ്രഖ്യാപിച്ചു ക്വാറിയിൽ കൊടിയുയർത്തി. സമര സമിതി നേതാക്കളായ കെ.അശോകൻ, റോബിൻ ജോസ് തുടങ്ങിയവർ പരിസരവാസികളുടെ ദുരിതം വിവരിച്ചു.