ADVERTISEMENT

കോഴിക്കോട്∙ മലയോരമേഖലയുടെ കരുത്തുറ്റ പ്രതിനിധി, സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്കൊപ്പം നിന്ന് എതിരാളിക്കൊരു പോരാളിയായി അക്ഷീണം പ്രയത്നിച്ച ജനനേതാവ്–അന്തരിച്ച സിറിയക് ജോൺ എക്കാലത്തും ഇങ്ങനെയാവും ഓർമിക്കപ്പെടുക. തനിക്കു നേരെന്നു തോന്നിയതു സാക്ഷാൽ ലീഡർ കെ.കരുണാകരനോടു പോലും നേർക്കുനേർ പറഞ്ഞു വേർപിരിയാൻ മടി കാണിക്കാത്ത തന്റേടി കൂടിയായിരുന്നു സിറിയക് ജോൺ. ആ പോരാളിയെ ആഴത്തിലറിഞ്ഞ ലീഡർ തന്നെ നേരിട്ടെത്തി രാഷ്ട്രീയ എതിരാളിയെ നേരിട്ട കാലവും സിറിയക് ജോണിനെ അറിയുന്നവരുടെ ഓർമയിലുണ്ട്.

കൃഷിമന്ത്രി എന്ന നിലയിൽ ചുരുങ്ങിയ നാളുകളാണ് അദ്ദേഹം പ്രവർത്തിച്ചതെങ്കിലും കർഷകർക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായി. പഞ്ചായത്തുകൾ തോറും കൃഷിഭവൻ, തിരുവങ്ങൂരിലെ കോക്കനട്ട് കോംപ്ലക്സ് തുടങ്ങിയവ സിറിയക് ജോണിന്റെ സംഭാവനകളായിരുന്നു. എന്നും താഴെത്തട്ടിലെ പാർട്ടിക്കാർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. കേരളത്തിലെ ആദ്യ എംഎൽഎ റോഡായ തിരുവമ്പാടി-തൊണ്ടിമ്മൻ അഗസ്ത്യൻമൂഴി റോഡ് യാഥാർഥ്യമായത് അദ്ദേഹത്തിന്റെ കാലത്താണ്. ആ റോഡാണ് ഇപ്പോൾ അഗസ്ത്യൻ മൂഴി കൈതപ്പൊയിൽ റോഡായി വികസിച്ചു കൊണ്ടിരിക്കുന്നത്. കട്ടിപ്പാറ ഓമശ്ശേരി ഉൾപ്പെട്ട പഴയ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ആയിരിക്കെ അദ്ദേഹം ചെയ്ത സേവനങ്ങൾ മലയോരജനത മറക്കില്ല. 

1982ൽ  കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ എ.കെ.ആന്റണിയുടെ പക്ഷത്തായി അദ്ദേഹത്തിന്റെ സ്ഥാനം. പാർട്ടിയിലുണ്ടായ ഭിന്നതകളെ തുടർന്നു കോൺഗ്രസ് വിട്ട സിറിയക് ജോൺ കുറച്ചു കാലം എൻസിപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് 2007ൽ കോൺഗ്രസിൽ തിരിച്ചെത്തി കെപിസിസി നിർവാഹക സമിതിയംഗമായി.

ഇന്ത്യൻ ജനതയുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും സാധിച്ചിട്ടില്ലെന്നു സിറിയക് ജോൺ‌ വിശ്വസിച്ചു. കോൺഗ്രസിനു നേരിട്ട ശക്തിക്ഷയമാണ് മറ്റു പാർട്ടികൾ വളമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം നിരന്തരം ചൂണ്ടിക്കാട്ടി. അതേസമയം, കോൺഗ്രസിന്റെ ഇനിയുള്ള മുന്നേറ്റത്തിന് മാറ്റങ്ങൾക്കനുസരിച്ചു പൊളിച്ചെഴുത്ത് അനിവാര്യമാണെന്നു തുറന്നുപറയാനും അദ്ദേഹം മടികാണിച്ചില്ല. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വാ റീത്ത് സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com