സംഗീതം വെളിച്ചമാക്കുന്നവർ, ജിജോയും ബിജുവും
Mail This Article
കോഴിക്കോട്∙ സംഗീതം വെളിച്ചമാക്കി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മനസ്സിനു കുളിർമ പകരുകയാണ് ആസ്റ്റർ മിംസ് ആശുപത്രിയിലെ 2 പേർ – എറണാകുളം സ്വദേശിയായ ജിജോ ജേക്കബും ഇടുക്കി സ്വദേശി സി.ജെ.ബിജുവും. ജന്മനാ കാഴ്ചയില്ലെങ്കിലും അതൊരു കുറവായി ഇരുവരും കണ്ടില്ല. മനസ്സിനു നൽകാവുന്ന ഏറ്റവും നല്ല മരുന്നാണ് സംഗീതം എന്ന തിരിച്ചറിവിലൂടെ അവർ സഞ്ചരിച്ചു. അകക്കണ്ണിന്റെ വെളിച്ചത്തിൽ പഠിച്ചെടുത്ത രാഗങ്ങളുടെ സഹായത്തോടെ രോഗികൾക്ക് ആശ്വാസം പകരുകയാണ് അവരിപ്പോൾ. ആസ്റ്റർ മിംസ് ആശുപത്രിയുടെ പേഷ്യന്റ് ഡിലൈറ്റ് എന്ന പദ്ധതിയുടെ ഭാഗമായി സർവീസ് എക്സലൻസ് ഡിപ്പാർട്മെന്റിന്റെ കീഴിലാണ് കഴിഞ്ഞ ഒരു വർഷമായി ഇവർ രോഗികൾക്ക് ഗാനശുശ്രൂഷയേകുന്നത്.
ഓർഗനും ഗിറ്റാറും ഓടക്കുഴലുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഇവരുടെ പ്രകടനത്തിൽ ആശുപത്രി സന്ദർശിക്കുന്ന ആളുകളും സന്തുഷ്ടർ.ദേശീയതലത്തിലടക്കം മികച്ച പ്രകടനം കാഴ്ചവച്ച കേരള വീൽ ചെയർ ക്രിക്കറ്റ് താരം വി.ഗോകുൽ ഉൾപ്പെടെ ഒട്ടേറെ ഭിന്നശേഷിക്കാരായ ആളുകളാണ് ആസ്റ്റർ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നത്. ആശുപത്രി ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന യൂണിറ്റിലും ലിഫ്റ്റിലും ബില്ലിങ് വിഭാഗത്തിലുമടക്കം 17 ജീവനക്കാരാണ് കോഴിക്കോട് ആസ്റ്റർ മിംസിലുളളത്. ഭിന്നശേഷിക്കാരായ ആളുകളെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ ഒരു ശതമാനം ആളുകൾ ഭിന്നശേഷിക്കാരാവണം എന്ന ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ആസാദ് മൂപ്പന്റെ തീരുമാനമാണ് ഇതിനു പിന്നിൽ.