ഒറ്റ രാത്രി; ആനക്കൂട്ടം വരുത്തിയത് ലക്ഷങ്ങളുടെ കൃഷിനാശം
Mail This Article
നാദാപുരം∙ ശനിയാഴ്ച അർധരാത്രി കഴിഞ്ഞു കാട്ടാനക്കൂട്ടം താണ്ഡവമാടിയത് വിലങ്ങാട് അങ്ങാടിയിൽനിന്ന് 3 കിലോ മീറ്റർ മാത്രം അകലെയുള്ള പാലൂർ പള്ളി പരിസരത്ത്. പകൽ പള്ളിയിലും പരിസരങ്ങളിലുമായി ഏറെ പേർ ഉണ്ടാകുമായിരുന്ന പാലൂരിൽ നിന്ന് നേരം പുലരും മുൻപ് ആനക്കൂട്ടം കൃഷിയിടം വിട്ടതായാണ് കരുതുന്നത്. ലക്ഷക്കണക്കിനു രൂപയുടെ കൃഷി നഷ്ടമാണ് ആനക്കൂട്ടമുണ്ടാക്കിയത്. 2 വർഷം മുൻപും ഇതേ സ്ഥലത്ത് ആനകളിറങ്ങി നഷ്ടമുണ്ടാക്കിയിരുന്നു.
കണ്ണവം വനത്തിൽ നിന്ന് പുഴ കടന്നാണ് ഇത്തവണ ആനക്കൂട്ടം എത്തിയത്. വനത്തിലടക്കം ശനിയാഴ്ച രാത്രി നല്ല മഴ പെയ്തിരുന്നു. മിന്നലും ഇടിയും കൂടിയായതോടെ ആനകൾ ഭയന്നോടി കൃഷിയിടത്തിൽ എത്തിപ്പെട്ടതാകാം എന്നാണ് അനുമാനം. മുൻപ് വിലങ്ങാട് അങ്ങാടിയുടെ ഒന്നര കിലോ മീറ്റർ അടുത്തു വരെ കാട്ടാനക്കൂട്ടം എത്തിയ സംഭവങ്ങളുണ്ട്. പടക്കം പൊട്ടിച്ചും പന്തം കത്തിച്ചുമൊക്കെയാണ് കാട്ടാനാക്കൂട്ടത്തെ കർഷകർ നേരിടാറ്. ഇതിനു രാത്രി കാവലിരിക്കണം.