കാലത്തിന്റെ മാറ്റത്തോടൊപ്പം സിനിമാ ഗാനങ്ങളിലും മാറ്റം വരും: എം.ജയചന്ദ്രൻ
Mail This Article
വടകര∙ കാലത്തിന്റെ മാറ്റത്തോടൊപ്പം സിനിമാ ഗാനങ്ങളിലും മാറ്റം വരുമെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. പഴയത് എന്നോ പുതിയത് എന്നോ പാട്ടുകൾ തരം തിരിക്കുന്നതിൽ കാര്യമില്ല. പഴയ ഗാനങ്ങൾക്കൊപ്പം തന്നെ പുതിയ ഗാനങ്ങളും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാട്ടുകൾ മോശമാണ് എന്ന് തോന്നുന്നത് പഴയ പാട്ടുകൾ മാത്രം കേൾക്കുന്നത് കൊണ്ടാണ്. പുതിയ പാട്ടുകൾ കൂടുതലായി കേൾക്കാൻ തയാറായാൽ പാട്ടുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാവുമെന്നും എം.ജയചന്ദ്രൻ പറഞ്ഞു. വടകരയിൽ നടക്കുന്ന കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംഗീത സംവാദത്തിൽ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു എം.ജയചന്ദ്രൻ. ഗായകൻ വി.ടി.മുരളി സംവാദത്തിൽ ഒപ്പം പങ്കെടുത്തു. ഒ.കെ.വിനോദ്കുമാർ, പി.കെ.പ്രീത എന്നിവർ പ്രസംഗിച്ചു.
കഥയുടെ വർത്തമാനം എന്ന വിഷയത്തിൽ എസ്.ഹരീഷ്, ജി.ആർ.ഇന്ദുഗോപൻ, പുതിയ കാലത്തിന്റെ കവിതയെ കുറിച്ച് എസ്.ജോസഫ്, വീരാൻകുട്ടി, പി.പി.രാമചന്ദ്രൻ എന്നിവരും സാഹിത്യത്തിലെ ആത്മീയത എന്നതിനെ കുറിച്ച് ആഷ മേനോൻ, കെ.വി.സജയ് എന്നവരും പ്രസംഗിച്ചു. ഗാന്ധിജി ഒരു പുനഃസന്ദർശനം എന്ന വിഷയത്തിൽ ഡോ.സുനിൽ പി.ഇളയിടം, ആർ.ഷിജു, ലിംഗസമത്വത്തിന്റെ വർത്തമാനം എന്ന വിഷയം സുജ സൂസൻ ജോർജ്, ബിന്ദു കൃഷ്ണ, ഡോ.എം.ഹരിപ്രിയ, ഡോ.എം.ജി.മല്ലിക, നിർമിത ബുദ്ധിയും സാഹിത്യവും എന്നത് സംബന്ധിച്ച് ഡോ.ദാമോദർ പ്രസാദ്, ഡോ.എച്ച്.കെ.സന്തോഷ്, ഷിബിത എന്നിവരും പ്രസംഗിച്ചു. പുതിയ കാലത്തിന്റെ കവിത എന്നതിനെ കുറിച്ച് ഇ.സന്ധ്യ, ഷീജ വക്കം, സുഷമ ബിന്ദു, ചിത്തിര കുസുമൻ, രജില സജി, കെ.പി.സീന, ഡോ. പി.ലക്ഷ്മി എന്നിവർ സംസാരിച്ചു. മഞ്ജുളൻ അവതരിപ്പിച്ച സോളോ ഡ്രാമ അരങ്ങേറി.