ADVERTISEMENT

കോഴിക്കോട്∙ അപ്രതീക്ഷിതമായി കടന്നു വന്ന ക്ലൈമാക്സ്. മലബാറിലെ ചലച്ചിത്ര– സാഹിത്യ– സാംസ്കാരിക കൂട്ടായ്മകളിലെ നിറസാന്നിധ്യവും സംഘാടകനും ചലച്ചിത്ര പ്രവർത്തകനുമായ റഹീം പൂവാട്ടുപറമ്പ് ഓർമയായെന്നു വിശ്വസിക്കാൻ സാംസ്കാരിക പ്രവർത്തകർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. റഹീമിന്റെ നേതൃത്വത്തിൽ 18ന് അക്ഷരം പുരസ്കാരദാന സമ്മേളനം നടത്താനിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.

പത്രപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായാണു റഹീം പൂവാട്ടുപറമ്പ് ജീവിതം തുടങ്ങിയത്. മൊയ്തു മൗലവി പത്രാധിപർ ആയിരുന്ന അൽ അമീൻ പത്രത്തിന്റെ റിപ്പോർട്ടറായാണ് പതിനെട്ടാം വയസ്സിൽ റഹീം ജോലിയിൽ പ്രവേശിച്ചത്. 20 വർഷത്തോളം കേരള ടൈംസ് പത്രത്തിന്റെ ജില്ലാ ലേഖകനായി.  വിവിധ സിനിമാ മാസികകളുടെ എഡിറ്ററായി. 40 വർഷത്തോളം സജീവ പത്രപ്രവർത്തകനായിരുന്നു. 

ബഷീറിനെ സിനിമയിലെത്തിച്ച റഹീം
പ്രേംനസീറിന്റെ അവസാന സിനിമയായ ധ്വനിയുടെ പിആർഒ റഹീം പൂവാട്ടുപറമ്പായിരുന്നു. മഞ്ഞളാംകുഴി അലി നിർമിച്ച് എ.ടി.അബു സംവിധാനം ചെയ്ത ധ്വനിയിലേക്ക് നസീറിന് അഡ്വാൻസ് കൊടുക്കാൻ ഇരുവർക്കുമൊപ്പം റഹീമും പോയിരുന്നു. ചിത്രത്തിലെ ഒരു രംഗത്ത് ആശുപത്രിയിൽ കിടക്കുന്ന പത്രാധിപരെ കാണാൻ ഒരു സാഹിത്യകാരൻ വരണം. ഒരു നടനെ കൊണ്ടുവന്ന് അഭിനയിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒരു സാഹിത്യകാരനെത്തന്നെ കൊണ്ടു വരുന്നതാണെന്നു റഹീമും നവാസ് പൂനൂരും എ.ടി.അബുവിനോടു പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ ബേപ്പൂരിലെ വീട്ടിലുണ്ട്. അദ്ദേഹത്തെ ക്ഷണിക്കാമെന്നു പറഞ്ഞതും റഹീം തന്നെ. ബഷീർ അവരുടെ നിർബന്ധത്തിനു വഴങ്ങി.  ബഷീർ അഭിനയിച്ച ഏക സിനിമയാണ് ധ്വനി. 

പ്രേംനസീറും രാഷ്ട്രീയവും
 കേരള ടൈംസ് പത്രത്തിന്റെ ലേഖകനായിരിക്കെ പ്രേംനസീറിന്റെ അഭിമുഖം നടത്താനുള്ള അവസരം റഹീം പൂവാട്ടുപറമ്പിനു ലഭിച്ചു. നസീറിന്റെ രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹം റഹീമിനോടു പങ്കുവച്ചത്. രാഷ്ട്രീയത്തിലേക്ക് നസീർ വരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ പുറത്തുവന്ന അഭിമുഖം നസീറിന്റെ രാഷ്ട്രീയനിലപാടുകൾ തുറന്നു കാണിച്ചു. പിന്നീടങ്ങോട്ട് നസീറും റഹീമും അടുത്ത സുഹൃത്തുക്കളായി.

അക്ഷരത്തിന് മുൻപൊരു  പൂർണവിരാമം
ജീവിതം ഉത്സവമാക്കി ആഘോഷിക്കുന്ന കോഴിക്കോടൻ സൗഹൃദങ്ങളുടെ ഉദാഹരണമായിരുന്നു റഹീം പൂവാട്ടുപറമ്പിന്റെ ജീവിതം. മലയാള സിനിമയുടെ നവതി, ബാലൻ സിനിമയുടെ 75ാം വാർഷികം, കണ്ടംബെച്ച കോട്ട് സിനിമയുടെ സുവർണ ജൂബിലി, പ്രേംനസീർ നവതി, ബഷീർ സ്മരണാഞ്ജലി തുടങ്ങിയ പരിപാടികളുടെ സംഘാടകനായിരുന്നു. ലയൺസ് ക്ലബ്, റോട്ടറി ക്ലബ് തുടങ്ങി വിവിധ സംഘടനകൾക്കായി അറുപതിലധികം താരോത്സവങ്ങൾ അദ്ദേഹം നടത്തി. 

 സിനിമയിൽ പിആർഒ ആയും പ്രൊഡക്‌ഷൻ കൺട്രോളറായും ജോലി ചെയ്തു. പൂനിലാവ്, സുഖവാസം, ചേനപ്പറമ്പിലെ ആനക്കാര്യം, പ്രിയങ്കരി, വൃന്ദാവനം തുടങ്ങിയ സിനിമകൾക്കു കഥയെഴുതി.

മലയാള സിനിമയുടെ ചരിത്രം വിവരിച്ചുകൊണ്ട് അദ്ദേഹം സംവിധാനം ചെയ്ത ‘മലയാള സിനിമയുടെ പുന്നാരനാട്’  വിഡിയോ ആൽബം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. അഖില കേരള കലാ സാഹിത്യ സാംസ്കാരിക രംഗത്തിന്റെ അക്ഷരം പുരസ്കാര ചടങ്ങുകളുടെ പ്രധാന സംഘാടകനാണ് റഹീം പൂവാട്ടുപറമ്പ്. ഇത്തവണത്തെ പുരസ്കാരങ്ങൾ ഈ മാസം 18ന് നൽകാനിരിക്കെയാണ് അദ്ദേഹം ഓർമയായത്. 

മരണശേഷം ശരീരം മെഡിക്കൽ കോളജിനു വിട്ടുനൽകാനുള്ള സമ്മതപത്രം 18 വർഷം മുൻപേ എഴുതി ഒപ്പിട്ടു നൽകിയ മനുഷ്യനാണ് റഹീം പൂവാട്ടുപറമ്പ്.

അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്കാരിക  ലോകം
വൈകിട്ട് ടൗൺഹാളിലും തുടർന്ന് ചെറൂപ്പയിലെ വീട്ടിലും നടന്ന പൊതുദർശനത്തിൽ എം.കെ.രാഘവൻ എംപി, സംവിധായകൻ വി.എം.വിനു, തിരക്കഥാകൃത്ത് ശത്രുഘ്നൻ, സാഹിത്യകാരി കെ.പി.സുധീര, നിർമാതാവ് ഷെർഗ സന്ദീപ്, പുരുഷൻ കടലുണ്ടി, ടി.വി.ബാലൻ, സംവിധായകൻ പി.കെ.ബാബുരാജ്, പിആർഡി ഡപ്യൂട്ടി ഡയറക്ടർ കെ.ടി.ശേഖർ, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, ഗിരീഷ് ആമ്പ്ര, എം.എ.നാസർ, കെ.സലാം, അനീസ് ബഷീർ തുടങ്ങി  ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com